2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

                      കാലിക്കറ്റ് വാഴ്സിറ്റി


   തകരുന്നത് നിരപരാധികളായ വിദ്യാര്‍ഥികളുടെ 

                            ഭാവിയാണ്

കലാലയങ്ങളുടെയും വിദ്യാര്‍ഥികളുടെയും എണ്ണംകൊണ്ട് കേരളത്തില്‍ ഏറ്റവും വലിയ സര്‍വകലാശാലയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്തംഭിച്ചിട്ട് ദിവസങ്ങളായി. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകളെ വഞ്ചിച്ചുകൊണ്ട് അവിടെ സ്വേച്ഛാഭരണവും വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വടംവലികളും ആള്‍ക്കൂട്ടഭരണവും താണ്ഡവമാടുകയാണ്. സമരത്തിന് കാരണക്കാരായവര്‍ക്കോ അത് നടത്തിക്കുന്നവര്‍ക്കോ നടത്തുന്നവര്‍ക്കോ കാര്യമായൊന്നും നഷ്ടപ്പെടാനില്ലാത്തതും എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്നതുമായ ആഭാസങ്ങള്‍ വിദ്യാഭ്യാസ കേന്ദ്രത്തെയാകെ പിടിച്ചുലച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. നവംബറില്‍ നടക്കേണ്ട പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുകയാണ്. ഇക്കൊല്ലത്തെ പരീക്ഷാ കലണ്ടര്‍ ഇതോടെ അട്ടിമറിഞ്ഞു. മഹാഭൂരിപക്ഷം ജീവനക്കാരും അനിശ്ചിതകാല പണിമുടക്കിനിറങ്ങിയതോടെ അഫിലിയേറ്റഡ് കോളജുകളിലേതടക്കമുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളും കുറെ തടസ്സപ്പെടും. സമരത്തിനു മുമ്പുതന്നെ യൂനിവേഴ്സിറ്റിയുടെ ഭരണനേതൃത്വത്തില്‍ വലിയ ശൂന്യതയാണുണ്ടായിരുന്നത്. ഇതെല്ലാം മലബാറിലെ വളരെ വലിയ വിദ്യാര്‍ഥിസമൂഹത്തെയാണ് അന്തിമമായി ബാധിക്കുക. വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഇത് സൃഷ്ടിച്ച ആശങ്ക സര്‍ക്കാറിനും മനസ്സിലായ മട്ടില്ല.
കാര്യങ്ങള്‍ ഇത്രത്തോളം കുത്തഴിഞ്ഞതില്‍ വൈസ് ചാന്‍സലര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഭരണരംഗത്ത് വ്യക്തിവൈരാഗ്യത്തിന് സ്ഥാനമുണ്ടായിക്കൂടാത്തതാണ്. ഭരണമെന്നാല്‍ ഉത്തരവുകളും ഫയല്‍വാഴ്ചയും മാത്രമല്ല, മനുഷ്യബന്ധങ്ങള്‍കൂടിയാണെന്ന് തിരിച്ചറിയാതിരുന്നാല്‍ അത് അപകടം ചെയ്യും.
തീരുമാനങ്ങളുടെ നിയമസാധുത മാത്രമല്ല, അവയുടെ ഒൗചിത്യവും നീതിനിഷ്ഠയും ഭരണീയര്‍ക്കുകൂടി ബോധ്യപ്പെടുമ്പോഴാണ് ഭരണം മികവുറ്റതാവുക. ഇതില്‍ വി.സിക്ക് വീഴ്ചപറ്റിയിട്ടുണ്ട്. തിരുത്താനായി ലഭിച്ച അവസരങ്ങള്‍ അദ്ദേഹം വേണ്ടത്ര ഉപയോഗപ്പെടുത്തിയുമില്ല. അതേസമയം, യൂനിവേഴ്സിറ്റി ജീവനക്കാരെ ഇപ്പോള്‍ ഭരിക്കുന്നത് യൂനിവേഴ്സിറ്റിയോടുള്ള ഗുണകാംക്ഷയോഭരണനടത്തിപ്പ് കാര്യക്ഷമമാകണമെന്ന താല്‍പര്യമോ അല്ല; യൂനിവേഴ്സിറ്റിയുടെ തുടക്കം മുതല്‍ അതിനെ നശിപ്പിക്കാന്‍ തുടങ്ങിയ ട്രേഡ് യൂനിയന്‍ വാഴ്ച അഭംഗുരം തുടരണമെന്ന വാശിയാണ്. പണിമുടക്ക് തീര്‍പ്പാക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ നടത്തിയ ശ്രമങ്ങളോട് അവര്‍ സഹകരിച്ചില്ല. വി.സിയോട് കണക്കു തീര്‍ക്കുമ്പോള്‍ പരിക്കേല്‍ക്കുന്നത് വിദ്യാര്‍ഥികള്‍ക്കാണ് എന്ന് അറിയാഞ്ഞിട്ടല്ല. വി.സിയുടെ നിലപാടുകള്‍ ദോഷംചെയ്യുന്നുണ്ട്; അതേസമയം, യൂനിയനുകളുടെ ഗര്‍വും രാഷ്ട്രീയക്കളികളും കൂടുതല്‍ സ്ഥായിയായ പരിക്കേല്‍പിക്കുന്നുമുണ്ട്. ഒന്ന് ഒന്നിന് വളമാകുമ്പോള്‍ തകരുന്നത് നിരപരാധികളായ വിദ്യാര്‍ഥികളുടെ ഭാവിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: