2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

മുജാഹിദ് പ്രസ്ഥാനത്തെ ഒരു മുജാഹിദ് പണ്ഡിതൻ (അബൂ സല്‍മാന്‍ അഹ്മദ് സലഫി) വിലയിരുത്തുന്നു

മുജാഹിദ് പ്രസ്ഥാനത്തെ ഒരു മുജാഹിദ് പണ്ഡിതൻ (അബൂ സല്‍മാന്‍ അഹ്മദ് സലഫി) വിലയിരുത്തുന്നു
പലിശയധിഷ്ഠിത സഹകരണ ബാങ്കുകളുടെ ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് മത്സരിച്ച് ജയിച്ച് ബാങ്കിന്റെ ക്രയവിക്രയങ്ങളുടെ കാര്യദര്‍ശികളാകുന്ന എത്രയോ ആളുകള്‍ പല മുസ്‌ലിം സംഘടനകളുടെയും മുഖ്യഭാരവാഹികളും നേതാക്കളുമൊക്കെയായി നടക്കുന്ന സാഹചര്യങ്ങള്‍ ഇന്ന് നമ്മുടെ മുമ്പില്‍ അനവധിയുണ്ട്. അതിനൊന്നും മതസംഘടനക്കാര്‍ക്ക് യാതൊരു സങ്കോചവുമില്ല. ഇതുപോലെ എന്തെല്ലാം കാര്യങ്ങള്‍.
ഏഴ് മഹാപാപങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ട പലിശയുടെ ക്രയവിക്രയങ്ങളുടെ കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കുന്നതിനെതിരെ ഒരു മതസംഘടനയും ഇന്നോളം ബോധവല്‍ക്കരണം നടത്തിയായി കേട്ടിട്ടില്ല. അത്തരം കാര്യങ്ങള്‍ക്കെതിരെ ഒരു മതസംഘടനയും കാമ്പയിന്‍ പ്രഖ്യാപിച്ചതായും അറിയില്ല. ഇങ്ങനെ മതവിരുദ്ധമായ കാര്യങ്ങളില്‍ മുഴുകിക്കൊണ്ടു തന്നെ മതസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരോടൊക്കെ മതസംഘടനകള്‍ സമായോജനം പ്രാപിച്ച് കഴിഞ്ഞിരിക്കുകയാണിന്ന്. മതത്തെ സംരക്ഷിക്കല്ല, സംഘടനയെയും സ്ഥാപനങ്ങളെയും സംരക്ഷിക്കലാണ് മിക്ക സംഘടനകളുടെയും മുഖ്യ അജണ്ട എന്ന് വ്യക്തമായില്ലേ?
ക്വുര്‍ആനും സുന്നത്തും സലഫിന്റെ മാര്‍ഗ്ഗവുമാണ് തങ്ങളുടെ സംഘടനാ അടിത്തറയെന്ന് പ്രഖ്യാപിച്ച് ആ തത്വം അംഗീകരിക്കുന്നവരാണെന്ന് വാക്കില്‍ പറയുന്നവര്‍ക്കൊക്കെ അംഗത്വം നല്‍കിക്കൊണ്ടിരിക്കുന്ന മതസംഘടനകള്‍, തങ്ങളുടെ ഈ മൗലിക തത്വങ്ങള്‍ക്ക് വിരുദ്ധമായ നിലപാടില്‍ സ്ഥാപിതമായ മറ്റു പ്രസ്ഥാനങ്ങളില്‍ അംഗത്വമുള്ളര്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ട്. പ്രവാചകന്‍മാരഖിലവും പ്രബോധനം ചെയ്ത ഇസ്‌ലാമിന്റെ പ്രഥമ പ്രബോധന വിഷയമായ തൗഹീദ് അഥവാ ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കുന്ന മതസംഘടനകളില്‍ അംഗത്വമുള്ളയാളുകള്‍ അതേയവസരം തന്നെ ദൈവനിഷേധം മുഖ്യ അടിത്തറയായി അംഗീകരിച്ച നീരീശ്വര നിര്‍മ്മത പ്രസ്ഥാനങ്ങളിലും അംഗങ്ങളാകുന്നു! രാവും പകലും ഒരിടത്ത് സമ്മേളിക്കുന്നത് പോലെയുള്ള വൈരുദ്ധ്യങ്ങളാണിത്. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം മൗലിക തത്വമായി സ്വീകരിച്ച നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് തന്നെ തൗഹീദീ സംഘടനയിലും അംഗമാകാന്‍ കഴിയുന്നതെങ്ങനെ? എന്തടിസ്ഥാനത്തിലാണ് ഇത്തരം ആളുകള്‍ക്ക് മതസംഘടനക്കാര്‍ അംഗത്വം നല്‍കുന്നത്?
ഇസ്‌ലാമിന്റെ അസ്തിത്വത്തെയും ഇസ്‌ലാമിക ശരീഅത്തിനെയും ചോദ്യം ചെയ്യുന്ന മതവിരുദ്ധ ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളില്‍ അംഗത്വമുള്ളവര്‍ക്ക് അതോടൊപ്പം തന്നെ ഏതെങ്കിലും മതസംഘടനയിലും അംഗമാകാം എന്നതാണ് സ്ഥിതി. ഈ വിധത്തില്‍ മിക്ക മതസംഘടനകളും വാസ്തവത്തില്‍ ഇന്ന് അവിയല്‍ പരുവത്തിലുള്ള പ്രസ്ഥാനങ്ങളായി പരിണമിച്ചിരിക്കുന്നു. ആര്‍ക്കും ചേക്കേറാവുന്ന ഒരു ചില്ല!? എന്നാല്‍, ക്വുര്‍ആനും സുന്നത്തും സലഫീ മന്‍ഹജും ലോകസലഫീ പണ്ഡിതന്‍മാരുടെ നിലപാടുകളുമനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് നിര്‍ബന്ധം പിടിക്കുന്നയാളുകളുടെ ഭാരമാണ് ഈ ചില്ലക്ക് പലപ്പോഴും താങ്ങാനാവത്തത് എന്നത് കൂടി കൂട്ടി വായിക്കുമ്പോള്‍ കാര്യങ്ങളെല്ലാം ഇപ്പോഴും ‘ഉള്‍ട്ട’ തന്നെയാണ് എന്ന് മനസ്സിലാകും.അങ്ങനെ മതസംഘടനയില്‍ ‘സെക്യുലരിസ്റ്റ് ലിബറല്‍’ സംസ്‌കാരം വളര്‍ത്തിയിരിക്കുകയാണ് മിക്ക സംഘടനക്കാരും. ഓരോരുത്തര്‍ക്കും അവരവരുടെ രീതിയനുസരിച്ച് പ്രവര്‍ത്തിക്കാം, സംഘടനയുടെ മിനിമം പരിപാടികളോട് യോജിച്ചാല്‍ മാത്രം മതി എന്നതാണ് നില?!

അഭിപ്രായങ്ങളൊന്നുമില്ല: