2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

''ഇബാദത്തും മുജാഹിദ് സുഹൃത്തുക്കളുടെ കൊച്ചുകൊച്ചു സംശയങ്ങളും'' ഭാഗം രണ്ട്

''ഇബാദത്തും മുജാഹിദ് സുഹൃത്തുക്കളുടെ 
കൊച്ചുകൊച്ചു സംശയങ്ങളും''
രണ്ടാം ഭാഗം 
ചോദ്യം:

ഇബാദത്തിന് ഇത്വാഅത്ത് എന്നര്‍ഥം പറയുന്നത് പരമാബദ്ധമല്ലേ?. اطاعة 
الرسول(റസൂലിനുള്ള അനുസരണം) എന്നതിന് പകരം عبادة الرسول(റസൂലിനുള്ള 
ഇബാദത്ത്) എന്നോ عبادة الله(അല്ലാഹുവിനുള്ള ഇബാദത്ത്) എന്നതിന് പകരം 
اطاعة الله(അല്ലാഹുവിനുള്ള അനുസരണം) എന്നോ പറയാന്‍ പറ്റുമോ?. 
ഉലുല്‍അംറിനെ അനുസരിക്കാന്‍ കല്‍പിച്ചേടത്ത് ഇബാദത്ത് ചെയ്യാന്‍ 
കല്‍പിച്ചു എന്ന് പറയാന്‍പറ്റുമോ?.
എന്‍.വി മുഹമ്മദ് സക്കരിയ്യ എഴുതുന്നു: ഇബാദത്ത് 
അല്ലാഹുവല്ലാത്തവര്‍ക്ക് 
ചെയ്യുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് അസന്ദിഗ്ദമായി പ്രസ്താവിച്ച 
വിശുദ്ധ ഖുര്‍ആന്‍ അനുസരണം അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യണമെന്ന് 
ശക്തിയായി കല്‍പിക്കുകയും ചെയ്യുന്നു. ഇതില്‍ നിന്ന് ഖുര്‍ആന്റെ 
ദൃഷ്ടിയില്‍ 
രണ്ടും രണ്ട് ആശയത്തെ ഉള്‍ക്കൊള്ളുന്നു എന്നാണ് ഗ്രഹിക്കേണ്ടത്. (ഫെയ്സ് 
റ്റു ഫെയ്സ്: പേജ്:167)
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതുന്നു: റസൂലിനെ 
അനുസരിക്കാനും അദ്ദേഹത്തിന് ഇ ബാദത്ത് ചെയ്യാതിരിക്കാനും ഖുര്‍ആനിക 
നിയമപ്രകാരം നാം ബാധ്യസ്ഥരാകുന്നു. റസൂലിനുള്ള അനുസരണം 
നിര്‍ബന്ധവും അദ്ദേഹത്തിന് ഇബാദത്ത് അര്‍പ്പിക്കുന്നത് 
നിഷിദ്ധവുമായിരിക്കെ തൌഹീദിന് നിദാനമായ ഇബാദത്തിന് അനുസരണം 
എന്ന് അര്‍ഥം നല്‍കുന്നത് അടിസ്ഥാനരഹിതവും ആശയക്കുഴപ്പം 
സൃഷ്ടിക്കുന്നതുമാകുന്നു. (മതം, രാഷ്ട്രീയം, ഇസ്വ്ലാഹീ പ്രസ്ഥാനം. പേജ്:89)

ഉത്തരം:
ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് 
സുപ്രധാനമായ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ. സാധാരണ 'അനുസരണം' 
എന്ന് മലയാളത്തില്‍ പറയുമ്പോഴുണ്ടാകുന്ന അര്‍ഥമല്ല 'ഇത്വാഅത്ത്' എന്ന 
അറബി പദത്തിനുള്ളത്. അതിന്റെ ശരിയായ അര്‍ഥം 'അങ്ങേയറ്റത്തെ 
താഴ്മയോടുകൂടിയ അനുസരണം' എന്നാണ്. അതായത്, സന്തോഷത്തോടൂം 
വിധേയത്വത്തോടൂം കൂടി സ്വമനസ്സാലെ അനുസരിക്കുക. സമ്പൂര്‍ണമായ 
അടിമത്തം എന്നതിന്റെയും അര്‍ഥം ഇതുതന്നെയാണ്. كرها (നിര്‍ബന്ധിതമായി) 
എന്നതിന്റെ വിപരീതമായി طوعا(സ്വമേധയാ) എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചത് 
തന്നെ അതിന് തെളിവാണ്. അറബി ഭാഷയുടെ സാധാരണ ശൈലിയും 
അങ്ങനെയാണെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ ഖുര്‍ആനില്‍ തന്നെ 
കണ്ടെത്താന്‍ പ്രയാസമില്ല. ഒരു വിഭാഗം ആളുകള്‍ വന്ന് آمنا(ഞങ്ങള്‍ 
വിശ്വസിച്ചിരിക്കുന്നു) എന്ന് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ അവര്‍ക്ക് നല്‍കിയ 
മറുപടി ഇങ്ങനെയായിരുന്നു:قَالَتِ ٱلأَعْرَابُ آمَنَّا قُل لَّمْ تُؤْمِنُواْ وَلَـٰكِن قُولُوۤاْ أَسْلَمْنَا وَلَمَّا يَدْخُلِ ٱلإِيمَانُ فِي 
قُلُوبِكُمْ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُ لاَ يَلِتْكُمْ منْ أَعْمَالِكُمْ شَيْئاً إِنَّ ٱللَّهَ غَفُورٌ رَّحِيمٌ (الحجرات:
14) (ഈ ബദവി അറബികള്‍ വന്നുകൊണ്ട് പറയുന്നു, ഞങ്ങള്‍ 
വിശ്വസിച്ചിരിക്കുന്നുവെന്ന്. പ്രവാചകരെ താങ്കള്‍ അവരോട് പറയുക, 
നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. ഞങ്ങള്‍ (ബാഹ്യമായി) അനുസരിച്ചിരിക്കുന്നു എന്ന് 
നിങ്ങള്‍ പറഞ്ഞുകൊള്ളൂക. ഈമാന്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇനിയും 
പ്രവേശിച്ചിട്ടില്ല. നിങ്ങള്‍ അല്ലാഹുവിനോടും റസൂലിനോടൂം ത്വാഅത്ത് 
ഉള്ളവരാകുന്ന പക്ഷം നിങ്ങളുടെ കര്‍മങ്ങളൊന്നും അല്ലാഹു 
നഷ്ടപ്പെടുത്തുകയില്ല).

ബാഹ്യമായ അനുസരണം ത്വാഅത്ത് ആവുകയില്ലെന്നും, അത്തരം 
അനുസരണം സ്വീകരിച്ചവരെ പറ്റി യഥാര്‍ഥ വിശ്വാസികള്‍ എന്ന് 
പറയാവതല്ലെന്നും സ്വമേധയാ ഹൃദയംഗമമായി അനുസരിക്കുന്നതാണ് 
ഈമാന്റെ ലക്ഷണമെന്നും അതിന്നാണ് ത്വാഅത്ത് എന്ന് പറയുന്നതെന്നും ഈ 
ഖുര്‍ആന്‍ സൂക്തം പഠിപ്പിക്കുന്നു. അതാണ് ഇബാദത്തിന്റെയും 
ഇത്വാഅത്തിന്റെയും സാക്ഷാല്‍ അര്‍ഥം നിരുപാധികവും 
ഹൃദയംഗമവുമായ അനുസരണമാണെന്ന് പറയാന്‍ കാരണം. എന്നാല്‍ 
പ്രസ്തുത പദങ്ങള്‍ അവയുടെ സാക്ഷാല്‍ അര്‍ഥത്തിലല്ലാതെ സ്വാപാധികമായ 
അനുസരണത്തിനും ചിലപ്പോള്‍ പ്രയോഗിക്കാറുണ്ട്. എല്ലാ ഭാഷകളിലും 
കാണപ്പെടുന്ന ഒരു പൊതുതത്വത്തിന് അറബിഭാഷയും അപവാദമല്ലന്നേ 
അതിന്നര്‍ഥമുള്ളൂ.

