2013, ജൂൺ 21, വെള്ളിയാഴ്‌ച

മലപ്പുറം ജില്ലയുടെ വിഭജനത്തിന് മുസ്ലിംലീഗും രംഗത്തിറങ്ങും

മലപ്പുറം ജില്ലയുടെ വിഭജനത്തിന് മുസ്ലിംലീഗും രംഗത്തിറങ്ങും
മലപ്പുറം: സംസ്ഥാനത്ത് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗും രംഗത്തിറങ്ങും. ഇതിന്‍െറ പ്രാരംഭ ചര്‍ച്ചകള്‍ മുസ്ലിംലീഗിലും പോഷക ഘടകങ്ങളിലും ഉയര്‍ന്നു തുടങ്ങി. കഴിഞ്ഞ ദിവസം മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയിലും ഇതുസംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നു.
ഈ ആവശ്യവുമായി പാര്‍ട്ടി രംഗത്തിറങ്ങാത്തപക്ഷം ഇടത് സംഘടനകള്‍ രംഗം കൈയടക്കി എല്‍.ഡി.എഫ് ഭരണത്തില്‍ ജില്ല വിഭജിക്കപ്പെട്ടാല്‍ ലീഗിന്‍െറ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കപ്പെടുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ലീഗില്‍ മുഴങ്ങിത്തുടങ്ങിയത്. ജില്ല വിഭജിക്കേണ്ടതിന്‍െറ ആവശ്യകത മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇതിനകം ധരിപ്പിച്ചു കഴിഞ്ഞതായി അറിയുന്നു. മാത്രമല്ല, അടുത്ത ഡിസംബറില്‍ ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ ജില്ലാ പദയാത്രയിലും ജില്ലാ വിഭജനത്തിന്‍െറ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതടക്കമുള്ള പരിപാടികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
2011ലെ സെന്‍സസ് പ്രകാരം ജില്ലയിലെ ജനസംഖ്യ 42 ലക്ഷമാണ്. രാജ്യത്തെ 640 ജില്ലകളില്‍ ജനസംഖ്യയില്‍ മലപ്പുറം 50ാം സ്ഥാനത്താണ്. അതേസമയം, 11 ലക്ഷം ജനസംഖ്യയുള്ള ഇടുക്കി ജില്ല രാജ്യത്ത് ജനസംഖ്യയില്‍ 416ാം സ്ഥാനത്തും 11.95 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ല 319ാം സ്ഥാനത്തുമാണ്.
1969 ജൂണ്‍ 16ന് പിറവിയെടുത്ത മലപ്പുറത്തെ ജനസംഖ്യ പശ്ചിമേഷ്യന്‍ രാജ്യമായ ലബനാനിലേതിന് സമാനമാണ്. ജനസംഖ്യയും ഭൂവിസ്തൃതിയും ഏറെയാണെങ്കിലും ധന-ഭൗതിക വിഭവ വിതരണത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ഭരണകക്ഷി കൂടിയായ മുസ്ലിംലീഗും സമ്മതിക്കുന്നുണ്ട്. റവന്യു-വിദ്യാഭ്യാസ-ആരോഗ്യമടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ് വാര്‍ഷിക ധനസഹായത്തില്‍ ഇതര ജില്ലകളെ അപേക്ഷിച്ച് വെട്ടിക്കുറവിനിടവരുത്തുന്നുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ടുകളുടെ വിതരണം ബ്ളോക്ക് തലത്തിലാകയാല്‍ വിസ്തീര്‍ണത്തിലും ജനസംഖ്യയില്‍ കുറവുമുള്ള ജില്ലകള്‍ക്ക് ലഭിക്കുന്ന തുക മാത്രമേ കേന്ദ്ര സര്‍ക്കാറില്‍നിന്ന് മലപ്പുറത്തിന് ലഭിക്കുന്നുള്ളൂ.
നിലവിലെ ജനസംഖ്യ രണ്ട് ജില്ലകളിലായി വിഭജിക്കപ്പെട്ടാല്‍ രണ്ട് ജില്ലകളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഇപ്പോള്‍ ലഭിക്കുന്നതിന്‍െറ ഇരട്ടി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നതാണ് വിഭജനം ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. ഈ തിരിച്ചറിവിന്‍െറ പശ്ചാതലത്തില്‍ സോളിഡാരിറ്റി, എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകള്‍ ജില്ല വിഭജിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ത്തിതുടങ്ങിയിട്ടുണ്ട്. ജില്ലാ വിഭജനത്തിന് ശക്തമായി വാദിക്കുന്നതില്‍ വിവിധ പാര്‍ട്ടികളുടെ യുവജന സംഘടനകളാണ് മുന്നില്‍. സര്‍ക്കാര്‍ ജോലിക്കുള്ള അവസരമാണ് ജില്ലാ വിഭജനം എന്ന അജണ്ട മുന്നോട്ടുവെക്കാന്‍ യുവജന സംഘടനകളെ മുഖ്യമായും പ്രേരിപ്പിക്കുന്ന ഘടകം.വരും നാളുകളില്‍ വിഭജന ആവശ്യം കൂടുതല്‍ ശക്തിപ്പെടുമെന്ന് മാത്രമല്ല, മുഴുവന്‍ സംഘടനകളും ഇതിനുവേണ്ടി രംഗത്തിറങ്ങാനാണ് സാധ്യത.

അഭിപ്രായങ്ങളൊന്നുമില്ല: