2016 ജൂലൈ 21, വ്യാഴാഴ്‌ച

അട്ടിമറിശ്രമത്തിന് ശേഷം ഉര്‍ദുഗാന്‍ പറയുന്നത്‌

ജമാല്‍ ശയ്യാല്‍



ജനാധിപത്യ തുര്‍ക്കിക്ക് നേരെ ഭീഷണികള്‍ ഒന്നും തന്നെയില്ലെന്ന കാര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ഗുദാന് സംശയമൊന്നുമില്ല. പക്ഷെ കഴിഞ്ഞാഴ്ച്ച നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കുമെന്ന് അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ തന്നെ ഞങ്ങള്‍ തുടരും, അതില്‍ നിന്നും ഒരിക്കലും ഞങ്ങള്‍ പിന്മാറില്ല,' അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനകത്ത് വെച്ച് നടന്ന അഭിമുഖ സംഭാഷണത്തില്‍ ദ്വിഭാഷിയുടെ സഹായത്തോടെ അല്‍ജസീറയുടെ ജമാല്‍ അല്‍ശയ്യാലിനോട് ഉര്‍ദുഗാന്‍ പറഞ്ഞു.
'എന്നിരുന്നാലും, രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിനും, സ്ഥിരതക്കും വേണ്ട അനിവാര്യകാര്യങ്ങള്‍ എന്തൊക്കെയാണോ അതെല്ലാം നടപ്പിലാക്കും. എല്ലാം അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല.' അട്ടിമറി ശ്രമം പൂര്‍ണ്ണമായും അവസാനിച്ചതിനെ സംബന്ധിച്ച സംശയങ്ങള്‍ ഉര്‍ദുഗാന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് മറുപടിയെന്നോണം രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുടനെയാണ് ഉര്‍ദുഗാന്‍ ഈ പ്രസ്താവന നടത്തിയത്.
'നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഭീകരവാദ ഭീഷണിക്കെതിരെ അനിവാര്യ നടപടികള്‍ കൈക്കൊള്ളുക എന്ന ഒരേയൊരു ഉദ്ദേശം മാത്രമാണ് ഇപ്പോഴത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുള്ളതെന്ന് അടിവരയിട്ട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ടെലിവിഷന്‍ പ്രസ്താവനയില്‍ അദ്ദേഹം സൂചിപ്പിച്ചു. 'സൈന്യത്തിലെ വൈറസുകളെ ഉന്മൂലനം ചെയ്യുമെന്ന്' അദ്ദേഹം പ്രതിജ്ഞ ചെയ്തു.
'തുര്‍ക്കിഷ് സ്റ്റേറ്റിനെതിരെയുള്ള കൊടുംകുറ്റകൃത്യം' എന്നാണ് അട്ടിമറി ശ്രമത്തെ ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. 'നിയമാനുസരണമാണ് ഓരോ ചുവടും വെക്കുന്നതെന്ന്' സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അട്ടിമറിക്ക് കൂട്ടു നിന്നവരില്‍ നിന്നും ഭരണകൂട സ്ഥാപനങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ ഏകദേശം 60000-ത്തില്‍ അധികം ആളുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇതില്‍ മനുഷ്യാവകാശ സംഘടനകളും, തുര്‍ക്കിയുടെ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എല്ലാതരത്തിലുള്ള എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന നടപടിക്ക് നിയമസാധുത നല്‍കാന്‍ അട്ടിമറി ശ്രമത്തെ പ്രസിഡന്റ് ഉപയോഗിക്കുകയാണെന്ന് ചിലര്‍ വാദിക്കുകയുണ്ടായി.
വ്യാപകമായി നടക്കുന്ന അറസ്റ്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ മറുപടിയായി, കഴിഞ്ഞ കുറച്ച് കാലത്തിനിടെ സുരക്ഷാഭീഷണികള്‍ അഭിമുഖീകരിച്ച രാജ്യങ്ങള്‍ അതിനെതിരെ സ്വീകരിച്ച നടപടികള്‍ ഉദാഹരണമായി പറയുകയും, തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് അവരുടേതില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലെന്ന് ചൂണ്ടികാട്ടുകയും ചെയ്തു.
'ഉദാഹരണമായി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, ഫ്രാന്‍സ് ഒട്ടനേകം നടപടികള്‍ സ്വീകരിക്കുകയും, ചില നിലപാടുകള്‍ എടുക്കുകയുമുണ്ടായി.'
'അവരും ആളുകളെ കൂട്ടമായി തടങ്കലില്‍ വെച്ചില്ലെ? അവര്‍ ഒരുപാട് ആളുകളെ അറസ്റ്റ് ചെയ്തില്ലെ? അത്തരം അവസ്ഥകളെ നിഷേധിക്കാന്‍ നമുക്ക് കഴിയില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അവിടെയും അടിയന്തരാവസ്ഥ നിലനിന്നിരുന്നു. തുടക്കത്തില്‍ അത് മൂന്ന് മാസമായിരുന്നു. പിന്നീട് അത് നീട്ടുകയുണ്ടായി.'
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആത്മീയനേതാവ് ഫത്ഹുല്ല ഗുലനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവുമാണ് അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തന്റെ വാദം തുര്‍ക്കിഷ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഗുലനെ തുര്‍ക്കിക്ക് കൈമാറില്ലെന്നാണ് അമേരിക്കയുടെ തീരുമാനമെങ്കില്‍ അതൊരു വലിയ പിഴവ് തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയിലെ പെന്‍സെല്‍വാനിയയില്‍ കഴിയുന്ന ഗുലന്‍ അട്ടിമറി ശ്രമത്തില്‍ തനിക്ക് പങ്കുണ്ടെന്ന വാദം തള്ളിക്കളഞ്ഞു.
പക്ഷെ, അതേസമയം ഗുലന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് അമേരിക്കയും തുര്‍ക്കിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍ അടിവരയിട്ട് പറഞ്ഞു. 'നമ്മള്‍ കുറച്ച് കൂടി സൗമ്യത പാലിക്കേണ്ടതുണ്ട്. താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. അല്ലാതെ വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല.'
അട്ടിമറി ശ്രമത്തില്‍ വിദേശരാജ്യങ്ങള്‍ക്കും പങ്കുള്ളതായി അദ്ദേഹം കരുതുന്നുണ്ട്. പക്ഷെ ഏതെങ്കിലും രാജ്യത്തിന്റെ പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല. വധശിക്ഷ സമ്പ്രദായം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. 'പാര്‍ലമെന്റ് പാസാക്കുകയാണെങ്കില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ ഞാന്‍ അനുവാദം നല്‍കും' അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് വേണ്ടിയുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2004-ലാണ് തുര്‍ക്കി വധശിക്ഷാ സമ്പ്രദായം നിര്‍ത്തലാക്കിയത്.
അംഗത്വ ചര്‍ച്ചകള്‍ അല്ലെങ്കില്‍ തന്നെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, വധശിക്ഷ പുനസ്ഥാപിക്കാനുള്ള നീക്കം യൂറോപ്യന്‍ യൂണിയനും, തുര്‍ക്കിക്കും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ കൂട്ടാന്‍ മാത്രമേ വഴിവെക്കുകയുള്ളു. പക്ഷെ, വധശിക്ഷയുമായി ബന്ധപ്പെട്ട തുര്‍ക്കിയുടെ തീരുമാനം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഉര്‍ദുഗാന്‍ തറപ്പിച്ച് പറഞ്ഞു.
'യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍, ജനങ്ങളുടെ തീരുമാനം അത് അംഗീകരിക്കും. ലോകം എന്ന് പറയുന്നത് യൂറോപ്യന്‍ യൂണിയനല്ല. അമേരിക്ക, റഷ്യ, ചൈന, അതുപോലെ മറ്റനേകം രാജ്യങ്ങളില്‍ വധശിക്ഷാ സമ്പ്രദായം ഇല്ലെ? ഉണ്ട്.'
അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
അട്ടിമറി ശ്രമം എങ്ങനെയാണ് അറിഞ്ഞത്?
എന്റെ ഭാര്യാസഹോദരനാണ് അട്ടിമറി ശ്രമത്തെ കുറിച്ച് ആദ്യമെന്നെ അറിയിച്ചത്. ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.... ദേശീയ രഹസ്യന്വേഷണ ഏജന്‍സിയുടെ തലവനുമായി ഞാന്‍ സംസാരിച്ചു. എന്റെ കൂടെ അപ്പോള്‍ ഊര്‍ജ്ജ മന്ത്രി ഉണ്ടായിരുന്നു. ചില പ്രാഥമിക നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും കുടുംബവും ഒരു ഹെലികോപ്റ്ററില്‍ ദലമാനിലേക്ക് പോയി, അവിടെ നിന്നും വിമാനമാര്‍ഗം ഇസ്താംബൂളില്‍ എത്തുക എന്നതായിരുന്നു ആദ്യ പദ്ധതികളില്‍ ഒന്ന്.
ഇസ്തംബൂളില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച്?
'ഞങ്ങള്‍ ഇസ്തംബൂളില്‍ എത്തിയപ്പോള്‍, തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ ചില നിമിഷങ്ങള്‍ ഞങ്ങളെ കാത്ത് അവിടെയുണ്ടായിരുന്നു... F-16 യുദ്ധവിമാനങ്ങള്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ വളരെ താഴ്ന്ന് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു; അവിടെ ഒത്തുകൂടിയിരുന്ന ജനങ്ങളുടെ ഹൃദയങ്ങളില്‍ ഭയം നിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അധികാര പദവികള്‍ കൈയ്യാളുന്ന കുറച്ച് സഹപ്രവര്‍ത്തകരുമായി ശേഷം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ചും കൂടിയാലോചിച്ചു.'
അട്ടിമറി ശ്രമത്തില്‍ വിദേശ ഇടപെടലിന്റെ സാധ്യത വല്ലതുമുണ്ടോ?
'മറ്റു രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് ; ഗുലനിസ്റ്റ് ഭീകരസംഘടനക്ക് പിന്നിലും ഒരു ബുദ്ധികേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സമയമായാല്‍ ഇതിലുള്ള കണ്ണികളെല്ലാം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. നാം ക്ഷമ അവലംബിക്കേണ്ടതുണ്ട്... പക്ഷെ അതിന് ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. ജുഡീഷ്യറിയും പ്രവര്‍ത്തിക്കുന്നുണ്ട്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണികളെല്ലാം ഒരു ദിവസം വെളിച്ചത്ത് വരുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.'
മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന വിമര്‍ശകരുടെ ആരോപണത്തോടുള്ള പ്രതികരണം?
'ഞാനൊരിക്കലും മാധ്യമങ്ങള്‍ക്ക് എതിരെയല്ല; എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഒരുപാട് മുദ്രകുത്തലുകളും, അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. ആ മാധ്യമ സ്ഥാപനങ്ങളെല്ലാം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്, വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ ഈ സംഭവത്തില്‍, പ്രസിഡന്റിനൊപ്പമാണ് ഞങ്ങളെന്ന് അവര്‍ പോലും പറഞ്ഞു. കാരണം അട്ടിമറിയെ അനുകൂലിച്ചാല്‍ അതോടു കൂടി അവരും നശിക്കുമെന്നും, അതവരുടെ അവസാനമായിരിക്കുമെന്നും അവര്‍ക്കറിയാം.'
വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള നിലപാട് എന്താണ്?
'പാര്‍ലമെന്റ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍, വധശിക്ഷാ സമ്പ്രദായം പുനസ്ഥാപിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ബാധ്യത. ജനങ്ങള്‍ ആ ആവശ്യം ഉയര്‍ത്തി കഴിഞ്ഞു. 'വധശിക്ഷ, വധശിക്ഷ, വധശിക്ഷ' എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് കൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.'

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: അല്‍ജസീറ

2016 ജൂലൈ 16, ശനിയാഴ്‌ച

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഈ നൂറ്റാണ്ടിലെ അത്ഭുത  പ്രതിഭാസം..വിനയം ,ധീരത,ചടുലത ,ആര്‍ജ്ജവം,തന്റേടം ,ദയ ,കരുണ.....അഭിവാദ്യങ്ങള്‍




ഭരണാധികാരികളെ  താഴെയിറക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങാറുണ്ട് .ഇതാ ണ് നടപ്പ് രീതി  .ഇവിടെ തുര്‍ക്കിയില്‍ ഒരു ഭരാണാധികാരിയെ  സംരക്ഷിക്കാന്‍ ജനങ്ങള്‍  തെരുവില്‍  ഇറങ്ങുന്ന അത്ഭുത കാഴ്ച.നമ്മുടെ നാട്ടിലെ  ഭരണാധികാരികള്‍ക്കും  ഇതില്‍  വലിയ പാഠം പഠിക്കാനുണ്ട് .ഒരായിരം  വിപ്ലവ അഭിവാദ്യങ്ങള്‍ തുര്‍ക്കികളേ നിങ്ങള്‍ക്ക്...നിങ്ങള്‍  ലോകത്തിന്‍റെ പ്രതീ ക്ഷയാണ് ...





പാതിരാവിലും ജനാധിപത്യം  സംരക്ഷിക്കാന്‍  പുറത്തിറങ്ങിയ  തുര്‍ക്കികള്‍ ...പട്ടാപകല്‍  ജനാധിപത്യം  കശാപ്പു ചെയ്യുന്നവര്‍ക്ക് കണ്ണ്  തുറക്കുവാന്‍  ഉതകുന്നതാണ് .ഓരോരുത്തര്‍ക്കും അവര്‍ക്ക്  പറ്റിയ  ഭരണാധികാരികളെ ദൈവം  തരും..




തുര്‍ക്കിയില്‍  അര്‍ദ്ധ രാത്രി   സൂര്യന്‍  ഉദിച്ചപ്പോള്‍ 
100000



അട്ടിമറി ശ്രമം  വീഡിയോകള്‍ 


https://www.facebook.com/saidalavi.ep.52/videos/1761268667425072/

തുർക്കി ജിഹാദിനിടെ തോൽവി സമ്മതിച്ച പട്ടാളക്കാരനെ 

കല്ലേറിൽ നിന്നും രക്ഷിക്കുന്ന ജിഹാദി പോരാളി. 

യുദ്ധത്തിലായാലും പരാജയം സമ്മതിച്ച എതിരാളിയെ പോലും 

ഉപദ്രവിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. "ഇനി എറിയല്ലേടാ .. " 

എന്നു നാട്ടുകാരു വിളിച്ചു പറയുന്നതും കേൾക്കാം. 00:30 വിഡിയോ 

നോക്കു.








ജനത്തിന്‍റെ കൂടെ  നിന്നപ്പോള്‍  ജനം കൂടെ നിന്ന്

b

ഈ മുകളിലെ  ചിത്രമാണ് ദേശാഭിമാനി  തപ്പി തപ്പി  പിടിച്ചു ഒന്നാം പേജില്‍  കൊടുത്തത് .നാണമില്ലേ  എന്ന് ചോദിക്കരുത്,കാരണം അത് ഉള്ളവരോടല്ലേ  ചോദിക്കാവൂ.

f

mm



പാതിരാവില്‍ ജനാധിപത്യം  സംരക്ഷിക്കുന്നവര്‍.തുര്‍ക്കിയില്‍ .നമ്മുടെ നാട്ടില്‍ പട്ടാപകല്‍  ജനാധിപത്യം  കുഴിച്ചുമൂടുന്നു  പലപ്പോഴും.

2016 ജൂലൈ 15, വെള്ളിയാഴ്‌ച

അഖ്‌ലാക്ക് കഴിച്ചത് എന്താണെന്നാണ് 'ആധുനിക' ഇന്ത്യക്ക് അറിയേണ്ടത്

ജനകൂട്ടത്തിന് ഇഷ്ടപ്പെടാത്തത് കഴിച്ചത് കാരണം ഒരാള്‍ കൊല്ലപ്പെടുന്നു. മരണപ്പെട്ടയാളുടെ വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വേണ്ടി ലാബിലേക്ക് അയക്കപ്പെട്ടു. അങ്ങനെ അയാളുടെ അത്താഴം ഗൗരവതരമായ ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി മാറി. മരണപ്പെട്ടയാള്‍ എന്ത് മാംസമാണ് കഴിച്ചതെന്ന പരിശോധനയില്‍ രാജ്യത്തിന്റെ സംവിധാനങ്ങളെല്ലാം മുഴുകുന്നു.
ഇപ്പോഴിതാ, മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ ക്രമിനല്‍ കേസില്‍ പ്രതികളാക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലൂടെയാണ് ആ കുടുംബം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ്, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അഖ്‌ലാക്കിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് ക്രൂരമായി അടിച്ച് കൊന്നത്. അഖ്‌ലാക്കിന്റെ കുടുംബം ബീഫ് കഴിച്ചിരുന്നു എന്ന കിംവദന്തിയാണത്രെ ജനകൂട്ടം അയാളെ അടിച്ച് കൊല്ലാന്‍ കാരണമായി ഭവിച്ചത്. ഇപ്പോള്‍, അഖ്‌ലാക്കിന്റെ ഉമ്മയും, വിധവയായ ഭാര്യയും അടക്കമുള്ള കുടുംബത്തിന് മേല്‍ ഗോഹത്യയുടെ പേരില്‍ കുറ്റം ചുമത്തികൊണ്ട് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഒരുകണക്കിന് നോക്കുമ്പോള്‍ കോടതിയെ കുറ്റം പറയാന്‍ കഴിയില്ല. സി.ആര്‍.പി 156(3) വകുപ്പ് പ്രകാരമാണ് കോടതി നടപടി. നിയമം അനുശാസിക്കുന്നത് മാത്രമേ കോടതി ചെയ്യുന്നുള്ളു. ബീഫ് കഴിക്കുന്നത് ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കുറ്റമൊന്നുമല്ല, പക്ഷെ ഗോഹത്യ ക്രിമിനല്‍ കുറ്റമാണ്. അതൊരു ജാമ്യം ലഭിക്കാത്ത, ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
'നാല്പാട് നിന്നും അവര്‍ ഇരച്ച് വന്നു. ചിലര്‍ മതില് ചാടിയും, മറ്റു ചിലര്‍ ഗേറ്റ് തുറന്നും. വന്നവരെല്ലാം കൂടി വീട്ടിനകത്തേക്ക് ഇരച്ച് കയറി. ഞങ്ങള്‍ പശുവിനെ അറുത്തിരിക്കുന്നുവെന്ന് അവര്‍ ആക്രോശിച്ചു.' അഖ്‌ലാക്കിന്റെ ഉമ്മ 75 വയസ്സുകാരി അസ്ഗരി അഖ്‌ലാക്ക് പറഞ്ഞു. 'ആരും കാണാതെ എങ്ങനെ ഞങ്ങള്‍ക്ക് ഒരു പശുവിനെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് ചോദിച്ചു? ഈ ചുറ്റുവട്ടത്തുള്ള ഏക മുസ്‌ലിം കുടുംബമാണ് ഞങ്ങളുടേത്' അവര്‍ പറഞ്ഞു.
അത് ആട്ടിറച്ചിയായിരുന്നുവെന്ന് അഖ്‌ലാക്കിന്റെ കുടുംബം തറപ്പിച്ച് പറഞ്ഞിരുന്നു. അതേസമയം അഖ്‌ലാക്കിന്റെ സഹോദരന്‍ ഒരു പശുകുട്ടിയുടെ കഴുത്തറുക്കുന്നതും, അഖ്‌ലാക്കും, മകനും ചേര്‍ന്ന് അതിനെ അടിക്കുന്നതും തങ്ങള്‍ കണ്ടുവെന്നാണ് മറ്റുള്ളവരുടെ ഭാഷ്യം.
കഴിച്ച അത്താഴത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നതല്ല ഇപ്പോഴത്തെ വിഷയം. അത് ബീഫായിരുന്നോ മട്ടണായിരുന്നോ എന്ന കാര്യത്തില്‍ അഖ്‌ലാക്ക് നുണയാണോ പറഞ്ഞത് എന്നതിലേക്ക് വിഷയം മാറിയിരിക്കുന്നു. 'നിങ്ങള്‍ എന്താണ് അത്താഴത്തിന് കഴിച്ചത്?' എന്ന ചോദ്യത്തിനുള്ള ഉത്തരം ആള്‍ക്കൂട്ടം നടത്തിയ കൊലയെ ന്യായീകരിക്കാനും, വിശദീകരിക്കാനും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുകയാണിപ്പോള്‍. ആരാണ് മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത് എന്നതിനേക്കാള്‍, എന്താണ് മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് എന്നതിനെ കുറിച്ച് ആലോചിക്കാനാണ് നമ്മോട് പറയപ്പെടുന്നത്.
സംഭവം നടന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും, അന്നത്തെ ആ കരിദിനത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയതില്‍ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഗ്രാമവാസികളില്‍ ഒരാള്‍ പോലും മുന്നോട്ട് വന്നിട്ടില്ലെന്നതാണ് ഏറെ ഭീകരം. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍ കഠിനമായ വേദനയോടെ എഴുതുകയുണ്ടായി 'സംഭവിച്ച് പോയതില്‍ പശ്ചാതപിക്കുന്ന ഒരാളെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല, ഇതെന്തു കൊണ്ടാണ്? ഗ്രാമത്തില്‍ നിന്നുള്ള ആയിരകണക്കിന് പേര്‍ ഒരു കൊലയാളി കൂട്ടമായി മാറിയതില്‍ എന്തുകൊണ്ടാണ് ഒരാള്‍ പോലും ഒരു നടുക്കം പോലും രേഖപ്പെടുത്താതിരുന്നത്?'
അഖ്‌ലാക്കിന്റെ കുടുംബത്തിന് എതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് സഞ്ജയ് റാണ രംഗത്ത് വന്നു. അഖ്‌ലാക്കിന്റെ കൊലയാളികളില്‍ ഒരാള്‍ ഇദ്ദേഹത്തിന്റെ മകനാണ്. 'കോടതിയുടേത് ശരിയായ നടപടിയാണ്. ഏകപക്ഷീയമായ നടപടിയാണ് യു.പി സര്‍ക്കാര്‍ കൈകൊണ്ടിരുന്നത്. ഇപ്പോഴത്തെ കോടതി വിധിയിലൂടെ മറുഭാഗത്തിന് കൂടി നീതി ലഭ്യമായിരിക്കുകയാണ്.' സഞ്ജയ് റാണ പറഞ്ഞു.
മറുഭാഗത്തിനും കൂടി നീതി? അഖ്‌ലാക്കിനെ തങ്ങള്‍ അടിച്ച് കൊന്നിട്ടില്ല എന്നല്ല ഈ 'മറുഭാഗം' വാദിക്കുന്നത്, മറിച്ച് അഖ്‌ലാക്ക് കഴിച്ചത് മട്ടനല്ല, ബീഫ് തന്നെയാണ് എന്നാണ് ഇവരുടെ വാദം. ഇതിലൂടെ അയാള്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയാണെന്നും, തങ്ങള്‍ ഗോഹത്യയുടെ ഇരകളാണെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
പരസ്പരവിരുദ്ധമായ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കാര്യങ്ങളെ വീണ്ടും വഷളാക്കി. അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കപ്പെട്ട മാംസം മട്ടണ്‍ ആണ് എന്നായിരുന്നു ആദ്യം വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് മാംസം പശുവിന്റേതോ, അതിന്റെ കുട്ടിയുടേതോ ആണെന്നാണ്. പിന്നീട്, ഫ്രിഡ്ജില്‍ നിന്നല്ല, ക്രൈം സീനില്‍ നിന്നാണ് മാംസം കണ്ടെടുക്കപ്പെട്ടതെന്ന് പറയപ്പെട്ടു.
നിലവില്‍ സംഭവം അസാധ്യമാംവിധം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ അഖ്‌ലാക്ക് കഴിച്ച ബീഫിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നീതിയൊന്നുമല്ല ഇവിടെ വിഷയം, രാഷ്ട്രീയ അധികാരം കൈപിടിയിലൊതുക്കുന്നതിന് വേണ്ടിയുള്ള അജണ്ടകളെയാണ് ഇവ സംരക്ഷിക്കുന്നത്. അഖ്‌ലാക്കിന്റെ 'അവസാനത്തെ അത്താഴം' രാഷ്ട്രീയ വിജയത്തിന് വേണ്ടി ഒരു കൂട്ടര്‍ ഉപയോഗപ്പെടുത്തുന്നത് എത്രമാത്രം അരോചകമാണ്.
എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പ്രകാരം, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത്, ഗ്രാമത്തില്‍ മഹാപഞ്ചായത്ത് ചേരുകയുണ്ടായി. അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കമെന്ന് ഒത്തുകൂടിയര്‍ ആവശ്യപ്പെട്ടു. അഖ്‌ലാക്കിന്റെ മരണത്തില്‍ ഗ്രാമവാസികള്‍ യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് ഇത് ചൂണ്ടികാട്ടുന്നത്. അഖ്‌ലാക്കിന്റെ മരണത്തിന് ഉത്തരവാദി അഖ്‌ലാക്ക് തന്നെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള നിന്ദ്യമായ ഒരു ശ്രമമായിരുന്നു അത്.
ആ ദിവസം മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് ബീഫായിരുന്നോ അതോ മട്ടണായിരുന്നോ?
അഖ്‌ലാക്കിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങള്‍ ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നായിരിക്കണം രൂപപ്പെടേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കുന്നത് അശ്ലീലം തന്നെയാണ്. 2016-ലെ ഇന്ത്യയില്‍ കൊല്ലപ്പെട്ട ഒരു മനുഷ്യന്‍ കഴിച്ച ഭക്ഷണം വരെ കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഒരു ആധുനിക രാഷ്ട്രമാണ് ഇന്ത്യയെന്ന് ഇനിയും നമുക്കെങ്ങനെ പറയാന്‍ സാധിക്കുന്നു?
(HuffPost India-യുടെ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)
വിവ: ഇര്‍ഷാദ് കാളാചാല്‍