അറബി ഭാഷാ നിഘണ്ഡുക്കളെല്ലാം ഇബാദത്തിനും 
അബ്ദിയ്യത്തിനും(അടിമത്തം) ത്വാഅത്ത് എന്നാണര്‍ഥം കൊടുത്തിരിക്കുന്നത്. 
(ഇവ്വിഷയകമായ വിശദികരണങ്ങള്‍ വഴിയേ പ്രതിക്ഷിക്കാം). ലോകത്ത് 
ലഭ്യമായ സുപ്രസിദ്ധ അറബി നിഘണ്ഡുക്കളില്‍ മുന്‍ജിദിന്റെ 
കര്‍ത്താവൊഴിച്ച് മറ്റുള്ളവരെല്ലാം മുസ്ലിംകളാണ്. എന്നിരിക്കെ ഇസ്ലാമില്‍ 
ഇത്രയേറെ പ്രാധാന്യമുള്ള ഇബാദത്ത് എന്ന പദത്തിന്റെ അര്‍ഥം 
അറബികളായ ഒരൊറ്റ ഭാഷാപണ്ഡിതനും മനസ്സിലായില്ല എന്ന് ഇങ്ങ് 
കേരളത്തിലെ ഏതാനും മൌലവിമാര്‍ ജല്‍പിക്കുന്നത് ധാര്‍ഷ്ട്യമല്ലാതെ 
മറ്റെന്താണ്?.

ഇനി, اطاعة الرسول എന്നതിന് പകരം عبادة الرسول എന്ന് പറയാന്‍ പറ്റുമോ എന്നാണ് 
ചോദ്യമെങ്കില്‍ പറ്റുകയില്ല എന്നാണ് മറുപടി. കാരണം റസൂലിനെ 
അനുസരിക്കാന്‍ പറഞ്ഞത് സൂക്ഷ്മാര്‍ഥത്തില്‍ നിരുപാധികമല്ല; 
അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു: وما 
أرسلنا من رسول الا ليطاع بإذن الله (النساء:
64) (അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടുവാന്‍ 
വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല). ഇങ്ങനെ റസൂലിനെ 
അനുസരിക്കുന്നത് യഥാര്‍ഥത്തില്‍ അല്ലാഹുവിനുള്ള അനുസരണവും 
അതിനാല്‍ അവന്നുള്ള ഇബാദത്തുമാണ്. നബിതിരുമേനി പറഞ്ഞു:من أطاعني فقد 
أطاع الله (ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു). 
أولو الأمرനെ അനുസരിക്കാന്‍ പറഞ്ഞേടത്ത് ഇപ്രകാരം സ്വാപാധികമായ 
അനുസരണമാണുദ്ദേശ്യം. പ്രസ്തുത കല്‍പനയുള്‍ക്കൊള്ളൂന്ന സൂക്തത്തിന്റെ 
ശൈലിതന്നെ അതിന് സ്പഷ്ടമായ തെളിവാണ്.ياأيها الذين آمنوا أطيعوا الله وأطيعوا الرسول 
وأولي الأمر منكم (النساء:
59) (വിശ്വസിച്ചവരെ, അല്ലാഹുവിനെ അനുസരിക്കുക. റസൂലി നെയും 
നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക). ഇവിടെ 
أطيعوا എന്ന ക്രിയ രണ്ടുതവണ പറഞ്ഞിരിക്കുന്നു. അല്ലാഹുവിനെ 
അനുസരിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് റസൂലിനെയും 
അനുസരിക്കാന്‍ കല്‍പിച്ചതെങ്കില്‍ ഈ ആവര്‍ത്തനം ആവശ്യമില്ലായിരുന്നു. 
ഇനി, ഈ ആവര്‍ത്തനം ഇല്ലെങ്കില്‍പോലും അല്ലാഹുവിനും റസൂലിനുമുള്ള 
അനുസരണങ്ങള്‍ ഒരുപോലെയാണ് എന്ന് അതുകൊണ്ടര്‍ഥം വരുന്നില്ല. ഇതേ 
സൂറയിലെ തന്നെ 132-ാം ആയത്തില്‍ أطيعوا എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ 
'നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക' എന്ന് 
കല്‍പ്പിക്കുന്നുണ്ട്. സൂറ: അല്‍അഹ്സാബില്‍ 'അല്ലാഹുവും അവന്റെ 
മലക്കുകളും പ്രവാചകന്റെ മേല്‍ സ്വലാത്ത് ചെയ്യുന്നുണ്ട്. വിശ്വസിച്ചവരേ, 
നിങ്ങളും ആ പ്രവാചകന്റെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക' എന്ന 
ആയത്തില്‍ വ്യത്യസ്ത രൂപങ്ങളിലുള്ള മൂന്ന് സ്വലാത്തുകളെ صلاة ഒരൊറ്റ 
വാക്കില്‍ ഒതുക്കിയതുപോലുള്ള പ്രയോഗമാണിതും. അഥവാ, ഇവിടെ 
ത്വാഅത്ത് എന്ന പദം ആവര്‍ത്തിച്ചിട്ടില്ല്ലെങ്കിലും അല്ലാഹുവിലേക്കും 
റസൂലിലേക്കും ഉലുല്‍ അംറിലേക്കുമൊക്കെ ചേര്‍ക്കുമ്പോള്‍ അതിന്റെ 
ആശയത്തില്‍ അര്‍ഥവ്യത്യാസങ്ങളുണ്ടെന്ന് ചുരുക്കം.

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് സയ്യിദ് റശീദ് റിദാ എഴുതുന്നു:ثم قال أمر 
بطاعة الله: وهي العمل بكتابه العزيز وبطاعة الرسول لأنه هو الذي يبين للناس ما نزل اليهم، وقد أعاد لفظ الطاعة لتأكيد طاعة 
الرسول لأن دين الاسلام دين توحيد محض، لايجعل لغير الله أمرا ولا نهيا ولا تشريعا ولا تأثيرا،،،أن الله تعالى هو الذي شرع لنا 
عبادة الصلاة وأمرنا بها ولكنه لم يبين لنا في الكتاب كيفيتها،،، فبينها الرسول بأمره تعالى اياه،،، فهذا البيان بإرشاد من الله 
تعالى، فاتباعه لا ينافي التوحيد ولا يكون الشارع هو الله وحده (تفسير المنار:
5/180)
(തന്നെ അനുസരിക്കണമെന്ന് അല്ലാഹു കല്‍പിച്ചു. അവന്റെ മഹത്തായ 
ഗ്രന്ഥമനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ആ അനുസരണം. റസൂലിനെ 
അനുസരിക്കുവാനും കല്‍പിച്ചു. കാരണം റസൂലാണ് ജനങ്ങള്‍ക്ക് 
അവരിലേക്ക് ഇറക്കപ്പെട്ടത് വിവരിച്ചുകൊടുക്കുന്നത്. റസൂലിനുള്ള 
അനുസരണം തറപ്പിച്ചു പറയാന്‍ വേണ്ടി അനുസരണം എന്ന പദം അവന്‍ 
ആവര്‍ത്തിച്ചു പറഞ്ഞു. കാരണം ഇസ്ലാം തനി തൌഹീദിന്റെ ദീനാണ്; 
കല്‍പിക്കാനോ നിരോധിക്കാനോ നിയമം നിര്‍മിക്കാനോ സ്വാധീനം 
ചെലുത്താനോ ഉള്ള ഒരവകാശവും അല്ലാഹു വല്ലാത്തവര്‍ക്ക് അത് 
നല്‍കുന്നില്ല.... അല്ലാഹു നമസ്കാരം എന്ന ഇബാദത്ത് നമുക്ക് 
നിയമമാക്കിത്തരുകയും അത് നിര്‍വഹിക്കാന്‍ കല്‍പിക്കുകയും ചെയ്തു. 
എന്നാല്‍ അതെങ്ങനെ നിര്‍വഹിക്കണം?.... അല്ലാഹു റസൂലിനോട് കല്‍പിച്ച 
പ്രകാരം റസൂലാണ് അത് നമുക്ക് വിവരിച്ചുതരുന്നത്. അപ്പോള്‍ റസൂലിന്റെ 
ഈ വിവരണം അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരമായതിനാല്‍ അതിനെ 
പിന്‍പറ്റുക എന്നത് തൌഹീദിനോ അല്ലാഹു മാത്രമാണ് നിയമനിര്‍മാതാവ് 
എന്ന തത്വത്തിനോ വിരുദ്ധമാകുന്നില്ല.)

മറ്റൊരിടത്ത് അദ്ദേഹം തന്നെ എഴുതുന്നു:أن الله تعالى هو الذي يطاع لذاته لأنه رب الناس والههم 
وملكهم وهم مغرمون بنعمه وان رسله انما تجب طاعتهم فيما يبلغونه عنه من حيث أنهم رسلهم لا لذاتهم (تفسير المنار:
5/276)
(സ്വന്തം നിലക്ക് അനുസരിക്കപ്പെടേണ്ടത് അല്ലാഹു മാത്രമാണ്. കാരണം 
മനുഷ്യരുടെ നാഥനും ഇലാഹും രാജാവും അവനാണ്. മനുഷ്യര്‍ അവന്റെ 
അനുഗ്രഹങ്ങള്‍ ഉപയോഗിക്കുന്നവരും. അല്ലാഹുവില്‍ നിന്നെത്തിക്കുന്ന 
സന്ദേശങ്ങളില്‍ പ്രവാചകന്മാരെ അനുസരിക്കല്‍ നിര്‍ബന്ധമാക്കിയത് അവര്‍ 
അല്ലാഹുവിന്റെ ദൂതന്മാര്‍ എന്ന നിലക്ക് മാത്രമാണ്. അല്ലാതെ അവരുടെ 
സ്വന്തം നിലക്കല്ല.)

അതിനാല്‍ അല്ലാഹുവിനെ അനുസരിക്കാന്‍ ആജ്ഞാപിച്ചത് അതിന്റെ 
സമ്പൂര്‍ണവും നിരുപാധികവുമായ അര്‍ഥത്തിലും റസൂലിനെയും ഉലുല്‍ 
അംറിനെയും അനുസരിക്കാന്‍ കല്‍പിച്ചത് സോപാധികമായ 
അര്‍ഥത്തിലുമാണ്. ആ അനുസരണം ദൈവാജ്ഞക്കനുസൃതമായി മാത്രമേ 
പാടുള്ളൂ എന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. لا طاعة لمخلوق في معصية 
الخالق (സ്രഷ്ടാവിനോട് അനുസരണക്കേട് കാണിച്ചുകൊണ്ട് സൃഷ്ടികളെ 
അനുസരിക്കാന്‍ പാടില്ല).

മറ്റൊരു ചോദ്യം عبادة الله എന്നതിന് പകരം اطاعة الله എന്ന് പറയാന്‍ പറ്റുമോ 
എന്നാണല്ലോ. തീര്‍ച്ചയായും പറ്റും. കാരണം, ഇവിടെ സമ്പുര്‍ണാര്‍ഥത്തിലുള്ള 
ത്വാഅത്താണുദ്ദേശ്യം. അല്ലാഹുവിന് ഇബാദത്ത് ചെയ്തു എന്നതിന് 
'താഴ്മയോട് കൂടി അനുസരിച്ചു' എന്ന് അനേകം മുഫസ്സിറുകള്‍ അര്‍ഥം 
പറഞ്ഞിട്ടുണ്ട് എന്നത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. (ഇവ്വിഷയകമായ 
വിശദികരണവും വഴിയേ വരുന്നതാണ്). അതിനാല്‍ ഇബാദത്തുല്ലാ 
എന്നിടത്ത് 
ഇത്വാഅത്തുല്ലാ എന്ന് തീര്‍ച്ചയായും പറയാം.
ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം നല്‍കിയാല്‍ അത് ആശയക്കുഴപ്പം 
സൃഷ്ടിക്കലാകുന്നത്, അല്ലാഹുവിനും അല്ലാഹുവല്ലാത്തവര്‍ക്കും 
അര്‍പ്പിക്കപ്പെടുന്ന അനുസരണങ്ങള്‍ തമ്മിലുള്ള വ്യത്യാസം 
ഗ്രഹിക്കാത്തതുകൊണ്ടോ ഗ്രഹിച്ചിട്ടും തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം 
ശ്രമിക്കുന്നതുകൊണ്ടോ ആണ്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണം 
എന്ന് കല്‍പിക്കുന്ന ഖുര്‍ആന്‍ അല്ലാഹുവല്ലാത്തവരെ അനുസരിക്കാന്‍ 
ആവശ്യപ്പെടുന്നു എന്ന ഏക കാരണത്താല്‍ ഇബാദത്തും ഇത്വാഅത്തും 
വ്യത്യസ്തമായ രണ്ടാശയങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത് എന്ന് 
വിധിയെഴുതുന്നത് തികഞ്ഞ അസംബന്ധമാണ്; പ്രപഞ്ച നാഥനെ കുറിക്കാന്‍ 
മാത്രം അല്ലാഹു എന്ന പദം പ്രയോഗിച്ച ഖുര്‍ആന്‍, പ്രപഞ്ചനാഥനെയും 
മനുഷ്യരെയും കുറിക്കാന്‍ റബ്ബ് എന്ന പദം പ്രയോഗിച്ചിട്ടുള്ളതിനാല്‍ 
'അല്ലാഹു'വും 'റബ്ബും' രണ്ട് വ്യത്യസ്ത ശക്തികളെയാണ് 
പ്രതിനിധീകരിക്കുന്നത് എന്ന് വാദിക്കുന്നത് പോലുള്ള അസംബന്ധം!.

-അബ്ദുല്‍ അസീസ് പൊന്മുണ്ടം

അഭിപ്രായങ്ങളൊന്നുമില്ല: