2016, ജൂലൈ 11, തിങ്കളാഴ്‌ച

ഗുജറാത്ത് പോലീസാണ് ഇശ്‌റത്തിനെ തട്ടിക്കൊണ്ടുപോയി കൊന്നത്

വൃന്ദാ ഗ്രൊവര്‍




ഇശ്‌റത്ത് ജഹാന്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് മോദി ഗവണ്‍മെന്റിന്റെ നുണയുല്‍പ്പാദന ഫാക്ടറിയില്‍ അടുത്തിടെ അംഗത്വം എടുത്ത ആളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു. മിസ്റ്റര്‍ കിരണ്‍ റിജ്ജു, താങ്കള്‍ ആരുടെ കൂടെയാണ് ജോലി ചെയ്യുന്നത്? ഇന്ത്യന്‍ ഭരണഘടനക്ക് വേണ്ടിയല്ലെന്ന കാര്യം തീര്‍ച്ചയാണ്.
2016 മെയ് 27-ന്, ഇന്ത്യാ ടുഡെ ടി.വിയില്‍ നടത്തിയ സംസാരത്തില്‍, ഇശ്‌റത്ത് ജഹാന്‍ ഒരു ലശ്കറെ തൊയ്ബ സഹായി ആയിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് ഇതെങ്ങനെ അറിയാം?
അദ്ദേഹത്തിന് ലഭ്യമായേക്കാവുന്ന ഫയലുകളില്‍ നിന്നോ രേഖകളില്‍ നിന്നോ അല്ല ഈ വിവരം ലഭിച്ചത്. ലശ്കറെ തൊയ്ബയുടെ വെബ്‌സൈറ്റ്, 2004-ല്‍ ഇശ്‌റത്തിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചിരുന്നു. പക്ഷെ അതേ വെബ്‌സൈറ്റ് തന്നെ 2007-ല്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുകയും, മാപ്പ് പറയുകയും, ഇശ്‌റത്ത് ലശ്കറെ തൊയ്ബയുടെ ഭാഗമായിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ആഭ്യന്തര സഹമന്ത്രി ലശ്കറെ തൊയ്ബയെ ഇപ്പോള്‍ വിശ്വസിക്കാത്തത്?
ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിച്ച പോലിസ് ഓഫീസര്‍, ലശ്കറെ തൊയ്ബ തിരുത്തി പറഞ്ഞ സമയത്ത് (2007) സി.ബി.ഐയിലേക്ക് നിയമിക്കപ്പെട്ടിരുന്നു എന്ന് റിജ്ജു പറഞ്ഞിരുന്നു.
അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് 2013-ല്‍ സി.ബി.ഐ കണ്ടെത്തി. ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥരും, ഐ.ബി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തി നടപ്പിലാക്കിയ അരുംകൊല.
ഇന്ത്യ ടുഡേയുടെ ഗൗരവ് സാവന്തിന്റെ മുന്നിലിരുന്ന് കിരണ്‍ റിജ്ജു പറയുകയാണ്, 'യു.പി.എ സര്‍ക്കാര്‍ ലശ്കറെ തൊയ്ബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.'!! ഗൗരവ് സാവന്ത് ആകെ സന്തോഷത്തിലായി. കാരണം അദ്ദേഹത്തിന് ഒരു വാചകം വീണു കിട്ടിയിരിക്കുന്നു. മന്ത്രിയുടെ പരാമര്‍ശത്തെ സംബന്ധിച്ച വസ്തുതകളോ, തീയ്യതികളോ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ പോലും അയാള്‍ തുനിയുന്നില്ല. നമുക്ക്, അതായത് പൊതുസമൂഹത്തിന് അപ്രാപ്യമായ രേഖകള്‍ ആഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ കിരണ്‍ റിജ്ജുവിന് ലഭ്യമാണ് എന്ന് ഗൗരവ് സാവന്ത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. സത്യമാണോ? അങ്ങനെയാണോ ഇത്തരമൊരു വന്‍ കണ്ടെത്തല്‍ റിജ്ജു നടത്തിയത്?
ഇനി അല്‍പ്പം വസ്തുതകളിലേക്കും, തീയ്യതികളിലേക്കും കടക്കാം.
2011 നവംബറില്‍, ഗുജറാത്ത് ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി), (സതീഷ് വര്‍മ അതില്‍ ഒരംഗമാണ്) അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 2011 ഡിസംബറില്‍, ഗുജറാത്ത് ഹൈകോടതി പുറപ്പെടുവിച്ച വിധിയില്‍, അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. അപ്രകാരം 2012-ല്‍ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറപ്പെട്ടു.
ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫീസറാണ് സതീഷ് വര്‍മ്മ. അദ്ദേഹം കേന്ദ്രത്തിലേക്ക് ഒരിക്കലും നിയോഗിക്കപ്പെട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സി.ബി.ഐ അന്വേഷണത്തില്‍ സഹകരിക്കുക എന്നതായിരുന്നു സതീഷ് വര്‍മക്ക് ഏല്‍പ്പിക്കപ്പെട്ടിരുന്ന ദൗത്യം. അങ്ങനെ സി.ബി.ഐ കേസന്വേഷണം നടത്തുകയും, 2013 ജൂലൈയില്‍ 11 ഗുജറാത്ത് പോലിസ് ഓഫീസര്‍മാര്‍ക്കെതിരെയും, 2014 ഫെബ്രുവരിയില്‍ നാല് ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ രേഖകളും, ഗുജറാത്ത് ഹൈക്കോടതിയുടെ വിധികളും, സി.ബി.ഐ കുറ്റപത്രവും സമയം കിട്ടിയാല്‍ ഒന്ന് വായിച്ചു നോക്കണമെന്ന് ആഭ്യന്തര സഹമന്ത്രി മിസ്റ്റര്‍ കിരണ്‍ റിജ്ജുവിനോട് വളരെ വിനീതമായി ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ കോടതികളില്‍ വിശ്വാസം വെച്ച് പുലര്‍ത്താനും, അവയെ യഥാവിധി പരിഗണിക്കാനും ദയവുണ്ടാകണം.
2007-നും 2012-നും ഇടയില്‍ 5 വര്‍ഷത്തെ വിടവുണ്ട്. താങ്കള്‍ പച്ചക്കള്ളമാണ് പറയുന്നത്, താങ്കള്‍ വസ്തുതകളെ വളച്ചൊടിക്കുകയാണ്, താങ്കള്‍ താങ്കളുടെ പദവി ദുരുപയോഗം ചെയ്യുകയാണ്. നിങ്ങളുടെ പക്കല്‍ ഒന്നും തന്നെയില്ല, ഇശ്‌റത്ത് ജഹാന്‍ ഒരു ലശ്കറെ തൊയ്ബ ഭീകരവാദിയാണെന്ന് തെളിയിക്കുന്ന ഒന്നും തന്നെയില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.
ഇശ്‌റത്ത് ജഹാനെ തട്ടിക്കൊണ്ടുപോയി, നിയമവിരുദ്ധമായി തടവില്‍പാര്‍പ്പിച്ച്, ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് വസ്തുതകളും തെളിവുകളും ഇപ്പോഴും പറയുന്നത്. റാണാ അയ്യൂബ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ ഈ സത്യത്തിന് അടിവരയിടുന്നുണ്ട്.
(പ്രമുഖ സുപ്രീംകോടതി അഭിഭാഷകയാണ് ലേഖിക)
വിവ: ഇര്‍ഷാദ് കാളാച്ചാല്‍       കടപ്പാട്  ഇസ്ലാം  ഓണ്‍ ലൈവ് 

അഭിപ്രായങ്ങളൊന്നുമില്ല: