2016, മാർച്ച് 28, തിങ്കളാഴ്‌ച

എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ നരനായാട്ട്

കേരളത്തിലെ ചെന്നിത്തലയുടെ പോലീസ് ആര്‍ക്കാണ് ഇപ്പോള്‍ സേവന ചെയ്യുന്നത് ?
ന്യായമായ പ്രതിഷേധങ്ങളെ ,ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ എന്തുകൊണ്ട് വേട്ടയാടുന്നു.അനാഥാലയ വിഷയത്തിലും ചെന്നിത്തലയുടെ വര്‍ഗീയ സ്വരം കേരളം കണ്ടിരുന്നല്ലോ.ജാഗ്രത കൈവിടാതെ ഓരോരുത്തരും  ശ്രദ്ധിക്കുക.
സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തിപ്പെടുകയാണ്‌
കെ.ടി.കുഞ്ഞിക്കണ്ണന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌  അതേപോലെ  ഇവിടെ  കൊടുക്കുന്നു 

KT Kunhikannan's Profile Photo

KT Kunhikannan
കഴിഞ്ഞ ദിവസം ഹൈദരാബാദ് സംഭവത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥിസംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 25-ഓളം പേര്‍ക്കെതിരെ സമുദായസ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കുന്നതിനാണ് കേസ്സെടുത്തിരിക്കുന്നത്. ഐ.പി.സിയിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥികളെ ജയിലിലടച്ചിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് 153-ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്. എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നിലപാടുകളോട് നമുക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതുവേറെ കാര്യം. കള്ളക്കേസ് ചുമത്തി വര്‍ഗീയ ഉദ്ദേശത്തോടെ ഒരു സംഘടനയെ വേട്ടയാടുന്ന പോലീസ് നടപടി ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാ.

മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ 'ഡൗണ്‍ഡൗണ്‍ ഹിന്ദുസ്ഥാന്‍' എന്ന മുദ്രാവാക്യം വിളിച്ചതായി എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. ഇങ്ങനെ മുദ്രാവാക്യം വിളിക്കുകയോ കലാപ ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് എസ്.ഐ.ഒ നേതൃത്വം അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് മാര്‍ച്ച് നടന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നുവരുത്തി വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന ഈ സംഭവത്തിനുപിന്നിലുണ്ടെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. സമുദായസ്പര്‍ദ്ധയും ദേശദ്രോഹവും പ്രചരിപ്പിച്ചു എന്ന് വ്യാജമായി എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്ത പോലീസ് സംഘപരിവാറിന്റെ അജണ്ടക്ക് കൂട്ടുനില്‍ക്കുകയാണ്.
സംഘപരിവാറിന്റെ ഇംഗിതമനുസരിച്ചാണോ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പോലീസ് പ്രവര്‍ത്തിക്കുന്നത്? ആണെന്നാണ് അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവറെയും ജോലിക്കാരനെയും അക്രമിച്ച കേസില്‍ അറസ്റ്റുചെയ്ത ആര്‍.എസ്.എസുകാരെ സ്റ്റേഷനില്‍ കയറി സംഘപരിവാര്‍ ക്രിമിനലുകള്‍ ഇറക്കിക്കൊണ്ടുവരികയുണ്ടായി. ഇവര്‍ ഗോസംരക്ഷണസഭാ പ്രവര്‍ത്തകരാണെന്നാണ് അറിയുന്നത്. ഇക്കൂട്ടരാണല്ലോ ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. പോലീസ് സ്റ്റേഷനില്‍ കയറി നിയമം കൈയിലെടുത്തവര്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ ആഭ്യന്തരവകുപ്പ് കൗശലപൂര്‍വ്വം നിഷ്‌ക്രിയത പാലിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നടന്ന ആര്‍.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അലയൊലി കെട്ടടങ്ങും മുമ്പാണ് ഈ സംഭവം. ആര്‍.എസ്.എസുകാരെ താലോലിക്കുന്ന പോലീസ് മറ്റ് വിഭാഗങ്ങളെ നിഷ്ഠൂരമായി വേട്ടയാടുകയാണല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല: