2012, നവംബർ 29, വ്യാഴാഴ്‌ച

ഇസ്ലാമും സ്ത്രീകളും ..പിന്നെ ഇസ്ലാം വിമര്‍ശകരും 


ഇസ്ലാം വിരോധികള് (ഒരു ഗമക്ക് വിമര്‍ശകര്‍ എന്നും രേഷനലിസ്റ്സ്‌ എന്നും ഒക്കെ പറയാം) ഇസ്ലാമിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് മുസ്ലിം സ്ത്രീകളുടെ കാര്യത്തിലാണ്. ആ ഒരു വിഷമം സ്വന്തം കുടുംബത്തിലെ സ്ത്രീകളുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!!!! സ്ത്രീകളെ ഇസ്ലാം മൂടിവയ്ക്കുന്നു, അടിമയാക്കുന്നു, അടിച്ച്മര്‍ത്തുന്നു, അടിക്കുന്നു, തോഴിക്കുന്നു... എന്നൊക്കെയാണ് കമന്റ്സ്. പക്ഷെ എന്റെ സംശയം അതല്ല, ഈ വിമര്ഷിക്കുന്നവരുടെയൊക്കെ മതത്തിലും ആദര്‍ശത്തിലും എല്ലാം സ്ത്രീകള്‍ക്ക് എത്ര സ്വാതന്ത്ര്യം കൊടുത്ത്തിടുണ്ട് എന്നറിഞ്ഞു തന്നെയാണോ ഈ വിമര്‍ശനം എന്നതാണ്. 
എന്റെ അഭിപ്രായം പറയാം(വെറും അഭിപ്രായമല്ല, എന്റെ ഉറപ്പാണ്) ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന സ്ഥാനം ലോകത്തെ മറ്റൊരു പ്രത്യയശാസ്ത്രവും നല്‍കുന്നില്ല. മൂന്നര തരം!!!!! 


ഇസ്ലാം സ്ത്രീക്ക് നല്‍കിയ സ്ഥാനങ്ങള് :-

ഈ ലോകത്തിലെ എല്ലാ സൃഷ്ട്ടികളിലും വച്ച് ഏറ്റവും ഉത്തമം ആയത് സ്ത്രീയാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. സ്ത്രീയുടെ ഗര്ഭധാരണവും പ്രസവവും എല്ലാം അവള്‍ക്കു കിട്ടിയ ശാപം ആണെന്ന് പറയുന്ന ബൈബിള്‍ കാഴ്ചപ്പാടുകള്‍ ഒന്നും ഇസ്ലാമിലില്ല. ഇസ്ലാം പുരുഷന് നല്‍കിയ ചില സ്ഥാനങ്ങളുണ്ട്. അത് പോലെ തന്നെ സ്ത്രീക്ക് നല്കിയവയും. പക്ഷെ വിമഷകര്‍ പൊതുവേ ചെയ്യാറുള്ള കാര്യം ഇസ്ലാം പുരുഷന് നല്‍കിയ സ്ഥാനങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിച്ചു നടക്കുക എന്നതാണ്. സ്ത്രീക്ക് നല്‍കുന്ന സ്ഥാനങ്ങള്‍ അവര്‍ ബോധപൂര്‍വ്വമോ അല്ലാതെയോ കണ്ടില്ലെന്നു നടിക്കുന്നു. അവയിലൊന്നാണ് പിതാവിനെക്കാള്‍ മാതാവിന് ഇസ്ലാം നല്‍കിയ സ്ഥാനം. മാതാവിന്റെ കാല്ക്കീഴിലാണ് സ്വര്‍ഗ്ഗം എന്ന് പഠിപ്പിച്ച ഇസ്ലാം പിതാവിന് ആ മഹത്വം നല്‍കിയില്ല. ഈ ഭൂമിയില്‍ ഒരു മനുഷ്യന്‍ ഏറ്റവും കടപെട്ടിട്ടുള്ളത് ആരോടാണ് എന്നാ ചോദ്യത്തിന് ഉത്തരമായി പ്രവാചകന്‍ പറഞ്ഞത് ആദ്യ മൂന്നു തവണയും മാതാവിന്റെ പേര് ആയിരുന്നു. നാലാം സ്ഥാനം മാത്രമേ പിതാവിന് നല്‍കിയുള്ളൂ. തീര്‍ന്നില്ല രണ്ടു പെണ്‍കുട്ടികളെ മാന്യമായി വളര്‍ത്തി വിവാഹം കഴിപ്പിക്കുന്ന പിതാവ് തന്നോട് ചേര്‍ന്ന് സ്വര്ഗ്ഗത്തിലിരിക്കുമെന്നു വാഗ്ദാനം ചെയ്ത പ്രവാചകന്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ആ ഓഫര്‍ നല്‍കിയില്ല.

പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടിയിരുന്ന സമൂഹത്തെ 'പ്രവാചകരെ, എന്റെ ഭാര്യ ഗര്‍ഭിണിയാണ്, പെണ്‍കുഞ്ഞാവാന്‍ പ്രാര്തിക്കണേ' എന്ന് പറയുന്നവര്‍ ആക്കി മാറ്റിയ ഇസ്ലാമിന്റെ പ്രവാചകന്‍, സ്ത്രീയെ രണ്ടാം തരം ആയി മാത്രം കണ്ടിരുന്ന, അവളെ അടിച്ചമര്‍ത്തിയിരുന്ന ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തോട് പോയി 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തങ്ങളുടെ സ്ത്രീകളോട് ഏറ്റവും മാന്യമായി വര്ത്തിക്കുന്നവന്‍ ആണ്' എന്ന് പറഞ്ഞ ഇസ്ലാമിന്റെ പ്രവാചകന്‍ എങ്ങനെയാണ് നിങ്ങള്ക്ക് സ്ത്രീ വിരോധിയാകുന്നത്? 'ഇറാക്കില്‍ നിന്നും ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് മക്കയിലേക്ക് വന്നു കഹ്ബ ത്വവാഫ്‌ ചെയ്യാന്‍ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നിടത്തോളം ഈ വിപ്ലവത്തെ അല്ലാഹു ഉയര്‍ത്തും' എന്ന് പ്രവാചകന്‍ പറയുമ്പോള്‍ സ്ത്രീ സുരക്ഷിത ആകുന്നതു ഇസ്ലാമിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് പ്രവാചകന്‍ വ്യക്തം ആക്കുന്നു.(ഈ പ്രവചനം പില്‍ക്കാലത്ത്‌ പുലരുകയുണ്ടായി) ഉമര്‍ ഫാറൂക്ക്(റ)ന്റെ വാക്കുകള്‍ ശ്രദ്ദേയമാണ്. 'ഇസ്ലാം വരുന്നതിനു മുമ്പ് ഞങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ ഇസ്ലാമിന്റെ വരവോടെ സ്ത്രീകള്‍ ഞങ്ങളെക്കാള്‍ ഉയര്‍ന്നു എന്ന് തോന്നിപ്പോകുന്നു'

ഇസ്ലാമിലെ മഹിളാരത്നങ്ങള് :-

ലോകം കണ്ട എല്ലാ വിപ്ലവങ്ങളിലും, ആദര്‍ശ രൂപികരണത്തിലും എല്ലാം മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് പുരുഷന്മാരാണ്, ഇസ്ലാമില്‍ ഒഴികെ. ഇസ്ലാം എന്ന വിപ്ലവത്തെ നെഞ്ചിലേറ്റിയത് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചായിരുന്നു. പ്രവാചകനില്‍ വിശ്വസിച്ച ആദ്യത്തെ വ്യക്തി തന്നെ ഒരു സ്ത്രീയായിരുന്നു -ഖദീജ(റ). ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിയും ഒരു സ്ത്രീയായിരുന്നു -സുമയ്യ(റ). ഉഹുദിന്റെ രണാങ്കണത്തില്‍ ഇസ്ലാമിന് വേണ്ടി പോരാടിയിരുന്നതും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചായിരുന്നു. ആയിഷ(റ)യെ പോലെയുള്ളവര്‍ ഇസ്ലാമില്‍ യുദ്ധങ്ങള്‍ നയിക്കുക പോലും ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് പിറകില്‍ അനുസരണയോടെ സഹാബികള്‍ നിന്നിട്ടുമുണ്ട്. ഇസ്ലാമിലെ കര്മ്മശാസ്ത്രപരമായ സംശയങ്ങള്‍ തീര്‍ക്കാന്‍ തല മുതിര്‍ന്ന സഹാബികള്‍ പോലും ആയിഷയെ സമീപിക്കാറുണ്ടായിരുന്നു. ഇന്ന് ലോകമുസ്ലിമ്കള്‍ ഒന്നടങ്കം ചെയ്യുന്ന ഹജ്ജിലെ മിക്ക കര്‍മ്മങ്ങളും വര്‍ഷങ്ങള്‍ക്കു മുമ്പ് ഹാജറ എന്ന സ്ത്രീയെ അനുസ്മരിച്ചു കൊണ്ടാണെന്നതും സ്മരണീയമാണ്. ലോക മുസ്ലിംകള്‍ മുഴുവന്‍, ആണും പെണ്ണും അവിടെ ഒരു സ്ത്രീയെ അനുസ്മരിച്ചു അവരുടെ ത്യാഗങ്ങളെ നെഞ്ചിലേറ്റുന്നു. തീര്‍ന്നില്ല ലോകത്തിലെ സത്യവിശ്വാസികള്‍ക്ക്‌ മുഴുവന്‍ മാത്രുകയായിക്കൊണ്ടും രണ്ടു സ്ത്രീകളെ ഖുറാന്‍ എടുത്തു പറയുന്നു- മറിയ(റ)മും, ആസിയ(റ)യും. ഖലീഫ ഉമറിന്റെ കാലത്ത് മദീനയില്‍ ശിഫാഹ് എന്ന സ്ത്രീ ഭരണകാര്യത്തില്‍ പങ്കാളിത്തം വഹിക്കുക പോലും ചെയ്തിട്ടുണ്ട്.

ഇനി എന്റെ ചോദ്യം ഇസ്ലാമിലെ സ്ത്രീകളുടെ കാര്യത്തില്‍ ആശങ്കയുള്ള ഇവിടുത്തെ ഇസ്ലാം വിമര്‍ശകരോടാണ്. നിങ്ങളുടെ മതത്തില്‍, ആദര്‍ശത്തില്‍, പ്രത്യയ ശാസ്ത്രത്തില് (യുക്തിവാദം അടക്കം. ക്ഷമിക്കണം ഒരു എളുപ്പത്തിനു തല്‍ക്കാലം യുക്തിവാദതെയും ഒരു ആദര്‍ശം ആയി കണക്കാക്കുന്നു) സ്ത്രീക്ക് നല്‍കുന്ന സ്ഥാനം എന്ത്? നിങ്ങളുടെ ആദര്‍ശം, മതം വളര്‍ത്താന്‍ എത്ര സ്ത്രീകള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. നിങ്ങളുടെ ആദര്‍ശത്തില്‍ നിങ്ങള്ക്ക് മാത്രുകയുള്ള എത്ര സ്ത്രീ നേതൃത്വങ്ങള്‍ ഉണ്ട്. ചിന്തിക്കുക. ഉദാഹരണ സഹിതം പറയുക. പറയാന്‍ പറ്റിയില്ലെങ്കില്‍, ഇത് പോലെ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും ഇസ്ലാമിനു മേല്‍ കുതിര കയറാന്‍ വരരുത്. 

ഇഹലോകം മുഴുവന്‍ ഒരു വിഭവമാകുന്നു. അതില്‍ ഏറ്റവും ശ്രേഷ്ട്ടമായത് സ്ത്രീയാകുന്നു- മുഹമ്മദ്‌ നബി(സ)

അഭിപ്രായങ്ങളൊന്നുമില്ല: