2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

നിലാവ് വായനക്കാർക്ക് 

ബലി പെരുന്നാൾ ആശംസകൾ 


sadi eid



ഒരിക്കൽ കൂടി ഒരു ബലി പെരുന്നാൾ നമ്മുടെ മുമ്പിൽ കടന്നു വരുമ്പോൾ ..
ലോക മുസ്ലിംകൾ 
മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി ബലിപെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പിലാണ്. 
എന്നാൽ ലോക മുസ്ലിം സമൂഹത്തിൻറെ അവസ്ഥകൾ ഓർമിച്ചു കൊണ്ട് മാത്രമേ നമുക്ക് ആഹ്ലാദിക്കാൻ അവസരമുള്ളൂ ..ഫലസ്തീനും ,ഇറാഖും ,സിറിയയും ...അങ്ങനെ പലതും നമ്മുടെ മുന്നിൽ വേദനകളായി ബാക്കി നിൽക്കുകയാണ് ..
എന്താണ് ഈദ് 
കേവലം അനാചാരങ്ങളുടെയും ചടങ്ങുകളുടെയും ലാഘവത്തോടെ കൊണ്ടാടപ്പെടേണ്ടതല്ല പെരുന്നാളുകള്‍. ഒരു വിശ്വാസി എന്നനിലക്ക് പെരുന്നാളിന്റെ അര്‍ത്ഥവും ആത്മാവും ഗ്രഹിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പകര്‍ത്തേണ്ടത് പകര്‍ത്തുകയും വര്‍ജ്ജിക്കേണ്ടത് വര്‍ജ്ജിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ അനുഗ്രഹീത ദിനത്തിന് പെരുന്നാള്‍ എന്ന് നാമകരണം ചെയ്യുന്നതിന്റെ നീതീകരണവും അപ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. പെരുന്നാളുകള്‍ ഉത്സവങ്ങളോ പിറന്നാളുകളോ ആവരുത്. സുകൃതങ്ങളുടെ കലവറയാകണം. തിരിച്ചറിവിന്റെ വഴിത്തിരിവുകളാകണം. ചിന്തകളുടെ അനിവാര്യ ഘട്ടങ്ങളാവണം. അവിടെയാണ് പെരുന്നാള്‍ചടങ്ങുകളിലൂടെയും മനുഷ്യന്‍ പുനര്‍ജ്ജനിക്കുന്നത്.
ബലിപെരുന്നാള്‍ ബലിമൃഗങ്ങളുടെ മാംസം മൂക്കറ്റം ഭുജിച്ച് കിടന്നുറങ്ങാനുള്ള ദിവസമല്ല. വര്‍ണ്ണ ശഭളിമയില്‍ മേനിയെ പൊതിഞ്ഞ് ടൂറടിക്കാനുള്ള കാലവുമല്ല. മവുഷ്യന്‍ തന്റെ ഇച്ഛകളെ ബലി നടത്തുകയാണ് ഇവിടെ അനിവാര്യം. ആടുകളുടെയും മാടുകളുടെയും കഴുത്തില്‍ കത്തിവെക്കുന്നതിന് മുമ്പ് അവന്‍ സ്വന്തം അകതാരിലെ ആഗ്രഹങ്ങളുടെയും അത്യാര്‍ത്തിയുടെയും കഴുത്തില്‍ കത്തി വെക്കണം. സ്വാര്‍ത്ഥതയും അഹങ്കാരവും രക്തം വാര്‍ന്നൊഴുകി ചത്ത്‌പോകണം. സ്വന്തം ശരീരത്തിലെ അധിനിവേശ ശക്തികളെ ചെറുത്ത് തോല്‍പിക്കണം. ‘ഫിത്‌റത്ത്’എന്ന ശരീരത്തിലെ പ്രഥമവാസിതന്നെയാണ് എന്നും ശരീരത്തെ നയിക്കേണ്ടത്. സ്പര്‍ദ്ധയുടെയും വിദ്ധ്വേഷത്തിന്റെയും ആത്മാവുകള്‍ അവയെ കവച്ചുവെക്കാന്‍ പാടില്ല. അവ മികവ് നേടുമ്പോള്‍ നമ്മളിലെ മനുഷ്യന്‍ മരിക്കുകയാണ്. ഹൃദയങ്ങളിലേക്ക് നുഴഞ്ഞ്കയറിയ അന്യരെ പിടിച്ച് പുറത്തിടുമ്പോഴാണ് നമ്മള്‍ സ്വതന്ത്രരാകുന്നത്.
ഓരോ ബലിപെരുന്നാളും വിശ്വാസിയുടെ സ്വാതന്ത്ര്യദിനങ്ങളാണ്. അവന്‍ ഹൃദയത്തിലെ പൈശാചിക പ്രലോപനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടുകയാണിവിടെ. വിദേശികളായ അഹങ്കാരവും സ്വാര്‍ത്ഥതയും അധിനിവിഷ്ഠ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമയി കെട്ട് കെട്ടിക്കപ്പെടുന്നു. ചെറുത്തുനില്‍പിന്റെ ആത്മീയ വേരുകള്‍ ഹൃദയത്തില്‍ നിന്നും പുറത്ത് വരുന്നു. പ്രതിരോധത്തിന്റ അലയൊലികള്‍ ഒടുങ്ങാതെ മുഴങ്ങിത്തുടങ്ങുന്നു. അങ്ങനെ മനുഷ്യന്‍ പെരുന്നാളുകളിലൂടെ പുനര്‍ജ്ജനിക്കുന്നു.
കുടുംബബന്ധങ്ങള്‍ പുലര്‍ത്തുകയും സ്‌നേഹം രൂടമൂലമാക്കലുമാണ് പെരുന്നാളിന്റെ ആത്മാവ്. ഇവിടെയാണ് സഞ്ചാരങ്ങളും യാത്രകളും കടന്ന്‌വരുന്നത്. അടുത്ത ബന്ധുക്കളെയും അകന്ന ബന്ധുക്കളെയും നേരില്‍ പോയികാണണം. പിതാവിന്റെയും മാതാവിന്റെയും സൗഹൃദങ്ങള്‍ മരിക്കാതെ സൂക്ഷിക്കണം. സന്തോഷം പങ്കിടണം. കഴിയാവുന്ന സഹായ സഹകരണങ്ങള്‍ ചെയ്ത് അവരുടെ നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അല്ലാതെ മൊബൈല്‍ഫോണുകള്‍ക്ക് മുമ്പില്‍ ബന്ധങ്ങള്‍ പരിമിതമാലവരുത്. കേവലം ശബ്ദ ബന്ധങ്ങളല്ല, ശാരീരിക ബന്ധങ്ങള്‍ വേണം. ഈ സൗഹാര്‍ദ്ദ സന്നിപാതത്തിന് വേണ്ടിയാണ് വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെയൊരു സംരംഭം. സാധാരണ ദിവസങ്ങളെ പോലെ ഇതിലും ജോലിക്ക് പോയി ദിവസത്തിന്റെ പവിത്രത ഗൗനിക്കാതിരിക്കാന്‍ പാടില്ല. സ്‌നേഹബന്ധങ്ങളിലൂടെ സുദൃഡകുടുംബങ്ങള്‍ ജനിക്കണം. അങ്ങനെ നാട്ടിലും സമൂഹത്തിലും ഐക്യം രൂപപ്പെട്ടുവരണം.

അഭിപ്രായങ്ങളൊന്നുമില്ല: