2015 ഏപ്രിൽ 9, വ്യാഴാഴ്‌ച

'അപമാനിക്കപ്പെട്ട മൃതദേഹം രാത്രിയില്‍ എന്നോട് പറഞ്ഞു....

കയ്യിൽ ആമംവെച്ചവരും ചങ്ങലയാൽ സീറ്റിൽ ബന്ധിക്കപ്പെട്ടവരും എണീറ്റുവന്ന് പോലീസുമായി ഏറ്റുമുട്ടൽ നടത്തിയ അത്ഭുത സംഭവം നടന്നത്‌ ആദ്യമായി നമ്മുടെ രാജ്യത്തായിരിക്കും.

ചങ്ങലയാൽ സീറ്റിൽ കെട്ടിയിട്ടവരെ ഏറ്റുമുട്ടലിലൂടെ വധിച്ച ചരിത്രത്തിലെ ഏകരാജ്യം എന്ന് റെക്കോഡാണു നമ്മൾ സ്വന്തമാക്കിയത്‌.

ആദ്യം എല്ലാവരേയും സ്വന്തം പൗരന്മാരും പ്രജകളും ആയി കാണാൻ കഴിയണം ഭരണകൂടമേ നിങ്ങൾക്ക്‌. അതില്ലാത്തകാലത്തോളം ഇങ്ങനെ ഇല്ലാകഥകൾ മെനഞ്ഞു പൗരന്മാരെ വെടിവെച്ചുകൊല്ലും നിങ്ങൾ.



'അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു.
കണ്ടില്ലേ എന്റെ കൈകളില്‍ ചേര്‍ത്തുവെച്ചത്?
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റെതല്ല
എനിക്ക് വെടിയുണ്ടകളെ അറിയില്ല
എന്റെ മേല്‍ തറഞ്ഞതിനെ ഒഴികെ
ആ ഡയറിക്കുറിപ്പുകളും എന്റെതല്ല
ഹിറ്റ്‌ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ
കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഢ്ഢിയല്ല
എങ്കില്‍ എനിക്കും കാണണം
ഞങ്ങളുടെ പേര് ഹിറ്റ്‌ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെട്ടതിനാല്‍ അദൃശ്യമായ
ആ നാരകീയ ഡയറി''

മരിച്ചുചെന്നപ്പോഴാണറിയുന്നത്,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും
പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു,
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച്.
അതിനുശേഷം ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച്.
കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍
അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്
മൃതദേഹങ്ങള്‍ കളവ് പറയാറില്ല,
ഞങ്ങളാണ് സത്യം,
ഞങ്ങള്‍ മാത്രമാണ് സത്യം,
പക്ഷെ, ഞങ്ങള്‍ മൃതദേഹങ്ങള്‍ക്ക്
എന്തുചെയ്യാന്‍ കഴിയും?
കഴിയും
പകലുകളില്‍നിന്നു മായ്ച്ചുകളഞ്ഞ്
പത്രത്താളിലും വാര്‍ത്താ ബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്‌ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത്,
സൂര്യനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും ;
'ഉറങ്ങാതിരിക്കുക,
പുലരുന്നത്
നിങ്ങളുടെ ഊഴം'.
വിജയലക്ഷ്മി - മാതൃഭുമി ആഴ്‍ച്ച പതിപ്പ് 11/07/2004

അഭിപ്രായങ്ങളൊന്നുമില്ല: