2012, ജൂൺ 18, തിങ്കളാഴ്‌ച


മുര്‍സി അധികാരത്തിലേക്ക്‌

Monday, June 18th, 2012
mursi01
ഈജിപ്ഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റ് ആയി മുഹമ്മദ് മൂര്‍സി തെരഞ്ഞെടുക്കപ്പെട്ടതായി ഇഖ്‌വാന്‍ അവകാശപ്പെട്ടു. മൂര്‍സിയുടെ വിജയം പ്രഖ്യാപിച്ച് ഇഖ്്‌വാന്‍ തെരെഞ്ഞെടുപ്പ് കാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ അഹ്്മദ് അബ്്ദുല്‍ ആത്വി ഇന്ന് രാവിലെ പത്ര സമ്മേളനം നടത്തുകയുണ്ടായി. ആനന്ദത്തില്‍ കണ്ണീര്‍ വാര്‍ത്ത് കൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. 52% ഏകദേശം 13,237000 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചെന്നും അദ്ദേഹം വിശദമാക്കി. തങ്ങളുടെ സ്ഥാനാര്‍ത്ഥി രാഷ്ട്രത്തിന്റെ പ്രസിഡന്റല്ല മറിച്ച് ജനങ്ങളുടെ വിഷമങ്ങള്‍ ഏറ്റെടുക്കുന്നവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. മുഹമ്മദ് മൂര്‍സിക്ക് വോട്ട് ചെയ്ത ഈജിപ്ഷ്യന്‍ ജനതയെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ പോളിംഗ് ബൂത്തുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും വിവരം ശേഖരിച്ചാണ് ഇഖ്‌വാന്‍ വിജയ പ്രഖ്യാപനം നടത്തിയത്. അതിനാല്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കില്‍ പോലും പ്രസ്തവാന ആധികാരികമാണെന്ന് വ്യക്തമാവുന്നു. അതേ സമയം പ്രതിയോഗിയായ ശഫീഖിന്റെ പാര്‍ട്ടി ഇതിനോട് പ്രതികരിച്ചില്ല. ലോക പ്രശസ്ത ചാനലുകളായ സി എന്‍ എന്‍, ബി ബി സി, അല്‍ ജസീറ തുടങ്ങിയവ പ്രസ്തുത വാര്‍ത്ത വളരെ പ്രാധാന്യത്തോട് കൂടി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈജിപ്ഷ്യന്‍ ഇലക്ഷന്‍ ഹൈകമ്മീഷന്‍ അംഗം റോബര്‍ട്ട്‌സും മൂര്‍സിയുടെ വിജയം സ്ഥിരീകരിക്കുകയുണ്ടായി.
വിവധങ്ങളായ ഉറവിടങ്ങളില്‍ നിന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മൂര്‍സി, ശഫീഖിനെക്കാള്‍ മികച്ച ഭൂരിപക്ഷം നേടിയതായാണ് വ്യക്തമാവുന്നത്. ഫല പ്രഖ്യാപനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ മൂര്‍സി ഈജിപ്ഷ്യന്‍ ജനതക്ക് നന്ദി പറഞ്ഞു. ജനങ്ങള്‍ മുഖേനയാണ് ഈജിപ്തിന് സ്വാതന്ത്ര്യം കരഗതമായതെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനും വികസനത്തിനും, പുരോഗതിക്കും വേണ്ടി അവര്‍ ഒന്നിച്ച് നില്‍ക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 'ഞാന്‍ നിങ്ങളോട് കടപ്പെട്ടവനും സേവകനുമാണ്' എന്നാണ് അദ്ദേഹം വികാരനിര്‍ഭരമായി പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല: