2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

നേതൃത്വത്തിന് 

ഉണ്ടായിരിക്കേണ്ട 

ഗുണഗണങ്ങള്‍


ഡോ. ഫത്ഹീയകന്‍ /പ്രസ്ഥാനം‌












 

         ത് സാഹചര്യത്തിലും അണികളുമായി സംവദിക്കാനും അവരെ സംഘടനയില്‍ പിടിച്ചുനിര്‍ത്താനും കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായും അവര്‍ സംഘടനയില്‍നിന്ന് കൊഴിഞ്ഞുപോകും. സംഘടനയിലെ അംഗങ്ങള്‍ നിര്‍ണിത പ്രായമുള്ളവരും ഒരേ സംസ്‌കാരത്തിലും സാഹചര്യത്തിലും ജീവിക്കുന്നവരുമാണെങ്കില്‍ സംഘടനയെ ഭദ്രതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ നേതൃത്വത്തിന് കഴിയും. എന്നാല്‍, ഇതെല്ലാം വ്യത്യസ്തമാണെങ്കില്‍ അതിന്റെ ദൗര്‍ബല്യം പ്രകടമായിക്കൊണ്ടിരിക്കും. നേതൃത്വത്തിന്റെ ശേഷിക്കുറവ് മറ്റു സംവിധാനങ്ങളിലൂടെ പരിഹരിക്കുകയാണെങ്കില്‍ ഒരു പരിധിവരെ സംഘടനക്ക് നല്ല നിലയില്‍ മുന്നോട്ടു പോകാന്‍ കഴിയും. അത് സാധ്യമാകാതെ വരുമ്പോള്‍ സംഘടന ഭിന്നിപ്പിലേക്കും പിളര്‍പ്പിലേക്കും വഴിനടത്തപ്പെടും. നേതൃത്വം ദുര്‍ബമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്.
 
 
ചിന്താപരമായ മരവിപ്പ് ഇതില്‍ വളരെ പ്രധാനമാണ്. ചിന്താപരമായ രംഗത്ത് നേതൃത്വം ദുര്‍ബലമാണെങ്കില്‍ അത് അംഗങ്ങളുടെ ധിഷണയെ തൊട്ടുണര്‍ത്തുന്നതിലും അവരെ തൃപ്തിപ്പെടുത്തുന്നതിലും പരാജയപ്പെടും. ചിന്താപരമായ കഴിവുള്ള ചില നേതൃത്വങ്ങളുമുണ്ട്. പക്ഷേ, തങ്ങളുടെ ചിന്ത മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ അവര്‍ വിജയിച്ചില്ലെന്നും വന്നേക്കാം.
 
 
സംഘടനാപരമായ ഭദ്രതയും കെട്ടുറപ്പും കൈവരിക്കുന്നതിലെ നേതൃത്വത്തിന്റെ ശേഷിക്കുറവും മറ്റൊരു പ്രധാന ദൗര്‍ബല്യമാണ്. ഒരു സംഘടനയെ നയിക്കുമ്പോള്‍ അനിവാര്യമായും ഉണ്ടാകേണ്ട, വ്യക്തിത്വത്തിന്റെയും ശേഷികളുടെയും അഭാവം സംഘടനയെ ദുര്‍ബലമാക്കും. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളില്‍ ഇടര്‍ച്ചയും പരിഷ്‌കരണങ്ങളില്‍ പതര്‍ച്ചയും സംഭവിക്കുകയും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. പ്രബോധന സരണിയില്‍ നിന്ന് ജനങ്ങള്‍ തെന്നിമാറുന്നതിന് ഇത് വഴിയൊരുക്കുകയും ചെയ്യും.
 
 
നേതൃത്വത്തിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളുണ്ട്. അവ സ്വാംശീകരിക്കുന്നിടത്താണ് നേതൃത്വവും സംഘടനയും വിജയിക്കുന്നത്. 
 
 
1. ആദര്‍ശ ജ്ഞാനം: നേതൃത്വത്തിന് തന്റെ ആദര്‍ശത്തെ കുറിച്ചും അതിന്റെ ചിന്താപരവും പ്രായോഗികവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും നല്ല ഉള്‍ക്കാഴ്ച ഉണ്ടായിരിക്കണം. അണികളുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുകയും വേണം. തങ്ങളുടെ പഠനവും കാഴ്ചപ്പാടും അണികളുമായി നിരന്തരം പങ്കുവെക്കണം. 
 
 
2. സ്വന്തത്തെ കുറിച്ച തിരിച്ചറിവ്: തന്റെ ദൗര്‍ബല്യത്തെയും ശേഷികളെയും കുറിച്ച തികഞ്ഞ ബോധ്യം നേതൃത്വത്തിന് ഉണ്ടായിരിക്കണം. ഇത് തിരിച്ചറിയാന്‍ കഴിയാത്ത വ്യക്തിക്ക് ഒരിക്കലും ജേതാവാകാന്‍ കഴിയുകയില്ല. തന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ചികിത്സിക്കാനും ശേഷികളെ പരിപോഷിപ്പിക്കാനും ശ്രമിക്കണം. രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ വിഷയങ്ങളെക്കുറിച്ച് നല്ല ഉള്‍ക്കാഴ്ച നേടിയെടുക്കണം. നേതൃനിരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കുകയും അവരുടെ ഉത്ഥാനപതനങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുക. 
 
 
3. നല്ല ശ്രദ്ധയും മികച്ച പരിഗണനയും: സംഘടനയിലെ ഓരോ അംഗവുമായും നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ അവസ്ഥാന്തരങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണം. അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുചേരാനും പ്രത്യേകം ശ്രദ്ധിക്കുക. 
 
 
4. മികച്ച മാതൃക: ഓരോ മേഖലയിലും തങ്ങള്‍ക്കനുകരിക്കാവുന്ന റോള്‍മോഡലുകളായിട്ടാണ് അണികള്‍ നേതൃത്വത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. നേതാവിന്റെ സ്വഭാവം, ഊര്‍ജസ്വലത, ധാര്‍മികത, പ്രവര്‍ത്തനങ്ങള്‍, നടപടികള്‍ തുടങ്ങിയവ സംഘടനയുടെ ഗമനത്തില്‍ വലിയ സ്വാധീനമുളവാക്കും. പ്രവാചകന്‍ തന്റെ അനുചരന്മാര്‍ക്ക് ഉത്തമ മാതൃകയായിത്തീര്‍ന്ന കാരണത്താലാണല്ലോ 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ടെ'ന്ന് (അല്‍ അഹ്‌സാബ് 21) ഖുര്‍ആന്‍ വിവരിച്ചത്. സ്വഹാബികളുടെ ജീവിതവും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. 'എന്റെ അനുചരന്മാര്‍ നക്ഷത്ര തുല്യരാണ്, അവരെ ആര് പിന്‍പറ്റിയാലും നിങ്ങള്‍ക്ക് നേര്‍മാര്‍ഗമുണ്ടെ'ന്ന് പ്രവാചകന്‍ അവരെ പറ്റി വിശേഷിപ്പിച്ചതും ഈ കാരണത്താലാണ്. 
 
 
5. ജാഗ്രത: ഏത് വിഷയത്തിലും പെട്ടെന്ന് ഇടപെടാനും പക്വമായ തീരുമാനമെടുക്കാനും നേതൃത്വത്തിന് കഴിയുമ്പോള്‍ അണികള്‍ക്ക് നേതൃത്വത്തോട് ആദരവ് വര്‍ധിക്കുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍, നേതൃത്വത്തെ കുറിച്ച് സംശയവും നിഗൂഢതയും ഉണ്ടാകുമ്പോള്‍ നിരാശക്കും അരാജകത്വത്തിനും അത് വഴിയൊരുക്കും. സംശയ സാഹചര്യങ്ങളിലുണ്ടാകുന്ന അന്വേഷണതൃഷ്ണയും വികാരത്തിനടിപ്പെടുമ്പോഴുണ്ടാകുന്ന വിവേകപൂര്‍വമായ ഇടപെടലുകളും അല്ലാഹുവിന് വളരെ ഇഷ്ടമാണ്. 
 
 
6. ഇഛാശക്തി: പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാനുമുള്ള ഇഛാശക്തി നേതൃത്വത്തിന് അനിവാര്യമായും ഉണ്ടായിരിക്കണം. എല്ലാറ്റിനെയും അതിജീവിക്കാനുള്ള കരുത്തും ഇഛാശക്തിയുമാണ് ഈ കാലവും ലോകവും നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 
 
 
7. ആകര്‍ഷണീയ വ്യക്തിത്വം: കാണുന്ന മാത്രയില്‍ തന്നെ അണികളുടെ മനംകവരാനുള്ള കഴിവ് ചില നേതൃത്വങ്ങളില്‍ പ്രകൃതിപരമായി തന്നെയുള്ള ഗുണമാണ്.  നേതൃത്വത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നതും ഈ വിശേഷണം തന്നെയാണ്. 
 
 
8. ശുഭപ്രതീക്ഷ:  ശുഭപ്രതീക്ഷയായിരിക്കണം ഒരു നേതാവിനെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. ഹൃദയവിശാലതയോടും ശുഭപ്രതീക്ഷയോടും കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്താണ് നേതൃത്വത്തിന്റെ വിജയം. എന്നാല്‍, നിരാശയും അപകര്‍ഷബോധവും വ്യക്തികളുടെയും സംഘടനകളുടെയും നാശത്തിന് മുഖ്യ ഹേതുവാണ്. നേതൃത്വം എന്നത് ഒരു വലിയ സംഘത്തിന്റെ തലവനാണ്. അതിനാല്‍ തന്നെ അണികളില്‍ അതിന്റെ സ്വാധീനം ആഴമേറിയതാണ്. അവര്‍ നിരാശക്കും ദൗര്‍ബല്യത്തിനും അടിപ്പെടുകയാണെങ്കില്‍ അണികളും നിരാശരും ദുര്‍ബലരുമായിത്തീരും. അതേസമയും പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും മുമ്പില്‍ അടിപതറാതെ, അവയെ കരുത്തോടെ അഭിമുഖീകരിക്കുകയും വെല്ലുവിളികളെ നേരിടുകയുമാണെങ്കില്‍ അണികളും ആ നിലവാരത്തിലേക്ക് ഉയരുകയും നല്ല നേതൃത്വങ്ങളായി വളരുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല: