2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

''ഇബാദത്തും മുജാഹിദ് സുഹൃത്തുക്കളുടെ കൊച്ചുകൊച്ചു സംശയങ്ങളും'' -ഭാഗം ഒന്ന്.

ചോദ്യം ഒന്ന്: 

അനുസരണം ഇബാദത്താണെങ്കില്‍ അല്ലാഹുവിനു പുറമെ 
പ്രവാചകന്മാരെയും ഭരണാധികാരികളെയും മാതാപിതാക്കളെയും മറ്റും 
അനുസരിക്കാന്‍ ഇസ്ലാം കല്‍പിക്കുമായിരുന്നോ?. ഇവരെയൊക്കെ 
അനുസരിക്കണമെന്ന് അല്ലാഹുവും റസൂലും ആജ്ഞാപിച്ചിരിക്കെ, 
ഇബാദത്തിന് അനുസരണം എന്നര്‍ഥ മില്ലെന്നതിന് അതുതന്നെ മതിയായ 
സാക്ഷ്യമല്ലേ?.

'യുവത' പ്രസിദ്ധീകരിച്ച 'ഇസ്ലാം വിശ്വാസദര്‍ശന'ത്തില്‍ പറയുന്നു: 
ഇബാദത്തിന് അനുസരണം എന്ന തര്‍ജ്ജമ എത്രമാത്രം അനുയോജ്യമാകുമെന്ന് 
പരിശോധിക്കാം. ഈ അര്‍ഥം സ്വീകരിക്കുമ്പോള്‍ അല്ലാഹുവിനെയല്ലാതെ 
മറ്റാരെയും അനുസരിക്കാന്‍ പാടില്ല എന്നായിത്തീരും لااله الا الله എന്ന 
കലിമയുടെ 
പൊരുള്‍. എന്നാല്‍ പ്രവാചകന്മാര്‍, മാതാപിതാക്കള്‍, നേതാക്കള്‍ തുടങ്ങി 
പലരെയും അനുസരിക്കാന്‍ കല്‍പിച്ചിട്ടുള്ളതായി പരിശുദ്ധ ഖുര്‍ആനിലും 
തിരുസുന്നത്തിലും ധാരാളം കാണാം... ഈ വസ്തുത ചൂണ്ടിക്കാണിക്കപ്പെട്ടു. 
അതിനാല്‍ ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം പറയാവതല്ല എന്ന് 
വ്യക്തമാക്കപ്പെടുകയും ചെയ്തു. (പേജ്:588,589)

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതുന്നു: 'ഇബാദത്തിന് അനുസരണം 
എന്നുകൂടി അര്‍ഥമുണ്ടെന്ന് അഥവാ, അല്ലാഹുവല്ലാത്തവര്‍ക്കുള്ള 
അനുസരണം ബഹുദൈവത്വമാകുമെന്ന് വാദിക്കുന്നവര്‍ ശിര്‍ക്കാകുന്നതും 
ആകാത്തതുമായ അനുസരണത്തെ വ്യവഛേദിക്കുന്നതില്‍ വലിയ 
ആശയക്കുഴപ്പം പ്രകടമാണ്' (മതം, രാഷ്ട്രീയം, ഇസ്വ്ലാഹീ പ്രസ്ഥാനം. 
പേജ്:153)

ഉത്തരം:
ഇബാദത്ത്=ഇത്വാഅത്ത്(അനുസരണം) എന്നല്ല, ഇബാദത്ത് എന്നതിന് 
ഇത്വാഅത്ത് എന്നുകൂടി അര്‍ഥമുണ്ടെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. 
ഇബാദത്ത് എന്ന് പ്രയോഗിക്കപ്പെടുന്നിടത്തെല്ലാം ഇത്വാഅത്ത് എന്ന് 
അര്‍ഥമുണ്ടെന്നോ ഇത്വാഅത്ത് എന്ന് പ്രയോഗിക്കുന്നിടത്തെല്ലാം ഇബാദത്ത് 
എന്നാണ് വിവക്ഷയെന്നോ അത് വാദിക്കുന്നില്ല. ഇബാദത്തും ഇത്വാഅത്തും 
പര്യായപദങ്ങളല്ല. പരമവും ആത്യന്തികവുമായ അനുസരണം ഇബാദത്തില്‍ 
പെടുന്നു. അത് അല്ലാഹുവിനേ പാടുള്ളൂ. അല്ലാഹുവല്ലാത്തവര്‍ക്കുള്ള 
അനുസരണം അവന്നുള്ള അനുസരണത്തിന് വിധേയമാണ്. അവന്‍ 
കല്‍പിച്ചതുകൊണ്ടാണ് അവരെയെല്ലാം അനുസരിക്കുന്നത്. അഥവാ അത്തരം 
അനുസരണങ്ങള്‍ സോപാധികമാണ്. അല്ലാഹുവിനുള്ള അനുസരണത്തിന് 
വിധേയമാണ്. ആത്യന്തിക വിശകലനത്തില്‍ അല്ലാഹുവിനുള്ള അനുസരണം 
തന്നെയാണ്. അഥവാ, അല്ലാഹുവിനുള്ള ഇബാദത്ത്. അതുകൊണ്ടുതന്നെ 
ദൈവേതരരെ അനുസരിക്കാന്‍ കല്‍പിച്ചതിലൂടെ അവര്‍ക്ക് ഇബാദത്ത് 
ചെയ്യാന്‍ ആജ്ഞാപിക്കുകയല്ലേ ചെയ്തത് എന്ന ചോദ്യം അപ്രസക്തമാണ്.

അനുസരണത്തിന്റെ കാര്യമിരിക്കട്ടെ, സാക്ഷാല്‍ റുകൂഅ് സുജൂദുകള്‍ തന്നെ 
അല്ലാഹു കല്‍പിച്ചതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് ചെയ്യുന്നതെങ്കില്‍ അത് 
അല്ലാഹുവിനുള്ള ഇബാദത്തേ ആകൂ. അല്ലാഹു മലക്കുകളോട് ആദമിന് 
സുജൂദ് ചെയ്യാന്‍ കല്‍പിച്ചു. അങ്ങനെ മലക്കുകള്‍ ആദമിന് സുജൂദ് ചെയ്തു. 
ഇവിടെ മലക്കുകള്‍ ആര്‍ക്കാണ് ഇബാദത്ത് ചെയ്തത്?. ആദമിനോ 
അല്ലാഹുവിനോ?. ആദമിനാണെന്ന് ആരും പറയുകയില്ല. സുജൂദ് ചെയ്തത് 
ആദമിനാണെങ്കിലും അത് അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ചായതിനാല്‍ 
അല്ലാഹുവിനുള്ള ഇബാദത്താണ്. പ്രവാചന്മാരെയും ഭരണാധികാരികളെയും 
ഗുരുജനങ്ങളെയും മാതാപിതാക്കളെയും മറ്റും അനുസരിക്കുന്നതും തഥൈവ.

ഇക്കാലത്ത് മുജാഹിദ് സുഹൃത്തുക്കളുണ്ടാക്കുന്ന ഇത്തരത്തിലുള്ള 
സംശയങ്ങള്‍ക്ക് മറുപടിയെന്നോണം ഇക്കാര്യം മുന്‍കാല പണ്ഡിതന്മാര്‍ തന്നെ 
വ്യക്തമാക്കിയതായി കാണാം. സൂറ: യാസീനിലെلاتعبد الشيطان എന്ന 
ആയത്തിന്റെ വിശദീകരണത്തില്‍ തഫ്സീര്‍ റാസി പറയുന്നു:قوله لاتعبدوا الشيطان 
معناه لاتطيعوا، بدليل أن المنهي عنه ليس هو السجود له فحسب، بل الانقياد لأمره والطاعة له، فالطاعة عبادة، لايقال فنكون 
نحن مأمورين بعبادة الأمراء حيث أمرنا بطاعتهم في قوله تعالى: أطيعوا الله وأطيعوا الرسول وأولي الأمر منكم، لأنا نقول 
طاعتهم اذا كانت بأمر الله لاتكون الا عبادة لله وطاعة له، وكيف لا؟. ونفس السجود والركوع للغير اذا كان بأمر الله لايكون الا 
عبادة الله، الا ترى أن الملائكة سجدوا لآدم ولم يكن ذلك الا عبادة الله، وإنما عبادة الأمراء هو طاعتهم فيما لم يأذن الله فيه،،،، 
فإذا جاءك شخص يأمرك بشيئ فانظر ان كان ذلك موافقا لأمر الله أو ليس موافقا، فإن لم يكن موافقا فذلك الشخص معه الشيطان 
يأمرك بما يأمرك به، فإن أطعته فقد عبدت الشيطان، وإن دعتك نفسك الى فعل فانظر أهو مأذون فيه من جهة الشرع أوليس كذلك، فإن لم يكن مأذونا فيه فنفسك هي الشيطان أو معها الشيطان يدعوك، فإن اتبعته فقد عبدته (تفسير الكبير:
7/103) 
(നിങ്ങള്‍ പിശാചിന് ഇബാദത്ത് ചെയ്യരുത് എന്ന് അല്ലാഹു പറഞ്ഞതിന്റെ 
അര്‍ഥം നിങ്ങള്‍ അവനെ അനുസരിക്കരുത് എന്നാണ്. കാരണം ഇവിടെ 
നിഷിദ്ധമായിട്ടുള്ളത് അവന് സാഷ്ടാംഗം ചെയ്യുന്നത് മാത്രമല്ല. മറിച്ച്, 
അവന്റെ കല്‍പനകളെ പിന്‍പറ്റുന്നതും അവനെ അനുസരിക്കുന്നതും 
നിഷിദ്ധമാണ്. അപ്പോള്‍ അനുസരണം ഇബാദത്താണെന്ന് വരുന്നു. എന്നാല്‍ 
'അല്ലാഹുവിനെ അനുസരിക്കുക; പ്രവാചകനെയും നിങ്ങളില്‍ നിന്നുള്ള 
ഭരണകര്‍ത്താക്കളെയും അനുസരിക്കുക' എന്ന അല്ലാഹുവിന്റെ വാക്യത്തില്‍ 
അവന്‍ നമ്മോട് ഭരണകര്‍ത്താക്കളെ അനുസരിക്കാന്‍ കല്‍പിച്ചിരിക്കയാല്‍ 
നാം ഭരണകര്‍ത്താക്കള്‍ക്ക് ഇബാദത്ത് ചെയ്യാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു 
എന്ന് പറയാന്‍ പറ്റുകയില്ല. കാരണം, അവരെ അനുസരിക്കുന്നത് അല്ലാഹു 
കല്‍പിച്ചതുകൊണ്ടാണെങ്കില്‍ അത് അല്ലാഹുവിനുള്ള ഇബാദത്തും അവ 
നോടുള്ള അനുസരണവും മാത്രമേ ആകുന്നുള്ളൂ. അങ്ങനെ ആകാതിരിക്കാന്‍ 
വഴിയില്ല. സാക്ഷാല്‍ റുകൂഅ്-സുജൂദുകള്‍ തന്നെ അല്ലാഹു 
കല്‍പിച്ചതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് ചെയ്യുന്നതെങ്കില്‍ അതുപോലും 
അല്ലാഹുവിനുള്ള ഇബാദത്തേ ആകുന്നുള്ളൂ. മലക്കുകള്‍ ആദമിന് സുജൂദ് 
ചെയ്തത് നീ കണ്ടില്ലേ!. അത് അല്ലാഹുവിനുള്ള ഇബാദത്തല്ലാതെ 
മറ്റൊന്നുമായിരുന്നില്ല. അപ്പോള്‍ അല്ലാഹു അനുവാദം നല്‍കാത്ത 
കാര്യങ്ങളില്‍ ഭരണകര്‍ത്താക്കളെ അനുസരിക്കുമ്പോഴാണ് അത് അവര്‍ക്കുള്ള 
ഇബാദത്തായിത്തീരുന്നത്. .....നിന്നോട് വല്ലതും കല്‍പിച്ചുകൊണ്ട് ഒരാള്‍ 
നിന്റെ അടുത്ത് വന്നാല്‍ അത് അല്ലാഹുവിന്റെ കല്‍പനക്ക് 
അനുരോധമാണോ അല്ലേ എന്ന് നീ നോക്കണം. അനുരോധമല്ലെങ്കില്‍ ആ 
വ്യക്തിയുണ്ടല്ലോ, അവന്റെ കൂടെ പിശാചുണ്ട്. അവന്‍ നിന്നോട് 
കല്‍പിക്കുന്നത് ആ പിശാചാണ് കല്‍പിക്കുന്നത്. അവനെ നീ അനുസരിച്ചാല്‍ 
നീ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിന്റെ മനസ്സ് ഒരു കാര്യം 
ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചാല്‍ അത് ശരീഅത്തില്‍ അനുവദിക്കപ്പെട്ടതാണോ 
അല്ലേ എന്ന് നീ നോക്കണം. അനുവദിക്കപ്പെട്ടതല്ലെങ്കില്‍ നിന്റെ മനസ്സ് 
തന്നെയാണ് പിശാച്. അല്ലെങ്കില്‍ നിനക്ക് പ്രേരണ നല്‍കുന്ന പിശാച് ആ 
മനസ്സിന്റെ കൂടെയുണ്ട്. അവനെ നീ പിന്‍പറ്റിയാല്‍ അവന് നീ ഇബാദത്ത് 
ചെയ്തു.)

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അറിയപ്പെടുന്ന പണ്ഡിതന്‍ സയ്യിദ് സുലൈമാന്‍ 
നദ്വി എഴുതുന്നു: ഇബാദത്ത് എന്നാല്‍ ഒരു വസ്തുവെ ആരാധ്യ വസ്തുവായി 
പ്രതിഷ്ഠിച്ച് അതിനോട് പ്രാര്‍ഥിക്കല്‍ മാത്രമല്ല. വല്ലവന്റെയും 
ആജ്ഞാനിര്‍ദ്ദേശങ്ങള്‍ ദൈവകല്‍പനയെന്നപോലെ സ്വതന്ത്രമായും 
നിരുപാധികമായും അനുസരിക്കലും ഇബാദത്തുതന്നെയാണ്.(لا تعبد الشيطان ، ولا 
يشرك بعبادة ربه أحدا ، ولا يشرك في حكمه أحدا ، وان أطعتموهم إنكم لمشركون ഉദ്ധരിച്ച ശേഷം വീണ്ടും 
അദ്ദേഹം എഴുതുന്നു:) അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്ന് 
മേല്‍ ആയത്തുകളില്‍ നിന്ന് സ്പഷ്ടമാണല്ലോ. എന്നാല്‍ പിന്നെ നബിമാരെയും 
ഖ ലീഫമാരെയും ഇമാമുകളെയും മറ്റും അനുസരിക്കാന്‍ ഇസ്ലാം 
അനുശാസിച്ചിരിക്കുന്നത് എങ്ങനെ ശരി യാകും എന്നൊരു ചോദ്യം ഇവിടെ 
ഉന്നയിച്ചേക്കും. മറുപടി ഇതാണ്: ഇസ്ലാമില്‍ അനുസരണം അല്ലാഹുവിന് 
മാത്രമേ പാടുള്ളൂ. തീര്‍ച്ച തന്നെ. എന്നാല്‍ ദൈവാജ്ഞ നടപ്പാക്കാന്‍ വേണ്ടിയും 
അതിന് വി ധേയമായിക്കൊണ്ടും മാത്രം മറ്റുള്ളവരെയും 
അനുസരിക്കാവുന്നതാണ്. വേദക്കാര്‍ക്ക് ഈമാനില്ലെന്ന് വിമര്‍ശിക്കാന്‍ 
കാരണം അവര്‍ അല്ലാഹുവിന്റെ നിയമത്തിന് മാത്രം വിധേയരാവാതെ 
സൃഷ്ടികളെ അനുസരിച്ചു എന്നതാണ്. അതാണ് അല്ലാഹു വിശദീകരിക്കുന്നത്: 
'അവര്‍ അല്ലാഹുവെ മാറ്റി പണ്ഡിതന്മാരെയും പുരോഹിതന്മാരെയും 
റബ്ബുകളാക്കി. മര്‍യമിന്റെ മകന്‍ മസീഹിനെയും. ഏക ഇലാഹിന് 
ഇബാദത്ത് 
ചെയ്യാനല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല'.(തൌബ:31). അവര്‍ പണ്ഡിത-
പുരോഹിതന്മാരെ റബ്ബുകളാക്കി ഇബാദത്ത് ചെയ്തിരുന്നത് 
ഇങ്ങനെയായിരുന്നു: അവരുടെ ആജ്ഞകള്‍ ജീവിത നിയമങ്ങളായി 
അംഗീകരിച്ചു. അല്ലാഹുവിന്റെ പേരില്‍ വിധിവിലക്കുകള്‍ 
പുറപ്പെടുവിക്കാന്‍ ഈ പണ്ഡിത-പുരോഹിതന്മാര്‍ക്ക് അധികാരമുണ്ടെന്ന് 
വേദക്കാര്‍ വാദിച്ചിരുന്നു. ഈ ശിര്‍ക്ക് കൈവെടിയണമെന്നാണ് ഖുര്‍ആന്‍ 
അവരോട് ആഹാനം ചെയ്തത്. 'വേദക്കാരെ, ഞങ്ങള്‍ക്കും 
നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്ക് വരിക. അതായത് 
അല്ലാഹുവിനല്ലാതെ നാം ഇബാദത്ത് ചെയ്യരുത്. അവനോട് യാതൊന്നും 
പങ്കുചേര്‍ക്കരുത്. നമ്മില്‍ ചിലര്‍ ചിലരെ റബ്ബാക്കരുത്'(ആലു ഇംറാന്‍:64). 
അനുസരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണീ റബ്ബാക്കലെന്ന കാര്യം 
സ്പഷ്ടമാണ്. ജാമിഉത്തുര്‍മുദിയിലും മുസ്നദ് അഹ്മദിലും ഇപ്രകാരം 
വന്നിരിക്കുന്നു: ഒരു അറേബ്യന്‍ ക്രൈസ്തവ നേതാവായിരുന്ന അദിയ്യ് ബിന്‍ 
ഹാതിമിന് റസൂല്‍ മേലുദ്ധരിച്ച ആയത്ത് കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 
വേദക്കാര്‍ പണ്ഡിത-പുരോഹിതന്മാര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ലല്ലോ. 
തിരുമേനി പറഞ്ഞു: അവര്‍ പണ്ഡിത-പുരോഹിതന്മാരുടെ ആജ്ഞകള്‍ 
അംഗീകരിക്കുന്നുണ്ടല്ലോ. ഫതില്‍ക ഇബാദത്തുഹും ഇയ്യാഹും-
അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത്'(ഖുദാ കീ ഹാക്കിമിയ്യത്ത്; സിന്ദഗീ 
ഉര്‍ദു മാസിക, ഡിസംബര്‍ 1950)

മുസ്ലിം ലോകത്തെ ഏറ്റം ആധികാരിക വിജ്ഞാന കേന്ദ്രമായി ഗണിക്കപ്പെടുന്ന 
ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ مجمع البحوث الإسلامية 
(ഇസ്ലാമിക ഗവേഷണ കൌണ്‍സിലി)ന്റെ ആഭിമുഖ്യത്തില്‍ ഉസ്താദ് 
മുഹമ്മദ് 
അഹ്മദ് അബൂസഹ്റ, ഉസ്താദ് മുഹമ്മദ് ഖലഫുല്ലാഹ് അഹ്മദ്, ഡോ. മുഹമ്മദ് 
മഹ്ദീ അല്ലാം എന്നീ പ്രമുഖരുള്‍പ്പെടെ പത്തോളം പണ്ഡിതന്മാര്‍ ചേര്‍ന്ന ഒരു 
സമിതി തയ്യാറാക്കിയ التفسير الوسيطല്‍ സൂറത്തുല്‍ ഫാതിഹയുടെ വ്യാഖ്യാനത്തില്‍ 
എഴുതുന്നു: ആരാധ്യനോടുള്ള സ്നേഹത്തില്‍ അധിഷ്ഠിതവും അവനോടൂള്ള 
അത്യന്തികമായ കീഴ്വണക്കം ദ്യോതിപ്പിക്കുന്ന വിധത്തില്‍ 
നിര്‍വഹിക്കപ്പെടുന്നതുമായ നിഷ്കളങ്കമായ അനുസരണം തന്നെയാണ് 
ആരാധ്യനുള്ള ഇബാദത്ത്. ഇബാദത്ത് ഈ അര്‍ഥത്തിലുള്ളതാകയാല്‍ 
അല്ലാഹുവിന് മാത്രമേ അതാകാവൂ. കേവലമായ 
ആജ്ഞാനുവര്‍ത്തനത്തിലൂടെ സംഭവിക്കുന്ന അനുസരണത്തേക്കാള്‍ 
പരിമിതമാണത്. എല്ലാ ഇബാദത്തുകളും അനുസരണമാണ്. എന്നാല്‍ എല്ലാ 
അനുസരണങ്ങളും ഇബാദത്തല്ല. നിങ്ങള്‍ മാതാപിതാക്കളുടേയോ 
നേതാവിന്റേയോ കല്‍പന പ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങളവരെ 
അനുസരിച്ചു എന്ന് പറയാം. നിങ്ങളവര്‍ക്ക് ഇബാദത്ത് ചെയ്തു എന്ന് 
പറയാന്‍ പറ്റില്ല. അനുസരണങ്ങളിലെ അത്യുന്നത സ്ഥാനമാണ് ഇബാദത്ത്.' 
(അത്തഫ്സീറുല്‍ വസീത്വ്, 1/20)

'തൌഹീദിന്റെ സത്ത'യെ സംബന്ധിച്ച് വിശദീകരിക്കവേ, ശൈഖ് 
അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖ് പറയുന്നു: അല്ലാഹു നമ്മോട് 
മറ്റാര്‍ക്കെങ്കിലും ഇബാദത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കാന്‍ നാം 
ബാധ്യസ്ഥരാണ്. കാരണം അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുക 
എന്നതാണ് അടിസ്ഥാനം. ആദമിന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് 
ആവശ്യപ്പെട്ടപ്പോള്‍, സുജൂദ് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതായിട്ടുകൂടി 
അവര്‍ സുജൂദ് ചെയ്തത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുക എന്ന 
അടി സ്ഥാനത്തിലായിരുന്നു. ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വെറും 
കല്ലായിരുന്നിട്ട് കൂടി ഹജറുല്‍ അസ്വദിനെ നാം മുത്തുന്നതും അല്ലാഹുവിന്റെ 
കല്‍പന അനുസരിക്കാന്‍ വേണ്ടി മാത്രം. മാതാപിതാക്കള്‍, ഭര്‍ത്താവ്, 
കൈകാര്യകര്‍ത്താക്കള്‍, എന്നിവരെ അനുസരിക്കാന്‍ അല്ലാഹു 
ആവശ്യപ്പെട്ടത് അവന് അഹിതകരമല്ലാത്ത വിഷയങ്ങളിലാണ്. അവനെ 
ധിക്കരിച്ചുകൊണ്ടുള്ള അനുസരണമല്ല. 'സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് 
സൃഷ്ടിയെ അനുസരിക്കാവതല്ല' എന്ന് നബി(സ) പറഞ്ഞത് അതുകൊണ്ടാണ്. 
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാകുന്നു: അല്ലാഹുവിന്റെ മാത്രം 
കല്‍പനകളെ പിന്‍പറ്റുക എന്ന തൌഹീദാണ് തൌഹീദിന്റെ ഇനങ്ങളില്‍ 
എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന തൌഹീദ്... തനിക്കുമാത്രമാവണമെന്ന് 
അല്ലാഹു നിശ്ചയിച്ച ഏതെങ്കിലുമൊരു ആരാധനാകര്‍മം മറ്റാര്‍ക്കെങ്കിലും 
സമര്‍പ്പിച്ചാല്‍ അത് ശിര്‍ക്കായി ഗണിച്ചിരിക്കുന്നു അല്ലാഹു. 
അതേപ്രകാരംതന്നെ ഏതെങ്കിലുമൊരു കാര്യത്തില്‍ തനിക്ക് പകരം 
മറ്റൊരാളെ അനുസരിക്കുന്നതും ശിര്‍ക്കായി ഗണിച്ചിരിക്കുന്നു. അപ്പോള്‍ 
ആരാധനയിലേയും അനുസരണത്തിലേയും ശിര്‍ക്ക് സമാസമമാണ്. അല്ലാഹു 
പറഞ്ഞു: അവന്‍ തന്റെ ആധിപത്യത്തില്‍ ആരെയും പങ്കാളിയാക്കുന്നില്ല.
(അല്‍ കഹ്ഫ്:26), തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവനാരോ, 
അവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ, ഇബാദത്തില്‍ ആരേയും തന്റെ 
റബ്ബിന്റെ പങ്കാളിയാക്കാതിരിക്കുകയും ചെയ്യ ട്ടെ(അല്‍ കഹ്ഫ്:110).

അപ്പോള്‍ ആധിപത്യത്തിലെ ശിര്‍ക്ക് ആരാധനയിലെ ശിര്‍ക്ക് 
പോലെതന്നെയാണ്. ശവം തിന്നുന്ന പ്രശ്നത്തില്‍ അല്ലാഹു ഈ വിഷയം 
വിശദീകരിച്ചിട്ടുണ്ട്. ഒരാട് ചാവുന്നത് അല്ലാഹു അതിന് മരണം 
വിധിക്കുന്നതുകൊണ്ടാണ്. അല്ലാഹുവാണ് കൊല്ലുന്നത് എന്നര്‍ഥം. പക്ഷേ ആ 
ശവം ഹറാമാകുന്നു. അതേയവസരം മനുഷ്യന്‍ അവന്റെ കൈകൊണ്ട് 
അറുക്കുമ്പോള്‍ ഹലാലാവുന്നു. ഇതെങ്ങനെയാണെന്ന് ചിലര്‍ക്ക് സംശയം. 
ഇവിടെ, അല്ലാഹു പറഞ്ഞു: അല്ലാഹുവിന്റെ നാമത്തില്‍ 
അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളു ടെ മാംസം നിങ്ങള്‍ ഭുജിക്കാന്‍ 
പാടില്ലാത്തതാകുന്നു. അത് കുറ്റകരമത്രെ. ചെകുത്താന്മാര്‍ തങ്ങളുടെ 
സഖാക്കളുടെ മനസ്സില്‍ സംശയങ്ങളും വിമര്‍ശനങ്ങളും 
എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്,- അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ 
നിങ്ങള്‍ അവരെ അനുസരിക്കുന്നുവെങ്കില്‍ നിശ്ചയം നിങ്ങള്‍ ശിര്‍ക്ക് 
ചെയ്യുന്നവരാകുന്നു.(അല്‍ അന്‍ആം:121). അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് 
മറ്റുള്ളവരെ അനുസരിക്കുന്നത് ശിര്‍ക്കാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം 
വ്യക്തമാക്കുന്ന വചനമാണിത്. ആ അനുസരണം ചെറിയ കാര്യത്തിലാണോ 
വലിയ കാര്യത്തിലാണോ എന്നതൊന്നും വിഷയമല്ല.(ഉദ്ധരണം: 
സലഫിസത്തിന്റെ സമീപനങ്ങള്‍)

അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണത്തിന്റെ അര്‍ഥതലങ്ങളെ കുറിച്ച് 
ഇത്രയും വ്യക്തമായി പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കെ പിന്നെയും 
മുകളിലുദ്ധരിച്ചതുപോലുള്ള സംശയങ്ങളുന്നയിക്കുന്നത് സാധാരണക്കാരെ 
തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമല്ലെങ്കില്‍ മറ്റെന്താണ്?. 
അതുകൊണ്ടുതന്നെ, സ്വന്തമായുണ്ടാക്കിയ ഞൊണ്ടിന്യായങ്ങള്‍ വെച്ചുകൊണ്ട് 
ഇബാദത്തിന് അനുസരണമെന്ന് അര്‍ഥമേയില്ലെന്ന് സ്ഥാപിക്കാനുള്ള 
മുജാഹിദ് 
സുഹൃത്തുക്കളുടെ ഇത്തരം ശ്രമങ്ങള്‍ സഹതാപമേ അര്‍ഹിക്കുന്നുള്ളൂ. 
ഇബാദത്തിന് അനുസരണം എന്നുകൂടി അര്‍ഥമുണ്ടെന്ന് വാദിച്ച ജമാഅത്തെ 
ഇസ്ലാമിക്കോ, പ്രാചീനരും അര്‍വാചീനരുമായ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കോ 
ശിര്‍ക്കാകുന്നതും ആകാത്തതുമായ അനുസരണമേത് എന്ന് 
വ്യവഛേദിക്കുന്നതില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നതിനും, 
ഇബാദത്തിനെ ആരാധനയില്‍ പരിമിതപ്പെടുത്തുന്നവര്‍ ബോധപൂര്‍വം, 
സാധാരണക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നതിനും ഈ 
പണ്ഡിതോദ്ധരണികള്‍ വ്യക്തമായ തെളിവല്ലേ?. അതുപോലെ പരമവും 
ആത്യന്തികവുമായ അനുസരണമാണ് ഇബാദത്ത്. അതാകട്ടെ അല്ലാഹുവിനു 
മാത്രമേ പാടുള്ളുതാനും. എന്നിരിക്കെ, لااله الا الله വിന് അര്‍ഥം പറയുന്നേടത്ത് 
'വിശ്വാസദര്‍ശന'ക്കാരന്‍ കാണുന്ന ഇസ്ലാമിക വിരുദ്ധതയും ഇല്ലെന്ന് വ്യക്തം.

ഇനിയും മേലുദ്ധരിച്ചതുപോലുള്ള വിതണ്ഡവാദങ്ങളുന്നയിക്കുന്നവരോട് 
നമുക്ക് പറയാനുള്ളതിതാണ്. അല്ലാഹുവല്ലാത്ത പലരേയും 
അനുസരിക്കാനുള്ള കല്‍പനയുള്ളതുകൊണ്ട് ഇബാദത്തിന് അനുസരണം 
എന്നര്‍ഥം പറയാവതല്ലെങ്കില്‍, മാതാപിതാക്കളെയും ബന്ധുജനങ്ങളെയും മറ്റും 
ഉപചരിക്കണമെന്നും ആദരിക്കണമെന്നും ഇസ്ലാം കല്‍പിച്ചിരിക്കെ 
ഇബാദത്തിന് ആരാധന എന്നും അര്‍ഥം പറയാവതല്ല. കാരണം ആരാധന എന്ന 
പദത്തിന് പൂജിക്കുക എന്നര്‍ഥമുള്ളതുപോലെ ആദരിക്കുക, ബഹുമാനിക്കുക, 
ഉപചരിക്കുക എന്നിങ്ങനെയും അര്‍ഥങ്ങളുണ്ട്. അപ്പോള്‍ ലാഇലാഹ 
ഇല്ലല്ലാഹ് എന്നതിന് ആരാധന എന്നര്‍ഥം കല്‍പിച്ചാല്‍ അല്ലാഹുവല്ലാത്ത 
മറ്റാരെയും ആദരിക്കരുത്, ബഹുമാനിക്കരുത്, ഉപചരിക്കരുത് എന്നുവരും!. 
ഇങ്ങനെ ഒരു വാദം ആരെങ്കിലും ഉന്നയിച്ചാല്‍ അതിന് മുജാഹിദുകള്‍ 
നല്‍കുന്ന വിശദീകരണമെന്തായിരിക്കുമോ എതാണ്ട് അതുതന്നെയാണ് 
അനുസരണത്തിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമിക 
പണ്ഡിതന്മാരും നല്‍കുന്നത്.

-അബ്ദുല്‍ അസീസ് പൊന്മുണ്ടം

അഭിപ്രായങ്ങളൊന്നുമില്ല: