2013, ജൂൺ 18, ചൊവ്വാഴ്ച



സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ആര്‍ത്തിയും അരാജകത്വവും






സോളാര്‍ തട്ടിപ്പിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണനുമായുള്ള ദാമ്പത്യബന്ധം തകരാന്‍ കാരണം അയാളുടെ ശാലുമോനോനുമായുള്ള അവിഹിത ബന്ധമാണെന്ന് ഭാര്യ സരിത ആരോപിക്കുന്നു. ഭാര്യ സരിതയുമായുമായി താന്‍ അകലാന്‍ കാരണം ഗണേഷ് കുമാറുമായുള്ള വഴിവിട്ട ബന്ധമാണെന്ന് ബിജുവും ആരോപിക്കുന്നു. ബിജുവിന്റെ ആദ്യ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്നും സരിതയുമായുള്ള ബന്ധമാണ് അതിലേക്ക് നയിച്ചതെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. നേരത്തെ ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കാനും ഭാര്യ യാമിനിയുമായുള്ള ബന്ധം തകരാനും കാരണമായതും പരസ്ത്രീ ബന്ധം തന്നെ. പണം തട്ടാനും അധികരാക കേന്ദ്രങ്ങളിലുള്ളവരെ സ്വാധീനിക്കാനും സ്വന്തം ശരീരം സമര്‍പ്പിക്കുന്ന പല സ്ത്രീകളുടെയും കഥകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. സോളാര്‍ തട്ടിപ്പിലും ഇതുണ്ടായതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു.

എന്നും എവിടെയും എല്ലാ നാശങ്ങള്‍ക്കും നിമിത്തമാകാറുള്ളത് പണത്തോടുള്ള ആര്‍ത്തിയും കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങളുമാണ്. രണ്ടും പരസ്പര ബന്ധിതമാണ്. ഏറെപ്പേരും പണമുണ്ടാക്കുന്നത് അരാജക ജീവിതം നയിക്കാനാണ്. അരാജക ജീവിതം നയിക്കുന്നവര്‍ അന്യായമായ മാര്‍ഗത്തിലൂടെ സമ്പത്ത് ഉണ്ടാക്കുകയും ചെയ്യുന്നു.

സമ്പത്തിനോടുള്ള ആര്‍ത്തിയും ലൈംഗിക അരാജകത്വവും മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുന്നു. സ്‌നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങളെ നശിപ്പിക്കുന്നു. ജീവിതത്തിന്റെ വിശുദ്ധി കെടുത്തുന്നു. കുടുംബബന്ധങ്ങളെ തകര്‍ക്കുന്നു. സമൂഹത്തില്‍ അക്രമവും അനീതിയും അരക്ഷിതത്വവും വളര്‍ത്തുന്നു. അങ്ങനെ അവ രണ്ടും സമൂഹത്തില്‍ സമാധാനവും സുരക്ഷിതത്വവും നന്മയും നീതിയും ഇല്ലാതാക്കുന്നു. ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത പ്രതിസന്ധിയും ധനത്തോടുള്ള ആര്‍ത്തിയും ലൈംഗിക അരാജകത്വവും തന്നെ.

അതിനാലാണ് ഇസ്‌ലാം രണ്ടിലും ശക്തമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും വെച്ചത്. സാമ്പത്തിക വിശുദ്ധിയും അച്ചടക്കവും പാലിക്കാത്തവരുടെ ആരാധനാകര്‍മങ്ങള്‍ പോലും സ്വീകാര്യമല്ലെന്ന് അത് പഠിപ്പിക്കുന്നു. സാമ്പത്തിക കുറ്റവാളികള്‍ക്ക് നരകം ഉറപ്പാണെന്നും. ലൈംഗിക അരാജകത്വം സംഭവിക്കാതിരിക്കാനായി സ്ത്രീ-പുരുഷ ബന്ധത്തിലും ഇടപഴകലുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അവിഹിത വേഴ്ചകളെയും സാമ്പത്തികക്കുറ്റങ്ങളെയും ധാര്‍മികത്തെറ്റുകളില്‍ പരിമിതപ്പെടുത്താതെ ക്രിമിനല്‍ കുറ്റങ്ങളായി പ്രഖ്യാപിക്കുന്നു. ഇവ രണ്ടിലും ഇസ്‌ലാമിമിനോളം സൂക്ഷമത പുലര്‍ത്തിയ മറ്റൊരു ജീവിത വ്യവസ്ഥയുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല: