2012, നവംബർ 1, വ്യാഴാഴ്‌ച


വ്യാജ സീലും ഒപ്പും ഉപയോഗിച്ച് മുജാഹിദ് പ്രവര്‍ത്തകരെ പുറത്താക്കിയതായി കേസ്

മഞ്ചേരി: സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നാലുപേരെ പുറത്താക്കിയതിനെതുടര്‍ന്ന് കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ലെറ്റര്‍ ഹെഡും ഒപ്പും സീലും വ്യാജമായി നിര്‍മിച്ച് മറ്റു നാലുപേരെകൂടി പുറത്താക്കി.
സംഭവം സംബന്ധിച്ച് കോഴിക്കോട് മുജാഹിദ് സെന്‍ററിലെ അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ വീരാന്‍കുട്ടി നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പി. അബ്ദുല്‍ മുനീര്‍, ആലിയത്തൊടി ജലീല്‍, പി. അലി, ഷാഹുല്‍ ഹമീദ് എന്നിവരെയാണ് കെ.എന്‍.എം ഔദ്യാഗിക നേതൃത്വം പുറത്താക്കിയത്. ഇവര്‍ക്ക് അയച്ച കത്തിലെ ലെറ്റര്‍ ഹെഡ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഒപ്പ്, സീല്‍ എന്നിവ വ്യാജമായി നിര്‍മിച്ച് ഔദ്യാഗിക വിഭാഗത്തിലെ നാലുപേരെയാണ് പുറത്താക്കിയതായി കോഴിക്കോട്ടെ മുജാഹിദ് ഓഫിസില്‍നിന്ന് കത്ത് വരുന്ന രീതിയില്‍ നോട്ടീസെത്തിയത്. പി. അബ്ദുല്‍ റഹ്മാന്‍ എന്ന അവറു, വി.പി. ഹസന്‍, സി. കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ അബ്ദുല്‍ അസീസ് എന്നിവരെയാണ് വിമതര്‍ പുറത്താക്കിയത്. മുജാഹിദ് വിഭാഗങ്ങളിലെ തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍.
ഔദ്യാഗികമായി അയച്ച കത്തിലെ അടിയില്‍ പേജിലെ നമ്പര്‍, കൃത്രിമമായി ഉണ്ടാക്കിയ നാലു കത്തുകളിലും കണ്ടതാണ് വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തമാവാന്‍ കാരണം. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കെ.എന്‍.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ആദ്യ നാലുപേരെ പുറത്താക്കുന്നത്. വ്യാജമായി ഉണ്ടാക്കിയ രേഖയില്‍ പറയുന്നത് ‘മേലാക്കം യൂനിറ്റ് കമ്മിറ്റിയുടെയും മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെയും ശിപാര്‍ശപ്രകാരം സംഘടനയില്‍നിന്ന് പുറത്താക്കുന്നു എന്നാണ്. ഒപ്പും സീലും വ്യാജമാണെന്നും ഔദ്യാഗിക പക്ഷത്തെ ആരെയും പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് പൊലീസ് കേസെടുത്തത്. കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ യഥാര്‍ഥ സീല്‍ ഇതിനായി പരിശോധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: