2013, ജനുവരി 20, ഞായറാഴ്‌ച

ഷാഹിനയ്ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു


കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നപേരില്‍ പ്രതിയാക്കപ്പെട്ട മാധ്യമപ്രവര്‍ത്തക ഷാഹിനയ്ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന രാജ്യത്തെ അപൂര്‍വം സംഭവങ്ങളിലൊന്നാണിത്.
ബാംഗ്ലൂര്‍ സ്ഫോടനത്തിനു തൊട്ടുമുമ്പ് മഅദനിയേയും തടിയന്റവിട നസീറിനേയും കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ ചെന്നു കണ്ടെന്നായിരുന്നു കര്‍ണാടക പൊലീസിന്റെ കുറ്റപത്രം. സാക്ഷികളായി രണ്ട് പ്രദേശവാസികളേയും ഉള്‍പ്പെടുത്തിയിരുന്നു. മഅദനിയെ കുടുക്കാന്‍ കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു തെഹല്‍ക്ക പ്രത്യേക ലേഖികയായിരുന്ന ഷാഹിന മടിക്കേരിയിലെത്തിയത്.
സാക്ഷികളാക്കപ്പെട്ടവരുടെ അഭിമുഖവും എടുത്തു. കുടകില്‍ മഅദനിയെ കണ്ടിട്ടില്ലെന്നായിരുന്നു ഇവര്‍ ഷാഹിനയോട് പറഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു കര്‍ണാടക പൊലീസിന്റെ അരങ്ങേറ്റം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുറ്റം. ഇതിലെ കുറ്റപത്രമാണ് മടിക്കേരി, സോമവാര്‍പെട്ട് കോടതികളായി സമര്‍പ്പിച്ചത്.
രാജ്യദ്രോഹക്കുറ്റത്തിനൊപ്പം കുറ്റകരമായ ഗൂഡാലോചനയും ചുമത്തിയിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് മുതിര്‍ന്ന അഭിഭാഷകരും സമ്മതിക്കുന്നു. ഷാഹിനയ്ക്കെതിരായ കേസ് ചെട്ടിച്ചമച്ചതാണെന്നും പിന്‍വലിക്കണമെന്നും കേരളം നേരത്തേ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ദേശീയ, സംസ്ഥാന കൂട്ടായ്മകളും സാംസ്കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
നീതിപൂര്‍വമായി അന്വേഷിക്കുമെന്നായിരുന്ന കര്‍ണാടക ആഭ്യന്തരമന്ത്രിയടക്കമുളളവര്‍ നേരത്തേ നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ ഇതിനു വിപരീതമായിട്ടാണ് ഇപ്പോള്‍ കൊടിയകുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം നല്‍കിയിരിക്കുന്നത്. മഅദനിയുടെ ഇപ്പോഴത്തെ ജാമ്യസാധ്യതകള്‍ കൂടി ഇല്ലാതാക്കുകയാണ് ബാംഗ്ലൂര്‍ പൊലീസിന്‍റെ ലക്ഷ്യമെന്നും സംശയിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: