2017, ഡിസംബർ 18, തിങ്കളാഴ്‌ച

ഫലസ്തീന്‍ പ്രശ്നം


പോരാളികളുടെ പറുദീസ : ചരിത്രവും വര്‍ത്തമാനവും

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഫലസ്തീനിലെ നിലവിലെ പ്രശ്‌നങ്ങളുടെ ആരംഭം. ജറൂസലേമിലെ ജുതന്മാരുടെ ആരാധനാലയമായ Solomon temple തകര്‍ത്ത് ഇസ്രായേലിനുമേല്‍ ആധിപത്യം സ്ഥാപിച്ചത് റോമാ സാമ്രാജ്യമാണ്. റോമക്കാരുടെ ആധിപത്യത്തോടെ ജൂതന്മാര്‍ പല രാജ്യങ്ങളിലായി ചിന്നിചതറി. പിന്നീട് ഖലീഫ ഉമറിന്റെ ഭരണകാലത്ത് പശ്ചിമേഷ്യയിലെ ഇസ്‌ലാമിന്റെ ഉദയത്തില്‍ ഇസ്‌ലാം റോമാ സാമ്രാജ്യത്തില്‍ നിന്ന് ഫലസ്തീന്‍ കീഴടക്കി. 1037 മുതല്‍ 1917 വരെ പലഘട്ടങ്ങളിലായി വന്ന മുസ്‌ലിം ഭരണാധികാരികളാണ് പിന്നീട് ഫലസ്തീന്‍ ഭരിച്ചത്. ക്രിസ്തുവിന്റെ ഘാതകരായ ജൂത വിഭാഗത്തോട് യൂറോപ്പ് എന്നും അയിത്തം കല്‍പ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്തു (Antisemitism). എന്നാല്‍ മുസ്‌ലിം ലോകം എന്നും ജൂത സമൂഹത്തോട് മനുഷ്യത്തപരമായാണ് പെരുമാറിയത്. ജൂതന്മാരുടെ സുവര്‍ണ കാലമായി അവര്‍ തന്നെ പറയുന്ന കാലഘട്ടം ഇസ്‌ലാം സ്‌പെയിന്‍ ഭരിച്ച കാലയളവാണ് (The Golden Age of Jewis: 8th- 11th Century in Spain). 

1881 മുതലാണ് ഫലസ്തീനിലേക്ക് ജൂതന്മാര്‍ സംഘടിത കുടിയേറ്റം(ഏലിയ) ആരംഭിച്ചത്. 1896-ല്‍ തിയോഡര്‍ ഹെസ്‌കലിന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയതോടെയാണ് ജൂതരാഷ്ട്രത്തിന് വേണ്ടിയുള്ള നീക്കത്തിന് സംഘടിത രൂപമുണ്ടായത്. ഒന്നാം ലോക മഹായുദ്ധ സമയത്ത് ജൂത ലോബിയുടെ സാമ്പത്തിക സഹായം ഉറപ്പുവരുത്താന്‍ വേണ്ടി ബ്രിട്ടനാണ് ഫലസ്തീന്‍ വിഭജിച്ച് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഉറപ്പ് ജൂതന്മാര്‍ക്ക് നല്‍കുന്നത്. 1917-ല്‍ വിദേശകാര്യമന്ത്രി ബാല്‍ഫര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കുന്നതിലൂടെ തങ്ങളുടേതല്ലാത്ത മറ്റൊരു ജനതയുടെ ഭൂമി മൂന്നാമതൊരു കക്ഷിക്ക് പതിച്ച് നല്‍കുന്ന സമീപനമാണ് ബ്രിട്ടന്‍ സ്വീകരിച്ചത് (Balfour Declaration). ഒന്നാം മഹാലോക യുദ്ധ ശേഷം ബ്രിട്ടന്‍ ശക്തി പ്രാപിക്കുകയും, 1921 ല്‍ തുര്‍ക്കി ആസ്ഥാനമായി നിലനിന്നിരുന്ന ഖിലാഫത്ത് ഭരണം അവസാനിപ്പിക്കുകയും ചെയ്തു. രണ്ടാം ലോകമഹാ യുദ്ധത്തോടെ ജൂതലോബി തങ്ങള്‍ക്കൊരു രാഷ്ട്രമെന്ന ആവശ്യം ശക്തമാക്കി. 1948 മെയ് 14 ന് ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ പ്രഖ്യാപിച്ചു. ഫലസ്തീനെ പകുത്ത് ഇസ്രായേല്‍ പ്രഖ്യാപിച്ച നടപടിയെ സ്വാതന്ത്രത്തിന്റെ വിലയറിയുന്ന, വിഭജനം ഉണ്ടാക്കുന്ന മുറിവുകളെ കുറിച്ച് നല്ല ബോധ്യമുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ശക്തമായി എതിര്‍ത്തു. സെക്യുലറിസ്റ്റ് ആശയധാര പിന്തുടര്‍ന്ന നെഹ്‌റു സ്വീകരിച്ച വിദേശ നയത്തിന് (ചേരിചേരാനയം) അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത ലഭിച്ചു. 

10 ലക്ഷം വരുന്ന ഫലസ്തീനികളെ അഭയാര്‍ത്ഥികളാക്കി ജന്മനാട്ടില്‍ നിന്ന് ആട്ടിപായിച്ചുകൊണ്ടായിരുന്നു ഇസ്രായേല്‍ രാഷ്ട്രം രൂപം കൊണ്ടത്. ഫലസ്തീന്‍ ചരിത്രത്തിലെ ദാരുണ (നഖ്ബാ) സംഭവമായിട്ടാണ് ഫലസ്തീനികള്‍ ഇതിനെ കാണുന്നത്. ഇന്നും ലക്ഷക്കണക്കിന് ഫലസ്തീനികളാണ് സിറിയ, ജോര്‍ദാന്‍, ലബനാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നത്. സ്വാതന്ത്രത്തിനുമേലുള്ള അവകാശ ലംഘനമായ ഇസ്രയേല്‍ രാഷ്ട്ര പ്രഖ്യാപനത്തെ അംഗീകരിക്കാന്‍ ഫലസ്തീനികളും അറബികളടക്കമുള്ളവര്‍ തയ്യാറായില്ല. ഈജിപ്ത്, സിറിയ, ജോര്‍ദാന്‍, ലബനാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും ഇസ്രായേലും തമ്മില്‍ യുദ്ധം നടന്നു. ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ അറബികള്‍ പരാജയപ്പെട്ടു. വെസ്റ്റ്ബാങ്കും ഗസ്സയുമുള്‍പ്പെടുയുള്ള പ്രദേശങ്ങള്‍ ഇസ്രായേലിന്റെ കീഴിലായി. തുടര്‍ന്ന് ഈജിപ്തായിരുന്നു ഇസ്രായേലിന്റെ പ്രധാന എതിരാളി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള സൂയസ് കനാല്‍ കടന്ന് േപാവുന്നത് ഈജിപ്തിലൂെടയാണ്. തന്ത്രപ്രധാന  േമലയില്‍  ആധിപത്യം സ്ഥാപിക്കുക എന്നത് പാശ്ചാത്യമാരുടെ ലക്ഷ്യങ്ങളില്‍ സുപ്രധാനമാണ്. അതിനാല്‍ തന്നെ അവര്‍ ഇസ്രായേലിനെ തങ്ങളുടെ വേട്ടപട്ടിയായി ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 1956 ല്‍ ഈജ്പതിന്റെ ഭാഗമായ സിനാ പ്രദേശം കേന്ദ്രീകരിച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ ഇസ്രായേല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഫലസ്തീന്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിന്നു. സ്വതന്ത്ര ഫലസ്തീന്‍ എന്ന ലക്ഷ്യത്തോടെ 1964 ല്‍ രൂപീകൃതമായ Palestine Liberation Organisation - (PLO) ഇസ്രായേലിനെ അംഗീകരിച്ചില്ല. 1967 ല്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുനാസറിന്റെ നേതൃത്വത്തില്‍ ഈജിപ്ത്, ലബനാന്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഇസ്രായേലിനോട് യുദ്ധം ചെയ്തു. 6 ദിസവം നീണ്ട യുദ്ധത്തില്‍ സീനാ, ഗസ്സ, വെസ്റ്റ്ബാങ്ക്, ജറൂസലേം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ആധിപത്യം ഉറപ്പിച്ചു. അതിനിടെ 1969 ല്‍ യാസര്‍ അറഫാത്ത് പി.എല്‍.ഒ വിന്റെ നേതൃസ്ഥാനത്ത് വന്നു. ഫലസ്തീന്‍ വിമോചന ശ്രമങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചു. 

സീനാ തിരിച്ചുപിടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ 1973ലെ യുദ്ധത്തില്‍ കാലാശിച്ചു. എന്നാല്‍ ഈജ്പിതിന്റെ പരാജയമായിരുന്നു ഫലം. ഇതൊടെ മേഖലയിലെ സൈനിക ശക്തിയായി ഇസ്രായേല്‍ മാറി. 1978 ല്‍ ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറിലെത്തി. കാമ്പ്-ഡേവിഡ് കരാര്‍ എന്ന് അറിയപ്പെടുന്ന ഈ കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിക്കേണ്ടിവന്നു, സീനാപ്രദേശം കരാറിന്റെ ഭാഗമായി ഇസ്രായേല്‍ വിട്ടുനല്‍കി. അപ്പോഴും ചെറുത്തുനില്‍പ്പുമായി പി.എല്‍.ഒ മുന്നോട്ടുപോയി, മറുഭാഗത്ത് വെസ്റ്റ്ബാങ്കിലുള്‍പ്പെടെ ഇസ്രായേല്‍ കുടിയേറ്റം തുടര്‍ന്ന് കൊണ്ടിരിന്നു. യുദ്ധം ഒരു ഹോബിയായി സ്വീകരിച്ച ഇസ്രായേല്‍ 1982ല്‍ ലബനാന്‍ അധിനിവേശം നടത്തി.

1967 ലെ യുദ്ധത്തിനുശേഷം അറബ് രാഷ്ട്രങ്ങള്‍ ഓരോന്നായി പാശ്ചാത്യരോടും ഇസ്രായിലിനോടും സൗഹൃദം പാലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ അന്നും ഇന്നും ഫലസ്തീനികളോടൊപ്പം നില്‍ക്കുകയും ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്ത രാഷട്രമാണ് ഖത്തര്‍. 1978 ലെ വിപ്ലവത്തിനുശേഷം ഇറാനും ഉറുദുഗാന്‍ അധികാരത്തിലേറിയ ശേഷം മുതല്‍ തുര്‍ക്കിയും ശക്തമായ ഇസ്രായേല്‍ വിരുദ്ധ നിലാപാടുമായി ഖത്തിറിനൊപ്പം ചേര്‍ന്നു. 

1987 ലാണ് ഒന്നാം ഇന്‍തിഫാദ (Mass Uprising) ആരംഭിക്കുന്നത്. ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രി Devid Ben Gurion ന്റെ വാക്കുകളെ ഓര്‍മപ്പെടുത്തുന്നതായിരുന്ന ഒന്നാം ഇന്‍തിഫാദ, 'A people which fights against the usurpation of its land will not tire so easily'. ഇസ്രായേല്‍ അധിനിവേശ ടാങ്കറുകളെ ഫലസ്തീന്‍ കൂട്ടികള്‍ കല്ലുകൊണ്ട് നേരിട്ടു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ആത്മവിശ്വാസത്തിനും മുന്നില്‍ ഇസ്രായേല്‍ സൈന്യത്തിന് മുട്ടുവിറച്ചു. ഇതേ വര്‍ഷം തന്നെയാണ് ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയാടിത്തറയില്‍ നിന്നാണ് ഹമാസ് പിറക്കുന്നത്. നേരത്തെ ഗസ്സ കേന്ദ്രീകരിച്ച് സാമൂഹ്യ സേവന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ശൈഖ് അഹ്മദ് യാസിനാണ് ഹമാസിന്റെ സ്ഥാപക നേതാവ്. പി.എല്‍.ഒയിലും മറ്റു അറബ് രാജ്യങ്ങളിലും പ്രതീക്ഷ നഷപ്പെട്ടപോഴാണ് ഫലസ്തീന്‍ വിമോചനത്തിനായി ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഒരു തരത്തിലും ഇസ്രായേലിനെ അംഗീകരിക്കില്ലായെന്നത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. ഒന്നാം ഇന്‍തിഫാദ തുടങ്ങി 5 വര്‍ഷം കഴിഞ്ഞപ്പോള്‍ 1993 ല്‍ പി.എല്‍.ഒ പതുക്കെ നിലപാട് മയപ്പെടുത്താന്‍ തുടങ്ങി. ഇസ്രായേലുമായി കരാറിലേര്‍പ്പെടാന്‍ അവര്‍ തീരുമാനിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി റാബിനും ഫലസ്തീന്‍ പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും തമ്മില്‍ 1993 ല്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ഇതാണ് Oslo Agreement. 1967 ലെ യുദ്ധത്തില്‍ ഇസ്രായേല്‍ കയ്യേറിയ സ്ഥലങ്ങളില്‍ നിന്ന് പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കും, ഇസ്രായേലിനെ അംഗീകരിക്കും തുടങ്ങി സുപ്രധാന വ്യവസ്ഥകളോടെയായിരുന്നു Oslo Agreement ഉണ്ടാക്കിയത്. അഞ്ച് വര്‍ഷ കാലാവധിയില്‍ രൂപീകരിച്ച കരാര്‍ 1998 ല്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു വ്യവസ്ഥ. കരാറിനെതിരെ ഫലസ്തീനിലും ഇസ്രായേലിലും വ്യാപക പ്രതിഷേധമുണ്ടായി. 

സംഭവിക്കാന്‍ പാടില്ലാത്ത അനിവാര്യതയായിട്ടാണ് യാസര്‍ അറഫാത്തിനെ പിന്തുണക്കുന്ന ഫതഹ് ഗ്രൂപ്പ് കരാറിനെ കണ്ടത്. ഫലസ്തീനിലെ ഹമാസ് ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പുകള്‍ കരാറിനെ അംഗീകരിച്ചില്ല. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെ തോല്‍പ്പിക്കാന്‍ അമേരിക്കയും പാശ്ചാത്യരും അറബ് രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സഹകരണമാണ് ഓസ്‌ലോ കരാറിലേക്ക് നയിച്ചത്. അമേരിക്കയുടെയും പാശ്ചാത്യരുടെയും പിന്തുണ എന്നും ഇസ്രായേലുനുണ്ടായിരുന്നു. 1974 ല്‍ സയണിസം = ഫാസിസം എന്നു പറഞ്ഞിരുന്ന അമേരിക്ക തന്നെ 1992 ല്‍ അത് തിരുത്തി. യഥാര്‍ത്ഥത്തില്‍ ഓസ്‌ലോ കരാറും ഒരു കെണിയായിരുന്നു. ഇരു രാഷ്ട്രങ്ങളായി മാറിയാലും തീരുന്നതല്ല ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നം. Greater Israel എന്നതാണ് ജൂത സങ്കല്‍പ്പം. ഇന്നത്തെ സിറിയ, ലബനാന്‍, പഴയ ഫലസ്തീന്‍, സൗദിയുടെ ഭാഗമായ മക്ക, മദീന തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ രാഷ്ട്രമാണ് ഇസ്രായേല്‍ സ്വപ്നം. ജൂതവര്‍ഗമല്ലാത്ത മറ്റാരെയും ഉള്‍കൊള്ളാനും അംഗീകരിക്കാനും അവര്‍ തയ്യാറല്ല. ഉന്മൂലന സിദ്ധാന്തം ഇസ്രായേലിന്റെ കൂടപിറപ്പാണ്. വംശീയ ഉന്മൂലനം നടത്തി greater Israel സ്ഥാപിക്കുക എന്നതിലേക്കാണ് അവരുടെ ഓരോ യുദ്ധവും കരാറുകളും.

ഓസ്‌ലോ കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പി.എല്‍.ഒ പേരുമാറ്റി Palestine National Authority പി.എന്‍.എ (PNA) എന്നാക്കി. വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവടങ്ങളില്‍ നിന്ന് ഇസ്രായേല്‍ ഭാഗികമായി പിന്മാറി. എന്നാല്‍ 1998 ല്‍ കരാര്‍ പൂര്‍ത്തീകരണ സമയമായപ്പോള്‍ ഇസ്രായേലില്‍ രാഷ്ട്രീയമാറ്റമുണ്ടായി ഏരിയല്‍ ഷാരോണ്‍ പുതിയ പ്രധാനമന്ത്രിയായി. തുടക്കംമുതലേ കരാറിനെ എതിര്‍ത്ത ഏരിയല്‍ ഷാരോണ്‍ പുതിയ തന്ത്രവുമായി മുന്നോട്ടുവന്നു. ജറൂസലേമില്‍ ജൂതപള്ളി പുനഃനിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ Temple Mount വിശ്വാസ സംഘവും, വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് 'ഇയാല്‍' എന്ന തീവ്രവാദ ഗ്രൂപ്പിനും രൂപം നല്‍കി. മുസ്‌ലിം സമൂഹത്തിന്റെ മൂന്നാമത്തെ പുണ്യഗേഹമായ ചരിത്ര പ്രസിദ്ധമായ അല്‍അഖ്‌സ മസ്ജിദ് തകര്‍ത്തുകൊണ്ട് മാത്രമേ ഷാരോണ്‍ മുന്നോട്ടുവെച്ച പുനഃനിര്‍മ്മാണം സാധ്യമാവൂ. അതുകൊണ്ടുതന്നെ ബൈറൂത്തിന്റെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന ഷാരോണിന്റെ നീക്കത്തിനെതിരെ ഫലസ്തീനിലും അന്താരാഷ്ട്രതലത്തില്‍ തന്നെയും വ്യാപക പ്രതിഷേധമുണ്ടായി. ഓസ്‌ലോ കരാര്‍ ലംഘിക്കപ്പെട്ടു. 2000 ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ പ്രസിഡന്റ് Ehud Barakഉം ഫലസ്തീന്‍ അതോറിറ്റി ചെയര്‍മാന്‍ യാസിര്‍ അറഫാത്തും കാമ്പ് ഡേവിഡില്‍ വെച്ച് സമാധാന കരാറിനായി ചര്‍ച്ചകള്‍ നടന്നെങ്കിലും ഓസ്‌ലോ കരാറിലൂടെ ഫലസ്തീന്‍ ജനത വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട യാസിര്‍ അറഫാത്ത് ഈ കരാറിനെയും ഒരു ട്രാപ്പായി മനസ്സിലാക്കിയിരുന്നു. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും കരാര്‍ എങ്ങുമെത്താതെ പിരിഞ്ഞു. ഇതേ വര്‍ഷം തന്നെ രണ്ടാം ഇന്‍തിഫാദക്ക് (Mass Uprising) തുടക്കം കുറിച്ചു. രണ്ടാം ഇന്‍തിഫാദയോടുകൂടി ഹമാസ് ശക്തി പ്രാപിക്കുകയുണ്ടായി. തുടര്‍ന്ന് ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടമാണ് ഹമാസ് ഫലസ്തീന്‍ സ്വാതന്ത്രത്തിനായി കാഴ്ചവെച്ചത്. 2004 മാര്‍ച്ച് ഹമാസ് സ്ഥാപക നേതാവ് ശൈഖ് അഹ്മദ് യാസിനേയും, ഏപ്രിലില്‍ ഹമാസ് നേതാവ് അബ്ദുല്‍ അസീസ് റന്‍തീസിയെയും ഇസ്രായേല്‍ ബോബാക്രമണത്തിലൂടെ വകവരുത്തി. 2004 നവംബര്‍ 11 ന് ഫലസ്തീന്‍ അതോറിറ്റി ചെയര്‍മാന്‍ യാസിര്‍ അറഫാത്ത് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് നേതൃത്വം നല്‍കുന്നവരെ വധിച്ച് വിമോചന മുന്നേറ്റത്തിനെ തകര്‍ക്കാമെന്നാണ് ഇസ്രായേല്‍ കരുതിയത്. എന്നാല്‍ ഓരോ നേതാക്കള്‍ കൊല്ലപ്പെടുമ്പോഴും വിമോചന സമരം ശക്തിയാര്‍ജിക്കുകയാണുണ്ടായത്. 2005ഓടെ സ്ട്രാറ്റജിയുടെ ഭാഗമായി ഏരിയല്‍ ഷാരോണ്‍ ഗസ്സയില്‍ നിന്ന് പിന്മാറി. ഗസ്സക്ക് ചുറ്റും വന്‍മതില്‍ തീര്‍ത്ത് പുതിയ ഇസ്രായേല്‍ അതിര്‍ത്തി രൂപീകരിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. 2008 ഓടെ ഗസ്സക്ക് ചുറ്റും ഇസ്രായേല്‍ വന്‍മതില്‍ തീര്‍ത്തു. 

ഗസ്സയിലെയും, വെസ്റ്റ്ബാങ്കിലെയും പ്രബല രാഷ്ട്രീയ കക്ഷികളായ ഹമാസിനെയും ഫതഹിനെയും തമ്മിലടപ്പിക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം ഇസ്രായേല്‍ ഉപയോഗപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പാശ്ചാത്യ രാഷ്ട്രീയ സമീപനം അവര്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. എന്നാല്‍ 2006 ല്‍ ഫലസ്തീനില്‍ അതോറിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ രാഷട്രീയ പ്രതിസന്ധികളെയും അതിജീവിച്ച് ഹമാസ് വിജയം കൈവരിച്ചു. ഗസ്സയില്‍ ഹമാസ് ഭരണം നിലവില്‍ വന്നു. ജനാധിപത്യത്തിലൂടെ തെരഞ്ഞടുക്കപ്പെട്ട ഹമാസ് ഗവണ്‍മെന്റിനെ അംഗീകരിക്കാന്‍ പാശ്ചാത്യരും ഇസ്രായേലും തയ്യാറായില്ല. ഗസ്സക്ക് മേല്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ഉപരോധം ഏര്‍പ്പെടുത്തി. ഈജിപ്തിനെ കൊണ്ടും ഗസ്സക്ക് മേല്‍ ഉപരോധം സൃഷ്ടിക്കാനും ഇസ്രായേലിനായി. ഫതഹ് ഹമാസ് ഭിന്നത വളര്‍ത്തി സമാന്തര സര്‍ക്കാര്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ ആശിര്‍വാദത്തോടെ രൂപീകരിച്ചു. ഹമാസിനോട് ഉടക്കി നിന്ന ഫതഹിനെ പ്രകോപിപ്പിച്ച് തമ്മിലടിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. 2008 ല്‍ ഹമാസ്-ഫതഹ് ഗ്രൂപ്പുകള്‍ ഐക്യത്തിലെത്തി. ഐക്യത്തെ ഇസ്രായേല്‍ എതിര്‍ത്തു, 2008 ഡിസംബറില്‍ ഗസ്സയെ ആക്രമിച്ചു. 100 കണക്കിന് ആളുകള്‍ മരണപ്പെട്ട ആക്രമണം 2009 ജനുവരിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് 2012 ല്‍ എല്ലാ ഉപരോധങ്ങള്‍ക്കുമിടയില്‍ ഇസ്രായേല്‍ ഗസ്സക്കുമേല്‍ കടന്നാക്രമണം ആവര്‍ത്തിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സിവിലിയന്‍മാര്‍ക്ക് കടന്നാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

സാമ്രാജ്യത്വം സ്വത പ്രതിസന്ധി നേരിടുമ്പോഴെല്ലാം അവര്‍ ആക്രമണത്തിനു മുതിര്‍ന്നിട്ടുണ്ട്. പുതിയ ഗസ്സ ആക്രമണവും ഇതില്‍ നിന്ന് വിഭിന്നമല്ല. ഹമാസ്, ഫതഹ് ഗ്രൂപ്പുകളുടെ ഐക്യശ്രമങ്ങളെ തകര്‍ക്കാന്‍ ഇസ്രായേല്‍ എന്നും ശ്രമിച്ചിട്ടേയുള്ളൂ. അവര്‍ ഒന്നിക്കുന്നതിനെ ഇസ്രായേല്‍ ഭയപ്പെട്ടു. മൂന്ന് ജൂത കുടിയേറ്റക്കാരുടെ തിരോധാനവും, ദിവസങ്ങള്‍ കഴിഞ്ഞ് അവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതുമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം. ഇസ്രായേല്‍ സംഭവത്തിന്റെ ഉത്തരാവദിത്വം ഹമാസില്‍ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കാന്‍ ഹമാസ് ഒരിക്കലും മടികാണിച്ചിട്ടില്ലെന്ന് പ്രമുഖ ഫലസ്തീന്‍ എഴുത്തുകാരന്‍ റംസി ബറുദ് പറയുന്നു. മെയ് 15ന് നഖ്ബാ അനുസ്മരണ (10 ലക്ഷം വരുന്ന ഫലസ്തീനികളെ അഭയാര്‍ത്ഥികളാക്കി ജന്മനാട്ടില്‍ നിന്ന് ആട്ടിപായിച്ച, ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ പ്രഖ്യാപിച്ചതിന്റെ ഓര്‍മ ദിനം) വേളയില്‍ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തി, പതിനേഴുകാരനെ ചുട്ടുകൊന്നു. പെട്ടെന്നു തന്നെ ഇത് ഗസ്സക്ക് മേലുള്ള യുദ്ധമായി മാറി. യുദ്ധത്തെ ലൈവായി കാണുന്ന ഇസ്രായേല്യരുടെ ചിത്രം സോഷ്യല്‍മീഡയയില്‍ പ്രചരിച്ചിരുന്നു. ഇസ്രായേല്‍ ജനതയുടെ വംശീയ ഉന്മൂലന ത്വരയാണ് ഇത് വ്യക്തമാക്കുന്നത്. 

പുതിയ ഗസ്സ അക്രമണത്തില്‍ നമ്മുടെ രാഷ്ട്രത്തിന്റെ സമീപനത്തെ കുറിച്ച് പറയാതെ വയ്യ. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച ചേരിചേരാ നയത്തില്‍ നിന്ന് മാറി ഇസ്രായേലുമായി ചങ്ങാത്തം സ്ഥാപിക്കുന്ന നിലപാടാണ് രാഷ്ട്രം ഇന്ന് സ്വീകരിക്കുന്നത് എന്നത് ലജ്ജാകരമാണ്. അറബികുളുമായി ഇന്ത്യക്ക് നുറ്റാണ്ടുകളുടെ ബന്ധമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് ഇസ്രായേലില്‍ നിന്നാണ്. അറബ് വസന്തം അറബ് രാഷട്രങ്ങളില്‍ കൊണ്ടുവന്ന നവ ജനാധിപത്യബോധത്തിന്റെ ഫലമായി ഗസ്സക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ആഗോള സമൂഹത്തില്‍ നിന്നും ഉണ്ടാവുന്നത്. വിശേഷിച്ചും യൂറോപ്പില്‍ നിന്ന്. 2001 ല്‍ വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ന്ന ദിവസം (11/01) ജൂതന്മാര്‍ എന്തുകൊണ്ട് കൂട്ടമായി ലീവെടുത്തുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് അമേരിക്കയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്ന കാലം, ഇന്ത്യയില്‍ 26/11 ല്‍ മുബൈ ഭീകരാക്രമണ വേളയിലെ ജൂത നിലപാടുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും മുന്നില്‍ വെക്കുമ്പോള്‍ വിശേഷിച്ചും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദുമായി സൈനിക സഹകരണം സ്ഥാപിക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. 

20 കിലോമീറ്റര്‍ വീതിയും, 40 കിലോമീറ്റര്‍ നീളവും മാത്രമുള്ള 20 ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശമാണിന്ന് ഗസ്സ. പട്ടിണിക്കിട്ട് കൊല്ലുക എന്നത് ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തിന്റെ ഭാഗമാണ്. ഇസ്രായേലിന്റെ കര, കടല്‍, വ്യോമ മാര്‍ഗത്തിലൂടെയുള്ള ഉപരോധത്തില്‍ നിന്നും അല്‍പം ആശ്വാസം നല്‍കുന്നത് ഈജിപ്ത് ഗസ്സ അതിര്‍ത്തിയിലെ റഫാ കവാടമാണ്. അതാവട്ടെ ഈജ്പതിന്റെ ഉപരോധത്തിലും. 2020 ഓടെ ജീവിക്കാന്‍ പറ്റാത്ത ഇടമായി ഗസ്സമാറുമെന്നാണ് യു.എന്‍ പഠനങ്ങള്‍ പറയുന്നത്. എല്ലാ ഉപരോധങ്ങളെയും മതില്‍കെട്ടുകളെയും അതിജീവിച്ച് സര്‍ഗാത്മക സമരത്തിന്റെ ഭൂമികയാണ് ഗസ്സയെന്ന് അവര്‍ ലോകത്തിനുമുമ്പില്‍ സാക്ഷ്യം വഹിക്കുന്നു. ഇസ്രായേല്‍ തീര്‍ത്ത മതില്‍കെട്ടുകളെ മനോഹരമായ കാരിക്കേച്ചറുകളുടെ ഇടങ്ങളാക്കി മാറ്റി, മിസൈല്‍ അവിശിഷ്ടങ്ങളില്‍ പൂക്കള്‍ വിരിയിച്ചു. ഇസ്രായേലന്റെ അതീവ സുരക്ഷ തടവറയില്‍ നിന്ന് ബീജങ്ങള്‍ കടത്തി ഫലസ്തീന്‍ ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഏറ്റവും ഒടുവില്‍ ഇതാ വന്‍ശക്തികള്‍ക്കുമാത്രം കൈമുതലായുള്ള ഡ്രോണ്‍ വിമാനം (പൈലറ്റില്ലായുദ്ധവിമാനം) വികസിപ്പിച്ചുകൊണ്ട് അവര്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുന്നു. ഇങ്ങനെ തുടരുന്നു പോരാളികളുടെ പറുദീസയിലെ വര്‍ത്തമാനങ്ങള്‍. 
(ഇസ്ലാം ഓണ്‍  ലൈവ് )

ഈജിപ്തിലെ ഭരണമാറ്റം ഫലസ്തീന്‍ പ്രശ്‌നത്തില്‍ പ്രതിഫലിക്കും : മഹ്മൂദ് അസ്സഹാര്‍


അന്താരാഷ്ട്ര തലത്തില്‍ സുപ്രധാന വിഷയങ്ങളിലൊന്നാണ് ഫലസ്തീന്‍ പ്രശ്‌നം. കാലങ്ങളായി പീഡിപ്പിക്കപ്പെടുന്ന ഒരു മുസ്‌ലിം ജനതയെന്ന നിലയില്‍ ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകളുടെയും, പ്രത്യേകിച്ച് അറബികളുടെയും പ്രശ്‌നമാണത്. അതുകൊണ്ട് തന്നെ അറബ് രാജ്യങ്ങളില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ സംഭവ വികാസങ്ങള്‍ ഫലസ്തീനില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കും. കൂട്ടത്തില്‍ ഈജിപ്തിലെ രാഷ്ട്രീയ മാറ്റങ്ങളാണ് ഫലസ്തീനില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക. ഭരണകൂടം എന്ന നിലയിലും ഒരു മുസ്‌ലിം ജനസമൂഹമെന്ന നിലയിലും ഈജിപ്തിന് ഫലസ്തീനുമായി നേര്‍ക്കു നേരെ ബന്ധമുണ്ടന്നുളളതാണ് അതിനു കാരണം.
ഫലസ്തീന്‍ നേതൃനിരയിലെ പ്രമുഖനും ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗവുമായ മഹ്മൂദ് അസ്സഹാറുമായി ഇസ്‌ലാം റ്റുഡെ ലേഖകന്‍ ജാബിര്‍ അബുല്‍ കാസ് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.

ഫലസ്തീനിലെ സംഭവവികാസങ്ങളില്‍ നിന്ന് തുടങ്ങാം. ഈയടുത്ത് ഹമാസും ഫത്ഹും തമ്മില്‍ ഒപ്പുവെച്ച അനുരഞ്ജന കരാര്‍ ഭാവിയില്‍ എങ്ങനെ പ്രതിഫലിക്കും ? 

മഹ്മൂദ് അസ്സഹാര്‍:ഹമാസിന്റെ നയപരിപാടികളുടെ ഭാഗമായി രൂപപ്പെട്ടതാണ് ഈ അനുരഞ്ജന കരാര്‍. ഇസ്‌ലാമിക-അറബ് സമൂഹത്തിന്റെ കൂടി അവിഭാജ്യ ഘടകമാകേണ്ട ഒന്നാണ് ഈ കരാര്‍ എന്നാണ് നമ്മുടെ വിലയിരുത്തല്‍. ഫലസ്തീന്‍ എന്ന രാജ്യം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെടുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം സ്വീകാര്യമല്ല. ഇതിന് മുമ്പ് രാജ്യത്ത് നടന്ന ആഭ്യന്തര വിഭജനങ്ങള്‍ക്കുത്തരവാദി ഫത്ഹാണ്. 2006 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫത്ഹ് പരാജയപ്പെടാനും ഹമാസിന്റെ വന്‍ വിജയത്തിനും കാരണമായത് അതാണ്. ങ്ങനെയൊക്കെ സംഭവിച്ചിട്ടും രഞ്ജിപ്പിനും അനുരഞ്ജനത്തിനും വേണ്ടി നിലകൊളളുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ഭാഗത്ത് നിന്നുളള മുവുവന്‍ കാര്യങ്ങളിലും യോജിപ്പ് അറിയിച്ച് കൊണ്ടുളള രേഖകള്‍ ഞങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഫത്ഹിന്റെ ഭാഗത്ത് നിന്ന് ഒരു തയ്യാറെടുപ്പുമുണ്ടായിട്ടില്ല.
അതിനു പുറമേ, അനുരഞ്ജന കരാറില്‍  ഫത്ഹ് നിങ്ങളോട് ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും നിങ്ങളുടെ യോജിപ്പ് അറിയിച്ചിരിക്കുന്നു, കരാര്‍ വ്യവസ്ഥകളുമായി ഹമാസിന്റെ യോജിപ്പ് ഫത്ഹിന്റെ നയ പരിപാടികളുമായി വളരെ സാമ്യമുളളതാണ് നിങ്ങളുടെ നിലപാടുകളെന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ? 
ഒരു കാര്യം വ്യക്തമായി പറയട്ടെ, ഞങ്ങള്‍ അനുരഞ്ജന കരാര്‍ അംഗീകരിക്കുന്നവരാണ്. എന്നാല്‍ ഇത് കൊണ്ട്, ഞങ്ങള്‍ ഫതഹിന്റെ രണ്ടാം പതിപ്പാണന്ന് അര്‍ത്ഥമില്ല. ഫത്ഹിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കനുസരിച്ച് ഞങ്ങള്‍ ചലിക്കുമെന്നും അതിനര്‍ത്ഥമില്ല. വിഭിന്ന പരിപാടികളെ ഏകോപിക്കുക എന്നതേ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുളളൂ.
ഫലസ്തീന്‍ അനുരഞ്ജന കരാര്‍ പ്രാബല്യത്തില്‍ വരാന്‍ കാലതാമസം വരുന്നത് ബാഹ്യ ഇടപെടലുകള്‍ മൂലമാണന്ന് താങ്കള്‍ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഈ ‘ബാഹ്യ ഇടപെടല്‍’ കൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?
കാര്യങ്ങള്‍ വ്യക്തമാണ്. അമേരിക്ക ഈ കരാറിനെ അംഗീകരിക്കുന്നില്ല. ഇത്തരം ഒരു അനുരഞ്ജനം അവര്‍ ഇഷ്ടപ്പെടുന്നില്ല. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഗസ്സക്കുമേല്‍ ചുമത്തപ്പെട്ട ഉപരോധം നീങ്ങാന്‍ കാരണമായേക്കാവുന്ന ഒരു വഴിയും തുറക്കപ്പെടരുതെന്നാണ് അവരുടെ ആഗ്രഹം. അതുവഴി ഫലസ്തീന്‍ തെരുവുകളില്‍ ഹമാസിന് കൂടുതല്‍ സ്വീകാര്യത ഉണ്ടാകുമെന്നും ഫലത്തില്‍ അത് ഹമാസിന്റെ വിജയമാകുമെന്നും അവര്‍ ഭയപ്പെടുന്നു. ഇസ്രായേലിന്റെ ഭാഗത്തു നിന്നുളള ഇടപെടലുകളും കരാറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റിയും ഇസ്രായേലുമായുളള അവിഹിത ബന്ധം, ഫലത്തില്‍ അവസാനിച്ചേക്കുമെന്ന പേടിയും അവര്‍ക്കുണ്ട്.
ഇയിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഹമാസ് ഒരു പ്രസ്താവനയിറക്കിയിരുന്നു. റാമല്ലയിലെ ഹമാസ് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ അതോറിറ്റി തുടര്‍ന്നു വരുന്ന സമീപനത്തെ അപലപിക്കുന്നതായിരുന്നു ആ പ്രസ്താവന. രാഷ്ട്രീയ അറസ്റ്റുകള്‍ അവസാനിപ്പിക്കലാണ് കരാറിലെ ഒരു പ്രധാന ഭാഗം എന്നിരിക്കെ, ഫലസ്തീന്‍ അതോറിറ്റി രാഷ്ട്രീയ പ്രതിയോഗികളെ അറസ്റ്റ് ചെയ്യുന്ന നയം തുടരുന്നതിന് കാരണമെന്താണ്?
നേരത്തെ സൂചിപ്പിച്ച ബാഹ്യ ഇടപെടലുകളുടെ ഫലമാണിതെന്നാണ് എന്റെ കണക്ക് കൂട്ടല്‍. രാഷ്ട്രീയ പ്രതിയോഗികളെ അന്യായമായി തടവിലാക്കല്‍ ഈ കരാറിലെ മാത്രം ഭാഗമല്ല, ഇതിന് മുമ്പുണ്ടായിരുന്ന കരാറുകളിലുമുണ്ടായിരുന്നു ഈ വിഷയം, എന്നാല്‍ മുന്‍കാലങ്ങളിലും ഹമാസും ഫതഹുമായുളള കരാറുകളിലെല്ലാം തന്നെ ഈ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ട്.
ഹമാസ് എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുക? 
ഞങ്ങളോട് പാലിക്കേണ്ട കരാറിലെ നടപടികള്‍ ഫതഹ് പൂര്‍ത്തീകരിക്കാത്ത കാലത്തോളം ഞങ്ങളും കരാര്‍ നടപ്പിലാക്കുകയില്ല.
ഈജിപ്തിലെ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ ഗവണ്‍മെന്റെ് രൂപീകരണം വൈകിപ്പിക്കുന്നതിന്റെ പിന്നില്‍ ഒരു തന്ത്രമുണ്ടന്ന് , അതുമായി ചര്‍ച്ചകളില്‍ താങ്കള്‍ വെളിപ്പെടുത്തിയിരുന്നു.എന്താണ് ആ തന്ത്രം ? 
ഞങ്ങള്‍ക്ക് ചുറ്റുലിമുളള അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഞങ്ങള്‍ ചലിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ നടത്തുന്ന പ്രതിരോധ പോരാട്ടങ്ങള്‍ക്കെതിരായിരുന്നു ആദ്യ കാലത്ത് അറബ് രാഷ്ട്രങ്ങള്‍. ഈജിപ്തിലെ തെരഞ്ഞെടുപ്പ് ഫലം പുതിയ ഒരു സാഹചര്യം സൃഷ്ടിക്കുമെന്നാണ് എന്റെ കണക്ക് കൂട്ടല്‍. അതുകൊണ്ടാണ് അല്‍പ്പം കാത്തിരിക്കാന്‍ ഞാന്‍ ആവശ്യപ്പട്ടത്. മാത്രമല്ല, അനുരഞ്ജന കരാര്‍ പൂര്‍ത്തീകരണത്തിലെ പ്രബല രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്.
യൂറോ ന്യൂസുമായുളള അഭിമുഖത്തില്‍ ഗസ്സയിലെ പോലെ വെസ്റ്റ് ബാങ്കിലും ഹമാസിന്റെ ഭരണം വരുമെന്ന് താങ്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അതൊന്നു കൂടി വിശദീകരിക്കാമോ? 
ശരിയാണത്. ഹമാസ് ഇപ്പോള്‍ ഗസ്സ ഭരിക്കുന്നത് പോലെ, 2006 മുതല്‍ വെസ്റ്റ് ബാങ്കും ഹമാസ് തന്നെ ഭരിക്കേണ്ടതായിരുന്നു. നിയമാനുസൃതമായി നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയം വരിക്കുകയും പാര്‍ലമെന്റ്ില്‍ ഞങ്ങള്‍ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.ഗവണ്‍മെന്റെ് രൂപീകരിക്കാനുളള അവകാശം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ, വെസ്റ്റ് ബാങ്കിലെ ഞങ്ങളുടെ വിജയം അംഗീകരിക്കുവാന്‍ ഫത്ഹ് തയ്യാറായില്ല. ആയുധം കൊണ്ട് ഗസ്സയെകൂടി കീഴ്‌പ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. പക്ഷെ അതില്‍ അവര്‍ പരാജയപ്പെട്ടു. നിയമാനുസൃതവും ഭരണാഘടനാപരവുമായി ഭരണത്തില്‍ പങ്കാളിയാകാനുളള ഹമാസിന്റെ അവകാശം വകവെച്ചു നല്‍കാന്‍ അതുകൊണ്ടാണ് ഞങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. അതേ സമയം ഫലസ്തീന്‍ ഐക്യത്തിന്റെ ആവശ്യകതയെ ഹമാസ് ഒട്ടും വിലകുറച്ച കാണുന്നുമില്ല.
ഇസ്രയേലുമായും ഫലസ്തീന്‍ അതോറിറ്റിയുമായി സംന്ധിസംഭാഷണങ്ങള്‍ പുനരാരംഭിക്കാന്‍ ഈജിപ്ത് ശ്രമമാരംഭിച്ചതായി അല്‍ ഹയാത്ത് ദിന പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ ശ്രമങ്ങള്‍ വിജയിക്കുമോ ? 
തൊണ്ണൂറുകള്‍ മുതല്‍ക്കേ നടന്നു വന്നിട്ടുളള ഇത്തരം സംന്ധിസംഭാഷണങ്ങള്‍ വിജയമായിരുന്നുവെന്നാണ് നിങ്ങളുടെ വിലയിരുത്തലെങ്കില്‍ ഇതും ഇതിന് ശേഷമുളളതും വിജയമായിരിക്കും. എന്റെ അഭിപ്രയാത്തില്‍, സന്ധിസംഭാഷണങ്ങളെ മരവിപ്പിക്കാനും പരാജയപ്പെടുത്താനും വേണ്ടിയുളള ശ്രമങ്ങളാണവ. ഈ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കില്ലെന്നാണ് എന്റെ അഭിപ്രായം.
അറബ് വിപ്ലവം ഫലസ്തീന് അനുകൂലമായി ഭവിക്കുമെന്ന് പലരും വിലയിരുത്തുന്നു. എന്ത് തോന്നുന്നു? 
അറബ്-ഇസ്‌ലാമിക ലോകം പൊതുവെയും ഫലസ്തീനികളോടൊപ്പമാണ്. വിപ്ലവം വിജയിച്ച നാടുകള്‍ പ്രത്യേകിച്ചും. അവിടത്തെ ഭരണാധികാരികളില്‍ പലരും നിസ്സാഹായരോ ഫലസ്തീന്‍ പ്രതികൂലികളോ ആണ്. അറബ് തെരുവുകളെ പ്രതിനിധീകരിക്കുന്ന നേതൃത്വം അധികാരത്തില്‍ വന്നാല്‍ സംശയമില്ല, ഫലസ്തീന്‍ പ്രശ്‌നത്തിലെ അവരുടെ നിലപാട് സത്യസന്ധവും ഫലസ്തീന് അനുകൂലവുമായിരിക്കും.
താങ്കള്‍ നേരത്തെ വെളിപ്പെടുത്തിയ പോലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് ശേഷം ഇസ്‌ലാമിക കക്ഷി വിജയിക്കുമെന്നും അറബ് ലോകത്തിന്റെ നേതൃത്വത്തില്‍ ഈജിപ്ത് വരുമെന്നും താങ്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഇസ്‌ലാമിസ്റ്റ് എന്ന് പ്രത്യേകം പറയാന്‍ കാരണം? 
ഈജിപ്തില്‍ ഇസ്‌ലാമിക മുന്നേറ്റത്തിന് ഏറ്റവും വലിയ പ്രതിസന്ധി മുബാറക്കായിരുന്നുവെന്നു എല്ലാവര്‍ക്കുമറിയാം. ഇസ്‌ലാമിക പാര്‍ട്ടികളല്ലാത്ത സ്വതന്ത്ര പാര്‍ട്ടികള്‍ക്ക് വിപ്ലവാനന്തര തെരഞ്ഞെടുപ്പില്‍ വളരെ കുറച്ച് വോട്ടുകളെ നേടാനായുളളൂ. രണ്ട് നിലപാടുകളാണ് ജനങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നത്. ഒന്നുകില്‍ വിപ്ലവത്തെ നയിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ പിന്തുണക്കുക, അല്ലെങ്കില്‍ പഴയ സ്വേഛാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യവസ്ഥയെ പിന്താങ്ങുക. ഈജിപ്തിലെ പൊതുജനം രണ്ടാമത്തെ വിഭാഗത്തോടൊപ്പമല്ല. അവരുടെ വിജയം ഫലസ്തീന് ഒരു ഗുണവും ചെയ്യുകയില്ല.
ഗസ്സ ഉപരോധത്തിലല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? 
എന്റെ അഭിപ്രയാത്തില്‍ ഗസ്സ ഉപരോധത്തിലല്ലായിരുന്നുവെങ്കില്‍ പല നിലയിലും മെച്ചമാകുമായിരുന്നു. ഒരുപാട് മാറ്റങ്ങളും നിരവധി നേട്ടങ്ങളും ഉണ്ടാകാുമായിരുന്നു. ഈ ഉപരോധത്തിനിടയിലും ഞങ്ങള്‍ പല നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ ഉപരോധമില്ലെങ്കില്‍ കാര്യം പറയണോ!
ഈ വിപ്ലവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ശേഷവും ഗസ്സയില്‍ ഉപരോധം തുടരുമെന്ന വര്‍ത്തമാനത്തെ കുറിച്ച് എന്ത് പറയുന്നു? 
രാഷ്ട്രീയമായും പ്രായോഗികമായും ഗസ്സ ഉപരോധത്തില്‍ തന്നെയാണ്. ഉപരോധവും അധിനിവേശവും അതിനെ വീര്‍പ്പുമുട്ടിക്കുമ്പോഴും രാജ്യ നിവാസികളുടെ കായിക ശേഷിയും ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയുമാണ് പല പ്രതിസന്ധി ഘട്ടങ്ങളെയും അതിന് അതിജയിക്കുവാന്‍ പ്രാപ്തമാക്കിയത്. ഗസ്സയിലെ രോഗികള്‍ക്ക് ആവശ്യമരുന്നുകളും ചികിത്‌സയും തടണഞ്ഞും വൈദ്യുതി വിഛേദിച്ചും, ങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഗസ്സയുടെ സുരക്ഷാ ക്രമീകരങ്ങള്‍ തകര്‍ക്കാനും ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ശത്രുക്കളെ സഹായിക്കാന്‍ ശ്രമിച്ചവരും ഗസ്സക്കകത്ത് നിന്നുമുണ്ടായിരുന്നു. എല്ലാ ആഭ്യന്തര പ്രശ്‌നങ്ങളെയും മറികടക്കാനും ഞങ്ങള്‍ക്കായിട്ടുണ്ട്. ഈ ഉപരോധത്തിനിടയിലും ഇതെല്ലാം ഞങ്ങള്‍ക്ക് സാധിച്ചത് ഞങ്ങളുടെ വിജയം തന്നെയാണ്‌
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

(ഇസ്ലാം ഓണ്‍  ലൈവ് )

അഭിപ്രായങ്ങളൊന്നുമില്ല: