2011, മാർച്ച് 19, ശനിയാഴ്‌ച

മുസ്ലിം യൂത്ത് ലീഗിന്റെ ധാര്‍മിക വിപ്ളവം!

"ഭീകരമായ മദ്യാസക്തിയുടെയും മയക്കുമരുന്നിന്റെയും ചൂതാട്ടത്തിന്റെയും പണമിരട്ടിപ്പ് സംഘങ്ങളുടെയുമെല്ലാം വലക്കണ്ണികള്‍ക്കുള്ളിലാണ് കേരളത്തിലെ യൌവനമിപ്പോള്‍. ഈ യാഥാര്‍ഥ്യത്തിനു നേരെ മുഖം തിരിച്ചിട്ട് ഒരു കാര്യവുമില്ല. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും പല യുവജന പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആരുടെയും മെഗാഫോണ്‍ ആവാത്ത, സമൂഹത്തോട് പ്രതിബദ്ധതയുള്ള പുതിയ നേതൃനിര ഉയര്‍ന്നുവരാതെ ഇതിനൊന്നും പരിഹാരമാവില്ല. വെട്ടിപിടിക്കാനും നേടിയെടുക്കാനും മാത്രമല്ല, നഷ്ടപ്പെടുത്താനും ത്യജിക്കാനും മനസ്സുറപ്പുള്ള ഒരു നേതൃത്വമാണ് യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഇന്നാവശ്യം.


ഈ സാമൂഹികാന്തരീക്ഷത്തിനിടയിലും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് പൊതുസമൂഹത്തിനിടയില്‍ ശക്തമായൊരിടം യൂത്ത് ലീഗീനുള്ളത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലത് ദൃശ്യമായതാണ്. മത തീവ്രവാദ സംഘടനകളുടെ വോട്ട് രാഷ്ട്രീയം ഊതിവീര്‍പ്പിച്ച ഒരു കുമിള മാത്രമാണെന്ന് തെളിയിക്കാന്‍ യൂത്ത് ലീഗും വലിയ പങ്കാണ് വഹിച്ചത്. മത തീവ്രവാദ സംസ്കാരത്തിനെതിരെ ഏറെ കാലമായി ഞങ്ങള്‍ നടത്തിവന്നിരുന്ന സന്ധിയില്ലാ പോരാട്ടത്തിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു അത്.

മതേതര രാഷ്ട്രീയ സംസ്കാരം വരണമെന്നത് ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന ആവശ്യമാണ്. നമ്മുടെ ദൌര്‍ബല്യങ്ങള്‍ തിരിച്ചറിയാന്‍ കണ്ണും കാതും തുറന്ന് കാത്തിരിക്കുന്ന മത തീവ്രവാദ സംഘടനകളുണ്ട്. തെരഞ്ഞെടുപ്പ് വേളകളില്‍ ഇവര്‍ ചിലപ്പോള്‍ പരസ്യമായി രംഗത്തുവരും. മറ്റു ചിലപ്പോള്‍ രഹസ്യ വേഷത്തില്‍ സഹായ വാഗ്ദാനവുമായി രംഗത്ത് വരും. ഈ തന്ത്രം പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. അതുകൊണ്ടുതന്നെ, മതത്തിന്റെ മറവില്‍ തീവ്രവാദവും ഭീകരതയും വളര്‍ത്തുന്നവര്‍ക്കെതിരെ ഐക്യനിര ഉയര്‍ത്തിയേ മതിയാവൂ''- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി (കേരള ശബ്ദം, 2011 ജനുവരി 23). പ്രതികരണം?

സ്വപ്നങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും നികുതി ചുമത്താത്തേടത്തോളം കാലം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിന് ഇതിലപ്പുറവും പറയാം. എന്നാല്‍, യാഥാര്‍ഥ്യവുമായി അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക് വിദൂര ബന്ധം പോലുമില്ലെന്ന് എല്ലാം നോക്കിക്കാണുന്ന ജനങ്ങള്‍ക്കറിയാം. മദ്യാസക്തി, മയക്കുമരുന്ന് ഉപയോഗം, ചൂതാട്ടം, പണമിരട്ടിപ്പ്, തട്ടിപ്പ് തുടങ്ങി പെണ്‍വാണിഭം വരെ സമൂഹത്തെ വ്യാപകമായി ദുഷിപ്പിച്ചുകഴിഞ്ഞ ജീര്‍ണതകളില്‍ നിന്ന് നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമുദായവും മുക്തമല്ല. ആ സമുദായത്തെ അപ്പടി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന് സംസ്കരണത്തിന്റേതായ അജണ്ടയോ പരിപാടികളോ ഇല്ല. പകരം, വോട്ട് രാഷ്ട്രീയത്തില്‍ മാത്രമാണ് ലീഗിന്റെ നോട്ടം. സംസ്കരണച്ചുമതല പാര്‍ട്ടിയുടെ ചിറകിനടിയിലെ മതസംഘടനകളെ ഏല്‍പിച്ചുവെന്നാണ് നാട്യം. മതസംഘടനകളോ? ഒരു വശത്ത് നാമാവശേഷമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വരെ സാമ്പത്തിക താല്‍പര്യങ്ങള്‍ മുമ്പില്‍ കണ്ട് പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. സമുദായ സംസ്കരണത്തിനായി നിലവില്‍ വന്ന സംഘടനകള്‍ പോലും ലീഗിന്റെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വിശ്വാസപരവും കര്‍മപരവുമായ ജീര്‍ണതകള്‍ക്കെതിരായ ജിഹാദ് മന്ദീഭവിപ്പിക്കുകയും പകരം എതിര്‍പ്പിന്റെ കുന്തമുന ആദര്‍ശ ധാര്‍മിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്കെതിരെ തിരിച്ചുവെക്കുകയും ചെയ്തിരിക്കുന്നു. ജുമുഅ ഖുത്വ്ബകളില്‍ വരെ മൌദൂദിക്കും ജമാഅത്തിനുമെതിരായ ശകാരാഭിഷേകമാണ് പല മുജാഹിദ് പള്ളികളിലും നടക്കുന്നത്. ഏറ്റവും ഒടുവില്‍ കോട്ടക്കലില്‍ ലീഗ് വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തിന് ഏകയിന അജണ്ടയേ ഉണ്ടായിരുന്നുള്ളൂ. തീവ്രവാദം ആരോപിച്ച് ജമാഅത്തെ ഇസ്ലാമിക്കെതിരെ ഊര് വിലക്ക് പ്രഖ്യാപിക്കല്‍. ഈ പതനത്തിലേക്ക് മുസ്ലിം ലീഗിനെ എത്തിച്ചതിന്റെ പിന്നില്‍ കെ.എം ഷാജി നേതൃത്വം നല്‍കുന്ന യൂത്ത് ലീഗാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന വസ്തുതയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായതിനെ അദ്ദേഹം കാണുകയും ചെയ്യുന്നു.

ഇപ്പോഴോ? അഭൂതപൂര്‍വമായ പ്രാതിനിധ്യത്തോടെ മുസ്ലിം ലീഗ് മന്ത്രിസഭയിലിരുന്ന കാലത്ത് പാര്‍ട്ടിയുടെ 'ധീര നായകനായ' സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വന്തക്കാരെയും ബന്ധുക്കളെയും വഴിവിട്ടു സഹായിച്ചതായി അദ്ദേഹം തന്നെ മാധ്യമങ്ങളോട് തുറന്നു പറയേണ്ടതായി വന്നു. സഹായം സ്വീകരിച്ചയാള്‍ ക്രിമിനലും ഭീകരനും രാജ്യദ്രോഹിയുമാണെന്നും അദ്ദേഹം ആരോപിച്ചു. ആരോപിതനാവട്ടെ, കുപ്രസിദ്ധമായ ഐസ്ക്രീം പെണ്‍വാണിഭ കേസ് കോടികള്‍ ചെലവഴിച്ച് സാക്ഷികളുടെ മൊഴിമാറ്റിച്ചും ജഡ്ജിമാരെ സ്വാധീനിച്ചും നേതാവിന് വേണ്ടി താനാണ് തേച്ചുമായ്ച്ചു കളഞ്ഞതെന്നും തുറന്നടിച്ചു. പിന്നീട് നടന്ന എല്ലാ വെളിപ്പെടുത്തലുകളും മുസ്ലിം ലീഗിന്റെയും ലീഗിന് പങ്കാളിത്തമുള്ള ഭരണകൂടത്തിന്റെയും അധാര്‍മികത അനാവരണം ചെയ്യുന്നതാണ്. ഇതിനെതിരെ താനും യൂത്ത് ലീഗും പാര്‍ട്ടിക്കുള്ളില്‍ നിന്നെങ്കിലും എന്തു ചെയ്തുവെന്ന് ഷാജി പറയുന്നില്ല. കാരണം വ്യക്തം. പാര്‍ട്ടിയെയും നേതാവിനെയും ജനമധ്യേ ഇടിച്ചുതാഴ്ത്താന്‍ നിമിത്തമായ ചാനലിന്റെ സാരഥി ഷാജിയോടൊപ്പം സാങ്കല്‍പിക തീവ്രവാദത്തിനെതിരെ പൊരുതുന്ന എം.കെ മുനീറാണ്. രണ്ടു പേരും ചേര്‍ന്ന് നടത്തിയ ഓപറേഷനാണ് കുഞ്ഞാലിക്കുട്ടി സമര്‍ഥമായി തട്ടിയെടുത്ത് പഞ്ചായത്ത് -നഗരസഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയത്. അതിന്റെ വിജയലഹരി ആഘോഷിക്കെയാണ് അശനിപാതം പോലെ ഐസ്ക്രീം കേസ് പുനര്‍ജനിച്ചത്. കുഞ്ഞാലിക്കുട്ടി-മുനീര്‍ ഉള്‍പ്പോര് മറനീക്കി പുറത്തുവരാനും അത് വഴിയൊരുക്കി. ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കാനുള്ള ദയനീയ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

തീവ്രവാദാരോപണത്തിന്റെ കഥയോ? ഇസ്ലാം വിരുദ്ധ മീഡിയയുടെ പരസ്യമായ ഒത്താശകളോടെ ജമാഅത്തെ ഇസ്ലാമിക്കും സോളിഡാരിറ്റിക്കുമെതിരെ അശ്വമേധയാഗം നടത്തിക്കൊണ്ടിരുന്ന ഷാജി-മുനീര്‍ പ്രഭൃതികളുടെ നാവടക്കിക്കൊണ്ട് രാജ്യത്ത് ഭീകരതയുടെ പ്രഭവ കേന്ദ്രം സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വമാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നു. മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്പ്രസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ നിരോധിത സിമിയാണെന്നും സിമിയുടെ തലതൊട്ടപ്പന്‍ ജമാഅത്തെ ഇസ്ലാമിയാണെന്നുമായിരുന്നു ഷാജി-മുനീര്‍ ടീം നിരന്തരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നത്. സത്യം പുറത്തുവന്നപ്പോള്‍ യൂത്ത് ലീഗും മൂത്ത ലീഗും പൂര്‍ണ മൌനം. അതുപോലെ അറബ്ലോകത്തെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്ബും നേതൃത്വം നല്‍കിയ മുസ്ലിം ബ്രദര്‍ഹുഡിന്റെ തീവ്രവാദമാണെന്ന് കണ്ണും പൂട്ടി ആരോപിച്ചവര്‍ അവരുടെ മതേതരവിഗ്രഹങ്ങള്‍ ജനരോഷത്തിന്റെ ജ്വാലകളില്‍ എരിഞ്ഞമരുമ്പോള്‍ മിഴിച്ചിരിപ്പാണ്. ഇതാണ് ദൈവത്തിന്റെ കാവ്യനീതി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ദീനിനെയും സമുദായത്തെയും വിറ്റ് കാശാക്കുന്ന എല്ലാവരുടെയും ഗതി മറ്റൊന്നാവാന്‍ തരമില്ല.

അഭിപ്രായങ്ങളൊന്നുമില്ല: