2015, ജൂലൈ 24, വെള്ളിയാഴ്‌ച

മുസ്ലിം ലീഗിന്‍റെ തനിനിറം

മുസ്ലിം ലീഗിന്‍റെ തനിനിറം 

മുസ്ലിം ലീഗ് എക്കാലവും മുസ്ലിം വിരുദ്ധ ചേരിയില്‍ ചേക്കേറാന്‍ കാരണം അവരുടെ അധികാര മോഹം തന്നെയായിരുന്നു.കോണ്ഗ്രസ്സിന്റെ മുസ്ലിം വിരുദ്ധ നിലപാടുകളെ ന്യായീകരിച്ചു പോരുകയായിരുന്നു ലീഗ് ഇക്കാലമത്രയും ചെയ്തു വന്നിടുള്ളതും.തങ്ങളുടെ മുസ്ലിം വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ മുസ്ലിം ലീഗിന് സേവനം ചെയ്യല്‍ മുഖ്യ ജോലിയായി ഏറ്റെടുത്ത മത സംഘടനകളെ രംഗത്തിറക്കി ഫത് വകള്‍ ഇറക്കിച്ചും പ്രസ്താവനകള്‍ ഇറക്കിച്ചും തെറ്റിദ്ധരിപ്പിച്ചും കാര്യം സാധിക്കുകയായിരുന്നു ലീഗ് രീതി.അത്തരം സംഘടനകള്‍ ഇപ്പോള്‍ ദൈവിക നടപടി ക്രമത്തിന്റെ ഭാഗമായി അപചയം നേരിട്ടുകൊണ്ടിരിക്കുന്ന ,തമ്മില്‍ തല്ലി നശിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ലീഗിന്നു ഇത്തരം സംഘടനകളെ പഴയതുപോലെ എടുത്തു ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത് .കോണ്‍ഗ്രെസ്സ് എക്കാലവും ഉള്ളില്‍ കാവിമനസ്സും പുറമേ മതേതര കുപ്പായവും അണിഞ്ഞു ന്യൂനപക്ഷങ്ങളെ ചതിക്കുകയായിരുന്നു എന്ന് പകല്‍ വെളിച്ചം പോലെ ഇന്ന് ഏവര്‍ക്കും ബോധ്യം വന്നകാര്യമാണ്.ഇതിന്‍റെ ഗുനഭോകതാക്കള്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നു  എന്നത് കോണ്‍ഗ്രെസ്സിന്റെ കണ്ണ് ഇനിയും തുറപ്പിച്ചിട്ടില്ല എന്നത് സങ്കടകരം തന്നെയാണ് .ലീഗിന് കണ്ണ് തുറക്കേണ്ടി വരും ,കാര്യങ്ങളുടെ കിടപ്പ് വശം ഇപ്പോള്‍ അങ്ങനെയാണ്.
കേരളത്തില്‍ നിയമസഭയില്‍ അക്കൗണ്ട്‌ തുറന്ന്‌ രാഷ്‌ട്രീയ മാന്യത നേടിയെടുക്കാനുള്ള ബി.ജെ.പി-ആര്‍.എസ്‌.എസ്‌ പദ്ധതിയെ സൂക്ഷ്‌മമായി വിലയിരുത്തി പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്‌ ഒരിക്കലും വലിയ താല്‍പര്യം കാണിച്ചിട്ടില്ല. എന്നല്ല, പലപ്പോഴും അതിന്‌ സഹായകമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1991-ലെ പ്രമാദമായ കോലീബി സഖ്യം അതിന്റെ മികച്ച ഉദാഹരണമാണ്‌. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചേര്‍ന്ന്‌ ബി.ജെ.പിക്ക്‌ അക്കൗണ്ട്‌ തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സഹകരിച്ചുവെന്നതിന്റെ ചരിത്രമാണത്‌. അന്നത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവചരിത്രപുസ്‌തകമായ `രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗര'ത്തില്‍, `പാഴായ പരീക്ഷണം' എന്ന അധ്യായത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ നമുക്ക്‌ കാണാം. വടകര പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ആര്‍.എസ്‌.എസ്സിന്റെ നിയമോപദേശകന്‍ അഡ്വ. രത്‌നസിംഗും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആര്‍.എസ്‌.എസ്‌ സൈദ്ധാന്തിക സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതാവ്‌ ഡോ. കെ. മാധവന്‍ കുട്ടിയും കോണ്‍ഗ്രസ്‌, ലീഗ്‌, ബി.ജെ.പി കക്ഷികളുടെ പൊതുസ്ഥാനാര്‍ഥിയായി രംഗത്ത്‌ വന്നത്‌ അന്നായിരുന്നു. മാരാരുടെ ജീവചരിത്രത്തില്‍ നിന്ന്‌ ആ കാലം ഇങ്ങനെ വായിക്കാം: ``ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുറ തെറ്റാതെ മത്സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നുവെന്നത്‌ അത്ഭുതത്തോടെയാണ്‌ പലരും വീക്ഷിച്ചത്‌. 1991-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായി ചേര്‍ന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്‌സിസ്റ്റ്‌ ഹുങ്കിനിരയായി ഏറെ കഷ്‌ടനഷ്‌ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക്‌ ബി.ജെ.പി അവരുമായി അടുക്കുന്നതിന്‌ ഒരു സാധ്യതയുമില്ല. പിന്നെയുള്ളത്‌ ഐക്യമുന്നണിയാണ്‌. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന്‌ കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന്‌ അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന്‌ ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട്‌ രാഷ്‌ട്രീയത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അന്ന്‌ ബി.ജെ.പിക്ക്‌ വശമുണ്ടായിരുന്നില്ല. `പൂച്ചക്കാര്‌ മണികെട്ടും'എന്ന ശങ്കക്ക്‌ അന്ത്യം കുറിച്ച്‌ ഇരുകൂട്ടരും തമ്മിലുള്ള രാഷ്‌ട്രീയ ബാന്ധവത്തിന്‌ കളമൊരുക്കിയത്‌ രണ്ട്‌ പത്രപ്രവര്‍ത്തകരാണ്‌. കോണ്‍ഗ്രസ്‌ മാത്രമല്ല, മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ്‌ വീക്ഷിച്ചത്‌. ലീഗും ബി.ജെ.പിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്‌. എന്നാല്‍ ലീഗ്‌ നേതാക്കളും ബി.ജെ.പി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളെക്കാള്‍ സഹകരണാത്മക സമീപനം അവരിലുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രവാര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാടായിരുന്നെങ്കില്‍ ബി.ജെ.പി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാണിച്ചു. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക്‌ വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍ കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു. ധാരണയിലെ പരസ്യമായ ഈ നിലപാടിന്‌ പുറമെ മഞ്ചേശ്വരത്ത്‌ കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍ പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ എന്നിവര്‍ക്ക്‌ ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ.ജി മാരാര്‍ക്ക്‌ ജയിക്കാനാവശ്യമായ വോട്ട്‌ കോണ്‍ഗ്രസും ലീഗും നല്‍കുമെന്ന്‌ ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെ തന്നെ അവര്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു'' (കെ.ജി മാരാര്‍: രാഷ്‌ട്രീയത്തിലെ സ്‌നേഹ സാഗരം, പേജ്‌ 155-156, പ്രസാധനം, കുരുക്ഷേത്ര പ്രകാശന്‍).

അഭിപ്രായങ്ങളൊന്നുമില്ല: