2016, നവംബർ 1, ചൊവ്വാഴ്ച

സിമിക്കഥയിലെ പത്ത് ചോദ്യങ്ങള്‍ ...!
*******************************************
കൊള്ളാം സാറന്മാരെ ... നിങ്ങളുടെ ഭാവന ഗംഭീരമെന്നു പറയാതിരിക്കാന്‍ വയ്യ . ഞാനൊക്കെ അസൂയപ്പെടുന്നതും , കഥാദാരിദ്ര്യം അനുഭവിക്കുന്ന മലയാള സിനിമാ വ്യവസായത്തെപ്പോലുള്ള മേഖലകള്‍ക്ക് ആവേശം പകരുന്നതുമാണ് നിങ്ങളുടെ ഭോപ്പാല്‍ എന്കൌണ്ടര്‍ എന്ന സസ്പെന്‍സ് ത്രില്ലര്‍ . പക്ഷേ, അന്നം കഴിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലാഞ്ഞതിനാല്‍ ഞങ്ങളില്‍ ചില "രാജ്യദ്രോഹികള്‍ക്ക്" ഇതൊരു രജനീകാന്ത് സിനിമാ കഥ പോലെയോ , മോഹന്‍ലാലിന്‍റെ ഒരു മീശപ്പടം പോലെയോ യുക്തിയില്‍ ദഹിക്കുന്നില്ല സാറന്മാരെ ..!
ആ നിലയില്‍ ചില കുഞ്ഞു സംശയങ്ങളുണ്ട്...!
1) മണിക്കൂറുകള്‍ക്കകം അനുകൂലമായി വിധിവരുന്നത് കാത്തുനില്‍ക്കുന്ന പ്രതികള്‍ എന്തിനാണ് സാര്‍ ജയില്‍ ചാടുന്നത് ..? ഇവരെ വധശിക്ഷയ്ക്ക് വിധിച്ചതോ , ജീവപര്യന്തം തടവിനു ശിക്ഷിച്ചതോ അല്ലാ എന്നിരിക്കെ , കേസില്‍ വെറുതെവിടും എന്ന് അവരുടെ അഭിഭാഷകന്‍ ഉറപ്പുകൊടുത്തിരിക്കെ ഇക്കൂട്ടര്‍ ജയില്‍ ചാടുന്നത് എങ്ങിനെയാണ് സര്‍ ..? ആവട്ടെ , ചിലര്‍ക്ക് അങ്ങിനെ ഒരു കുബുദ്ധി തോന്നി എന്നിരിക്കട്ടെ , പക്ഷേ വിചാരണാ തടവുകാരായ എട്ടുപേര്‍ക്കും ഒരുപോലെ കുബുദ്ധി തോന്നുന്നത് എങ്ങിനെയാണ് സര്‍ ..?
2) സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിച്ച് ആളുകളെ കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ നമ്മള്‍ എന്തിനാണ് സര്‍ കോടാനുകോടികള്‍ മുടക്കി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ? ഇന്ത്യന്‍ സൈന്യത്തിന് പരിശീലനം നല്‍കുവാന്‍ തടവ്‌കാലയളവിലെങ്കിലും ഇത്തരം ജയില്‍പ്പുള്ളികളെ ഉപയോഗിച്ചാല്‍ പോരെ ..? ഈ യുക്തി വച്ച് തീഹാര്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ജയിലുകളില്‍ ഒരൊറ്റ തടവുപുള്ളി പോലും ഉണ്ടാകുവാന്‍ സാധ്യതയില്ലല്ലോ ..? സകല ജയില്‍ വാര്‍ഡന്‍മാരും ഇതിനകം കൊല്ലപ്പെട്ടിരിക്കണ്ടേ..?!
3) രണ്ടു സ്പൂണും സ്റ്റീല്‍ പാത്രവും ഉപയോഗിച്ചാല്‍ നിസ്സഹായരായി പോകുന്ന പോലീസുകാരെയാണോ , ഇത്തരം ഭീകരന്മാരുടെ കാവലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ..? എട്ടുപേര്‍ക്ക് ഒരു വാര്‍ഡന്‍ എന്നത് എന്തൊരു അസംബന്ധ അനുപാതമാണ് സര്‍ ..?!
4) പുലര്‍ച്ചെ രണ്ടു മണിക്ക് പൂട്ടിയിട്ട സെല്ലില്‍ കഴിയുന്ന തടവുകാര്‍ എങ്ങിനെയാണ് സര്‍ പുറത്തുകടക്കുന്നത് ..? കുറച്ചുകൂടി വ്യക്തമാക്കേണ്ടത്, ഇത്രമേല്‍ വലിയ സുരക്ഷയുള്ള ജയിലില്‍ നിന്നും അവര്‍ എങ്ങിനെയാണ് ഒരു കൊലപാതകം നടത്തി പുറത്തു കടക്കുന്നത് എന്നതാണ് ..? ഒരാളെ മാത്രം കൊന്നാല്‍ പുറത്തുകടക്കാവുന്നത്ര ദുര്ബ്ബലമാണോ ഇന്ത്യന്‍ ജയിലുകളിലെ സുരക്ഷിതത്വം ..?! ദീപാവലി പ്രമാണിച്ച് ഭീകരാക്രമണ ജാഗ്രത പുലര്‍ത്തുന്ന ഒരു രാജ്യത്തെ തീവ്രവാദ ആരോപണം നേരിടുന്ന വിചാരണാ തടവുകാര്‍ക്ക് ഇത്രമേല്‍ ദുര്‍ബ്ബലമായ കാവലാണോ ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത് ..?!
5) ജീന്‍സും സ്പോര്‍ട്സ് ഷൂസും, വാച്ചും ധരിചാണോ സര്‍ ജയിലുകളില്‍ തടവുകാര്‍ ഉറങ്ങുന്നത് . രാത്രി രണ്ടു മണിക്ക് അവര്‍ ആ വേഷത്തില്‍ സെല്ല് തകര്‍ത്ത് പുറത്തുകടന്നു എന്ന കഥ നിങ്ങള്‍ രാജ്യം വിശ്വസിക്കാന്‍ വേണ്ടി തള്ളിയത് തന്നെയാണോ ..?! അതല്ല ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ പോലീസ് ലോക്കപ്പില്‍ പോലും ലഭിക്കാത്ത ഈ വസ്ത്ര കാര്യത്തിലെ ഔദാര്യം ഇവര്‍ക്ക് ആരാണ് നല്‍കിയത് സര്‍..? എന്തുകൊണ്ട്..?!
6) തടവു ചാടിയ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി പറഞ്ഞത്... "തടവുചാടിയ സിമി പ്രവര്‍ത്തകരുടെ പക്കല്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പൊലീസിന് അവരെ കൊല്ലാതെ നിവിര്‍ത്തിയില്ലായിരുന്നു. സ്പൂണുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ് അവര്‍ ആക്രമണം നടത്തിയത്. കൊടുംഭീകരരാണ് അവര്‍." എന്നാണു . എന്താണ് സര്‍ ഒരു സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും, പോലീസ് മേധാവിക്കും ഇതുപോലെയുള്ള ഒരു പ്രധാന വിഷയത്തില്‍ വൈരുധ്യമുള്ള നിലപാടുകള്‍ ..?!
7) ‘സര്‍ക്കാര്‍ ഭാഷ്യത്തില്‍ അസ്വസ്ഥതയുളവാക്കുന്ന വൈരുദ്ധ്യതയെന്ന്" സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി; ഭരണകൂടം കള്ളക്കഥ പടച്ചുണ്ടാക്കുന്നുവെന്ന് കോണ്ഗ്രസ് നേതാക്കള്‍ കമല്‍ നാഥും, ദിഗ്വിജയ് സിങ്ങും പ്രസ്താവിച്ചിരിക്കുന്നു . ഇതിനേക്കാള്‍ വലിയ ഭീകരവാദികളെ നേരിട്ട കേന്ദ്ര മന്ത്രിമാരായിരുന്ന കോണ്ഗ്രസ് നേതാക്കള്‍ക്കും, പ്രതിപക്ഷത്തെ സിപിഎം നേതാക്കള്‍ക്കും എന്താണ് സര്‍ സര്‍ക്കാര്‍ ഭാഷ്യം ദഹിക്കാത്തത് ..?!
8) മൂന്നുമണിക്കു പുറത്തുചാടിയ ഇക്കൂട്ടര്‍ ആറേഴ് മണിക്കൂര്‍ സ്വതന്ത്രമായി ലഭിച്ചിട്ടും പത്തുകിലോമീറ്റര്‍മാത്രം അടുത്ത്,വ്യത്യസ്ത വഴികളിലൂടെപ്പോലും പിരിഞ്ഞു പോകാതെ, പിടിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലത്ത്,പോലീസ് വെടിവയ്ക്കുന്നതും കാത്ത് നിഷ്കളങ്കരായി കഴിഞ്ഞു എന്നതും വിശ്വസിക്കണോ സര്‍ ..?
9) എന്കൌണ്ടര്‍ വീഡിയോദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേയിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു . അതില്‍ ഇവരുടെ കയ്യില്‍ മുകളില്‍ സൂചിപ്പിച്ചപോലുള്ള തോക്കുകള്‍ ഒന്നുമില്ലല്ലോ സര്‍ .
വളരെ അടുത്തുനിന്ന് പോലീസ് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും കാണുവാന്‍ കഴിയുന്നു . നിരായുധരായ മനുഷ്യരെ , അവര്‍ എത്രവലിയ ഭീകരരായാലും, വെടിവച്ചുകൊല്ലുന്നത് ഇന്ത്യാ മഹാരാജ്യത്തെ ഏതു നിയമപ്രകാരമാണ് സര്‍ ..? ഈ വെടിവയ്പ്പിനു പോലീസിനു അനുവാദം നല്‍കിയത് ഏതു ഉദ്യോഗസ്ഥനാണ് എന്ന് എന്താണ് നിങ്ങള്‍ മാധ്യമങ്ങളോട് പറയാത്തത് ..?!
10) കോടതി വിചാരണ ചെയ്തു , ഭീകരര്‍ എന്നോ , കുറ്റവാളികള്‍ എന്നോ വിധിക്കാത്ത ഒരു കേസില്‍ ആരുടെ ഭാവനയിലാണ് സര്‍ ഇക്കൂട്ടര്‍ കൊടും ഭീകരരാണ് എന്ന് തെളിഞ്ഞത് ..?! ആരാണ് ആഭ്യന്തര മന്ത്രിയ്ക്ക് ഇത് തെളിയിക്കുന്ന തെളിവുകള്‍ നല്‍കിയത് ..?!
കഥകള്‍ കേമമാണ്‌ സര്‍ ; ബഹുകേമം..! പക്ഷേ , അന്നം കഴിക്കുന്ന കാലത്തോളം തലച്ചോറ് പണയം വച്ച സംഘികള്‍ക്ക് തുല്യമായി, യുക്തിയുള്ള സകല മനുഷ്യരും നിങ്ങളുടെ തിരക്കഥ വിശ്വസിക്കണം എന്ന് വാശി പിടിക്കരുത് സര്‍ ..! സംഘപരിവാരിനു ഭീഷണിയുള്ള തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം ഇനിയും എന്കൌണ്ടര്‍ തിരക്കഥകള്‍ എഴുതുവാന്‍ ശുഭാശംസകള്‍ ..! പിതാക്കന്മാര്‍ പോലീസ് സേനയിലെ സംഘപരിവാര്‍ അടിമപ്പട്ടികളായിരുന്നു എന്ന് നിങ്ങളുടെ മക്കളും , വരും തലമുറകളും അഭിമാനിക്കട്ടെ ...!!

അഭിപ്രായങ്ങളൊന്നുമില്ല: