2011, മാർച്ച് 21, തിങ്കളാഴ്‌ച

വിവര സാങ്കേതിക വിദ്യയുടെ……..


പുതിയ തലമുറ ഒട്ടും പോളിറ്റിക്കലല്ല എന്ന ആരോപണം മുതിര്‍ന്നവര്‍ക്ക് ഇനി അത്ര എളുപ്പത്തില്‍ ഉന്നയിക്കാനാവില്ല. തുനീഷ്യയില്‍ നിന്ന് തുടങ്ങി ഈജിപ്തിലൂടെ പടരുന്ന, എകാധിപത്യത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ രൂപവും ശൈലിയും പുതിയ തലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനാനെന്നു അടിവരയിടുന്നു. തങ്ങള്‍ ജീവിക്കുന്ന അയഥാര്‍ത്ഥ ലോകത്തിന്‍റെ സാധ്യതകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഉപകരണങ്ങളാക്കി മാറ്റി, ഈ തലമുറ ഭൂമിയില്‍ നിലനില്‍ക്കാനുള്ള തങ്ങളുടെ കഴിവും അര്‍ഹതയും തെളിയിക്കുമ്പോള്‍, ഈജിപ്ത്യന്‍ വിപ്ലവത്തിന് യൂത്ത്‌ റിവോള്‍ട്ട് എന്ന് കൂടി പേര് വീഴുകയാണ്.


വിവര സാങ്കേതികവിദ്യ ഒരുക്കുന്ന കെണികളില്‍ കുരുങ്ങി പൊലിഞ്ഞ് തീരുന്നവര്‍ എന്നാണ്  മുതിര്‍ന്നവര്‍ സഹതാപം കലര്‍ന്ന ഭാഷയില്‍ ഏറ്റവും ഇളം തലമുറയെ വിശേഷിപ്പിക്കുന്നത്. ആ ഇളം തലമുറയാണ് ഉജ്ജ്വലമായ ഒരു പ്രക്ഷോഭത്തെ തങ്ങളുടെ ലോകത്തിലെ സങ്കേതങ്ങളുപയോഗിച്ച് നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്.

വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെ സാംസ്കാരികമായും രാഷ്ട്രീയപരമായും പ്രോയോജനപ്പെടുത്താന്‍ നിരവധി വഴികലുന്ടെന്ന് അഭിപ്രായപ്പെടുന്ന ധാരാളം ആളുകള്‍ ലോകത്തുണ്ട്. എന്നാല്‍ അവരെയൊക്കെ അമ്പരപ്പിക്കുംവിധമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും പുതിയ കമ്മ്യൂണിക്കേഷന്‍ ഉപാധികളും ഇപ്പോഴത്തെ പ്രക്ഷോഭത്തില്‍ ഉപയോഗപ്പെടുത്തപ്പെട്ടത്‌. ഒരു പക്ഷെ, മദ്ധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും രാഷ്ട്രീയഭൂപടം തന്നെ മാറ്റിവരച്ചേക്കാവുന്ന ഈ പ്രക്ഷോഭത്തില്‍ വിവര സാങ്കേതികവിദ്യ തന്നെയാണ് താരം.

1980 മുതല്‍ ഈജിപ്ത് അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ഹുസ്നി മുബാറക്കിനോടുള്ള പ്രതിഷേധമാണ് വിപ്ലവത്തിന് കാരണമാവുന്നത്. ഇതിനിടയില്‍ നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും വ്യാപകമായ കൃത്രിമം കാണിച്ച് മുബാറക്ക് തന്‍റെ അധികാരം നിലനിര്‍ത്തുകയായിരുന്നു. അഴിമതിയിലും തോഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും ആണ്ട് പോയ ഈജിപ്ഷ്യന്‍ ജനത മുബാറക്കിന്‍റെ  ഏകാധിപത്യ ഭരണത്തില്‍ ഏറെ അസ്വസ്ഥരായിരുന്നു. ഇതിനിടയില്‍ ദേശീയ പോലീസ്‌ ദിനമായ ജനുവരി 25-ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ഏപ്രില്‍ 6 യൂത്ത്‌ മൂവ്മെന്‍റ് ആഹ്വാനം ചെയ്യുന്നതോടെയാണ് വിപ്ലവം ആരംഭിക്കുന്നത്.

2008 ഏപ്രില്‍ 6 -ന് ഒരു സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച അല്‍മഹല്ല അല്‍-കുബ്ര എന്ന വ്യവസായ നഗരത്തിലെ തൊഴിലാളികളെ പിന്‍തുണക്കുന്നതിനായി രണ്ട് യുവാക്കള്‍ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ ഫയ്സ്ബുക്ക്‌ ഗ്രൂപ്പാണ് ഏപ്രില്‍ 6യൂത്ത്‌ മൂവ്മെന്‍റ്. സംഘടനാ സ്വഭാവമോ ഓഫീസോ നേതൃത്വമോ ഇല്ലാത്ത ഈ അയഥാര്‍ത്ഥ സംഘടനക്ക് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. ഏറ്റവും ചലനാത്മകമായ സംവാദങ്ങള്‍ (Dynamic Debates) നടക്കുന്ന ഈ ഗ്രൂപ്പിനെപോളിറ്റിക്കള്‍ ഫെയ്സ്ബുക്ക്‌ ഗ്രൂപ്പ്‌ എന്നാണു ദ ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തിയത്. 2009 ജനുവരിയില്‍ തന്നെ ഏപ്രില്‍ 6യൂത്ത്‌ മൂവ്മെന്‍റ് മെമ്പര്‍മാരായി 70,000-ലധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇവരില്‍ മഹാഭൂരിഭാഗവും മുന്‍പ്‌ യാതൊരു സ്വഭാവത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരായിരുന്നില്ല എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഈ ഗ്രൂപ്പിന്‍റെ പ്രധാന അജണ്ട സ്വതന്ത്രമായ ആശയ വിനിമയത്തിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും ഗവണമേന്ടിന്‍റെ പക്ഷപാതപരമായ പ്രവര്‍തനങ്ങള്‍ക്കെതിരെയും സംസാരിക്കുക എന്നതായിരുന്നു. രാഷ്ട്രത്തിന്‍റെ സാമ്പത്തിക അസ്ഥിരതയും അവര്‍ മുഖ്യചര്‍ച്ചാ വിഷയമാക്കി. ഫേസ്‌ബുക്കിലുള്ള അവരുടെ ചര്‍ച്ചാവേദി തീ പാറുന്ന വാഗ്വാദങ്ങളാല്‍ സജീവമാണ്..

ഏപ്രില്‍ 6 യൂത്ത്‌ മൂവ്മെന്‍റ് ആഹ്വാനത്തെതുടര്‍ന്നു ജനുവരി 25ന് ഈജിപ്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ ഒരുമിച്ചുകൂടി. ക്രമേണ നാട്ടിലെ സാധാരണക്കാരും ഈ റാലികളില്‍ പങ്കുചേരാന്‍ എത്തിയപ്പോള്‍ ഈജിപ്ത് കണ്ട ഏറ്റവും വലിയ ജനാധിപത്യ-രാഷ്ട്രീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയായിരുന്നു. ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ഈ മുന്നേറ്റത്തിന്‍റെ വിവരങ്ങള്‍ അറിയുവാന്‍ സമരത്തില്‍ പങ്കെടുക്കാനായി തെരുവിലിറങ്ങുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല: