2013, ഫെബ്രുവരി 16, ശനിയാഴ്‌ച


കുറച്ചു സമയം എടുത്താലും  അഭിനന്ദനീയം തന്നെ.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് സംബന്ധിച്ച് ലീഗ് 

മുഖപത്രമായ ചന്ദ്രിക നിലപാട് മാറ്റി. തൂക്കിലേറ്റിയതിന് അടുത്ത 

ദിവസം നടപടി അഭിനന്ദനാര്‍ഹമെന്ന് വിലയിരുത്തിയ ചന്ദ്രിക, 

ഒരാഴ്ച തികയുമ്പോഴേക്ക് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് 

നിലപാട് മാറ്റി.


മ്ര്ഗ ശാലയിലെ തമാശയെ ഓര്‍മിപ്പിക്കുന്ന തമാശയാണ് ചന്ദ്രികയുടെ കാര്യം....ചന്ദ്രികക്കും നേരം വെളുക്കും കുറച്ചു സമയമെടുക്കും എന്ന് മാത്രം...ചാനലുകള്‍ മാത്രമല്ല ദിന പത്രങ്ങളും ഫെബ്രുവരി 10 നു ശേഷം മുമ്പത്തെ പോലെ ആയിരിക്കില്ല എന്ന് തെളിഞ്ഞു വരുന്നു ...അല്‍ഹംദു  ലില്ലാഹ് 

അഫ്സല്‍ ഗുരു ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ 

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയിട്ട് ഒരാഴ്ച പിന്നിടുകയാണ് ഇന്ന്. രാജ്യത്തിന്റെ സാമൂഹിക മനസ്സാക്ഷിയും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയ സംവിധാനങ്ങളും വിമര്‍ശങ്ങളുടെ വിചാരണക്കൂട്ടില്‍ വിസ്തരിക്കപ്പെട്ട ആഴ്ച കൂടിയാണ് കഴിഞ്ഞു പോകുന്നത്. തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയുടെ ഇരുട്ടില്‍ നിന്ന് അടയാളങ്ങള്‍ പോലും ബാക്കിവെച്ചിട്ടില്ലാത്ത ശവമാടത്തില്‍ നിന്ന് നമ്മള്‍ കേള്‍ക്കാത്ത നിലവിളിയും, അകലെ ആപ്പിള്‍ചുവപ്പുകള്‍ കൊണ്ട് അലങ്കരിച്ച ജന്മനഗരമായ സോപോറില്‍ നിന്ന് നാം കേള്‍ക്കുന്ന മുറവിളിയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അവഗണിക്കാവതല്ല. 

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അഫ്‌സല്‍ ഗുരു തീര്‍ച്ചയായും ഈ ശിക്ഷ അര്‍ഹിക്കുന്നുണ്ട്. തങ്ങളുടെ പരമോന്നത നിയമനിര്‍മാണ സംവിധാനം ആക്രമിക്കപ്പെടുന്നത് ഒരു രാജ്യത്തിനും നോക്കിനില്‍ക്കാനാവില്ല. പക്ഷേ, ഇതു സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതും ദുരൂഹതകള്‍ക്ക് വ്യക്തമായ മറുപടി നല്‍കേണ്ടതും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ബാധ്യതയാണ് എന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയതില്‍ നിന്ന് വ്യത്യസ്തമായി, പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു അറസ്റ്റിലായതു മുതല്‍ വധശിക്ഷ നടപ്പാക്കുന്നത് വരെ നിരവധി ദുരൂഹതകള്‍ ചൂണ്ടിക്കാണിക്കാനാവുന്നുണ്ട്. 

ഒന്നാമതായി, പാര്‍ലമെന്റ് ആക്രമണം നടന്ന ഡിസംബര്‍ 13 ന് സംഭവ സ്ഥലത്തില്ലായിരുന്ന ഗുരുവിനെ 15 ന് ശ്രീനഗറില്‍ നിന്ന് സൊപോറിലേക്ക് ബസ് കാത്തു നില്‍ക്കുന്ന സമയത്താണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. പിടിയിലാകുന്നതുമായി ബന്ധപ്പെട്ട് ഗുരു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവപൂര്‍വം പരിഗണിച്ചില്ല എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഡല്‍ഹിയിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ഉദ്യോഗസ്ഥരില്‍ നിന്ന് ഗുരുവിന് കൊടിയ പീഡനമേല്‍ക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധ നേടിയത് ഈയിടെയാണ്. 22 രാഷ്ട്രീയ റൈഫിള്‍സിലെ രാംമോഹന്‍ സിംഗ്, ഡി.എസ്.പിമാരായ വിനയ് ഗുപ്ത, ദേവീന്ദര്‍ സിംഗ്, ഇന്‍സ്‌പെക്ടര്‍ ശാന്തി സിംഗ് എന്നിവരാണ് തന്നെ ശാരീരികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥരെന്ന് ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ഗുരു പറയുന്നുണ്ട്. ഡി.എസ്.പി ദേവീന്ദര്‍ സിംഗ് പറഞ്ഞിട്ടാണ് താന്‍ മുഹമ്മദ് എന്നയാളെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റിയ പിറ്റേന്ന് പ്രമുഖ പത്രമായ ഡി.എന്‍.എ നടത്തിയ അഭിമുഖത്തില്‍ തബസ്സുമും ഇക്കാര്യം ഉന്നയിച്ചിരുന്നു. ദേവീന്ദര്‍ സിംഗില്‍ നിന്ന് മുഹമ്മദിനും തനിക്കും ഫോണ്‍ കോളുകള്‍ വരാറുണ്ടായിരുന്നു എന്നും ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സമയത്ത് എസ്.ടി.എഫിന് കേസുമായുള്ള ബന്ധം വേണ്ട വിധം പരിശോധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കേസിന്റെ വിചാരണ ഘട്ടത്തില്‍ അഫ്‌സല്‍ഗുരുവിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ 'അതിദേശക്കൂറ്' കാണിച്ചുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. 

രണ്ടാമത്തേത്, അഫ്‌സല്‍ ഗുരുവിന് നല്‍കിയ വിധിയുമായി ബന്ധപ്പെട്ടാണ്. ആറുമാസത്തിനകം പോട്ട കോടതി നടത്തിയ വിധി പ്രസ്താവത്തില്‍ പറയുന്ന ന്യായം വിചിത്രമായിരുന്നു. സംഭവത്തില്‍ അഫ്‌സലിനെതിരെയുള്ളത് സാഹചര്യ തെളിവുകളാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എസ്.എന്‍ ധിന്‍ഗ്ര, വിധി ന്യായത്തില്‍ പറയുന്നതിങ്ങനെ: രാഷ്ട്രത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയെന്ന നിലയില്‍ (ആക്രമണം), അക്രമിക്ക് വധശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ സമൂഹ മനസ്സാക്ഷി തൃപ്തിപ്പെടൂ. 

ന്യായം വിട്ട് 'സമൂഹ മനസ്സാക്ഷി' യെ തൃപ്തിപ്പെടുത്തുന്ന തരത്തിലേക്ക് കോടതി വിധികള്‍ മാറുന്നത് രാജ്യത്തെ നീതി ന്യായ വ്യവസ്ഥക്കു മേല്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 

വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളാണ് മൂന്നാമത്തേത്. ഇതില്‍ ആദ്യമായി വിധി നടപ്പാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സമയം. ഗുരുവിന് മുമ്പ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 1991 ലെ രാജീവ് വധക്കേസിലെയും '95 ലെ ബിയാന്ത് സിംഗ് വധക്കേസിലെയും പ്രതികളുടെ ശിക്ഷ നടപ്പാക്കാതെയാണ് ഗുരുവിനെ തിടുക്കപ്പെട്ട് കഴുവേറ്റിയത്. ശിക്ഷ നടപ്പാക്കുന്നത് വേഗത്തിലും വൈകിയും വന്ന നീതിയായി വീതിച്ചെടുത്ത രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇതിന്റെ പൊരുള്‍ അന്വേഷിക്കാന്‍ പോയില്ല. ഹിന്ദുത്വ ഭീകരതക്കെതിരെ ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ശങ്ങളില്‍ അദ്ദേഹത്തെ പ്രതിപക്ഷം ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഗുരു തൂക്കിലേറ്റപ്പെട്ടത് എന്നത് ഇതോട് ചേര്‍ത്തു വായിക്കണം.

കണ്ണടക്കും മുമ്പ് കുടുംബത്തെ അവസാനമായി കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടാണ് അഫ്‌സലിനെ തൂക്കിലേറ്റിയത്. തീവ്രവാദ പ്രവര്‍ത്തനത്തില്‍ നിന്ന് മനംമടുത്ത് സാധാരണ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായ അഫ്‌സലിന് ബി.എസ്.എഫിന്റെ കീഴടങ്ങല്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു എന്ന് ഭാര്യ പറയുന്നു. ഇന്ത്യന്‍ പൗരനായ അഫ്‌സലിന് മകന്‍ ഗാലിബിനെയും ഭാര്യയെയും കാണാനുള്ള അവസരം ഒരുക്കാതിരുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം മറുപടി കിട്ടാത്ത ഒന്നായി അവശേഷിക്കുന്നു. ശനിയാഴ്ച നിര്‍വഹിക്കുന്ന ശിക്ഷാവിധി അറിയിച്ചു കൊണ്ടുള്ള സ്പീഡ് പോസ്റ്റ്, കുടുംബത്തെ തേടിയെത്തിയത് കൃത്യം കഴിഞ്ഞ് ദിവസത്തിന് ശേഷം തിങ്കളാഴ്ച. ഞായറാഴ്ച അവധി ആയതു കൊണ്ട് പോസ്റ്റ് കൃത്യസമയത്തു ഗുരുവിന്റെ വീട്ടിലെത്തില്ല എന്ന് അധികൃതര്‍ക്ക് അറിയാഞ്ഞിട്ടാണോ?. ഇന്ത്യന്‍ പൗരന്‍ എന്നതിനപ്പുറം മുസ്‌ലിം സ്വത്വമുള്ള കശ്മീര്‍ ഭീകരവാദി എന്ന നിലയിലാണ് അഫ്‌സലിനെ കൈകാര്യം ചെയ്തത്. തൊട്ടതിനെല്ലാം ഇങ്കിലാബ് വിളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അന്വേഷണാത്മക പത്രപ്രവര്‍ത്തനം ശീലമാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇവ ചോദ്യം ചെയ്തില്ല. വെളിച്ചത്തിന്റെ ചില കീറുകളെങ്കിലും മാധ്യമങ്ങള്‍ക്കിടയിലുണ്ടായി എന്ന് വിസ്മരിക്കുന്നില്ല. അഫ്‌സലിന്റെ വധശിക്ഷക്കു ശേഷം കശ്മീരില്‍ കൂച്ചുവിലങ്ങിട്ട അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയും പ്രതികരിക്കാന്‍ ഇവിടെ ആരുമുണ്ടായില്ല. ഭയത്തില്‍ അടിസ്ഥാനപ്പെടുത്തിയ നയമാണ് ഇന്ത്യ കശ്മീരില്‍ അനുവര്‍ത്തിച്ചു പോരുന്നത് എന്ന് ഇതില്‍ വായിക്കാവുന്നതാണ്. 

വെട്ടിയും തിരുത്തിയും ശക്തിപ്പെടുത്തിയതാണ് ഇന്ത്യയുടെ ജനാധിപത്യം. ആരോഗ്യപരമായ ഇടപെടലുകളും സ്വയം വിമര്‍ശവും അതിനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുകയും ചെയ്യുന്നു. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകേണ്ടതുണ്ട് എന്ന ചിന്ത ജനാധിപത്യത്തിന്റെയും പൗരസമൂഹത്തിന്റെയും സുതാര്യതക്ക് നല്ലതാണ് എന്ന് ഓര്‍മിപ്പിക്കാതെ വയ്യ. 

അവലംബം (ചന്ദ്രിക ദിനപത്രം)

അഭിപ്രായങ്ങളൊന്നുമില്ല: